Select Your Language

Notifications

webdunia
webdunia
webdunia
webdunia

കലോറി കളയാന്‍ 12 വഴികള്‍

കലോറി കളയാന്‍ 12 വഴികള്‍
നമ്മള്‍ കഴിക്കുന്ന ആഹാരം ശരീരത്തിന് പ്രവര്‍ത്തിക്കാന്‍ വേണ്ട ഊര്‍ജ്ജം നല്‍കുന്നു. ആഹാരം കഴിക്കുന്ന ആള്‍ ഊര്‍ജ്ജം വേണ്ട വിധം പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ അത് ശരീരത്തില്‍ കെട്ടിക്കിടക്കുകയും പല തരം രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.

നമ്മുടെ ശാരീരിക പ്രവര്‍ത്തികളാണ് ഊര്‍ജ്ജത്തെ അല്ലെങ്കില്‍ ഭക്ഷണത്തില്‍ നിന്ന് കിട്ടുന്ന കലോറിയെ വേണ്ടവിധം ഉപയോഗിച്ച് ശരീരത്തെ ‘ഫിറ്റ്’ ആക്കി നിര്‍ത്തുന്നത്.

നിങ്ങള്‍ അറിയാതെ ശരീരത്തിലെ കലോറി കത്തിച്ച് (ഉപയോഗിച്ച്) കളയാന്‍ സഹായിക്കുന്ന 12 എളുപ്പ മാര്‍ഗ്ഗങ്ങള്‍ ചുവടെ കൊടുക്കുന്നു :

1. ലിഫ്റ്റും എലിവേറ്ററും കഴിയുന്നത്ര ഉപയോഗിക്കാതിരിക്കുക. കോണിപ്പടികള്‍ കയറിയിറങ്ങുക.

2. സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ കടയുടെ അല്‍പ്പം അകലെയായി ഇറങ്ങുക. എന്നിട്ട് നടന്നു പോവുക. അതിനടുത്തായി പാര്‍ക്കോ മൈതാനമോ ഉണ്ടെങ്കില്‍ അവിടം ഒന്നു രണ്ട് ചുറ്റ് നടന്ന ശേഷം കടയിലേക്ക് പോകുന്നതും നന്ന്.

3. കസേരയിലോ കിടക്കയിലോ ചടഞ്ഞിരുന്ന് സുഹൃത്തുക്കളോട് ലാത്തി വയ്ക്കുന്നതിനു പകരം വീട്ടിലെ ചില്ലറ ജോലികള്‍ എല്ലാം ചെയ്യുക. പറ്റുമെങ്കില്‍ ചെറിയൊരു നടത്തം ആവാം.

4. ബസിലാണ് യാത്രയെങ്കില്‍ തൂങ്ങിപ്പിടിച്ച് നില്‍ക്കുന്നതും നല്ലതാണ്. വൃദ്ധരോ ഗര്‍ഭിണികളോ രോഗികളോ വരുമ്പോള്‍ എഴുന്നേറ്റ് മാറി സീറ്റ് കൊടുക്കാന്‍ മടിക്കേണ്ട.

5. രാത്രി അധിക ഭക്ഷണം ഒഴിവാക്കി ഒന്നു നടക്കുകയോ നീന്തല്‍ കുളമുണ്ടെങ്കില്‍ ചെറുതായൊന്ന് നീന്തിക്കുളിക്കുകയോ ചെയ്ത് ലഘുവായ ഭക്ഷണം കഴിക്കുക.

6. ജോലി സ്ഥലത്ത് കോഫി ബ്രേക്കുകള്‍ക്ക് പകരം ‘വാക്ക് ബ്രേക്ക്” എടുക്കുക. അതായത്, ജോലി ചെയ്യുമ്പോള്‍ ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുന്നത് നല്ലതാണ്. പക്ഷെ, ഇതോടൊപ്പം പുകവലി വേണ്ട.


7. ഇരുചക്ര വാഹനങ്ങള്‍ ഉണ്ടെങ്കില്‍ അത് പരമാവധി കുറച്ച് ഉപയോഗിക്കാന്‍ ശ്രമിക്കുക. രാവിലെ നടക്കാനുള്ള മൈതാനത്തിലേക്കോ ലഘുവ്യായാമത്തിനുള്ള ജിമ്മിലേക്കോ ബൈക്ക് ഓടിച്ചു പോകാം.

8. വീട്ടില്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ കളിക്കുന്നത് നോക്കി നില്‍ക്കാതെ അവരോടൊപ്പം കളിക്കാന്‍ ശ്രമിക്കുക. വട്ടാണെന്ന് ആര്‍ക്കെങ്കിലും തോന്നാം, പക്ഷെ കുട്ടികള്‍ നിങ്ങളെ അംഗീകരിക്കും.

9. നായയെ വീട്ടില്‍ വെറുതെ കറങ്ങാന്‍ വിടാതെ രാവിലെ നടത്താന്‍ കൊണ്ടുപോവുക.

10. തോട്ടത്തിലെ പുല്‍ത്തകിടി ഇരുന്ന് വെട്ടി മാറ്റുക. ചെറിയ ചെറിയ പൂച്ചെടി നടീലും മറ്റും കൂടെയാവാം.

11. വെറുതെയിരുന്ന് ടി.വി കാണുകയാണെങ്കില്‍ ചെറു ഭാരമുള്ള വല്ലതും കാല്‍ കൊണ്ട് പൊക്കുകയും താഴ്ത്തുകയും ചെയ്യുക. കൈകൊണ്ടുള്ള ലഘു വ്യായാമങ്ങളും ചെയ്യാം.

12. തൂക്കുക, തറ തുടയ്ക്കുക, വസ്ത്രം അടിച്ചു നനയ്ക്കുക. ഇത് ശരീരത്തിലെ പല പേശികള്‍ക്കും വ്യായാമം നല്‍കും.

ഇതെല്ലാം വ്യായാമം ചെയ്യുകയാണെന്ന് നമുക്ക് തോന്നാത്ത വിധം പ്രാവര്‍ത്തികം ആക്കാവുന്ന ചില കാര്യങ്ങളാണ്. പ്രത്യേകിച്ച് ഐ.റ്റി പോലുള്ള രംഗങ്ങളില്‍ ജോലി ചെയ്യുന്ന യുവതീ യുവാക്കള്‍ക്ക്.

Share this Story:

Follow Webdunia malayalam