Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആറന്മുള -- മലയാളിയുടെ ഹൃദയതാളം

ആറന്മുള -- മലയാളിയുടെ ഹൃദയതാളം ഉതൃട്ടാതി ഉത്രട്ടാതി വള്‍ലങ്കളി വള്ളസദ്യ തിരുവോണത്തോണി  കാട്ടൂര്‍ മന
FILEFILE
ഓണക്കാലത്തിന്‍റെ മാത്രം പ്രത്യേകതയായ രണ്ട് ആഘോഷങ്ങളാണ് മധ്യകേരളത്തിലെ തൃശ്ശൂരില്‍ നടക്കുന്ന പുലിക്കളിയും തെക്കന്‍ കേരളത്തിലെ ആറന്മുളയില്‍ നടക്കുന്ന വള്ളംകളിയും.

ചിങ്ങമാസത്തിലെ ഉത്തൃട്ടാതി നാളില്‍ നടക്കുന്ന ആറന്മുള വള്ളംകളിയോടെയാണ് കേരളത്തിലെ ജലോത്സവങ്ങള്‍ക്ക് സമാപനമാകുന്നത്. 2007 ആഗസ്റ്റ് 30നാണ് ആറന്മുള വള്ളംകളി.

മലയാളിയുടെ ഹൃദയതാളത്തിന് വള്ളംകളിപ്പാട്ടിന്‍റെ ഈണമുണ്ട്. വീറും വാശിയും പ്രദര്‍ശിപ്പിക്കാനുള്ള വെറുമൊരു കായികോത്സവമല്ലിത്. സൗന്ദര്യവും കൈ-മെയ് വഴക്കവും ഒത്തു ചേരുന്നൊരു കലയാണിത്. ആയിരങ്ങള്‍ വീര്‍പ്പടക്കി ആസ്വദിക്കുന്ന ഈ വള്ളംകളി മത്സരത്തിനു പിന്നില്‍ ഒരു ഐതിഹ്യവുമുണ്ട്.

ആറന്മുളയ്ക്കടുത്ത് മാങ്ങാട് എന്ന പേരിലൊരു ഇല്ലമുണ്ടായിരുന്നു. അവിടുത്തെ ഒരു ഭട്ടതിരി വലിയ വിഷ്ണു ഭക്തനായിരുന്നു. എല്ലാ തിരുവോണ ദിവസവും ഏതെങ്കിലുമൊരു ബ്രഹ്മചാരിക്ക് കാല്‍കഴുകിച്ചൂട്ട് നടത്തിയശേഷം മാത്രമേ ഭക്ഷണം കഴിക്കൂ എന്നൊരു നിഷ്ഠ അദ്ദേഹത്തിനുണ്ടായിരുന്നു.

ഒരു ഓണത്തിന് ഊണിന് ആരെയും കിട്ടിയില്ല. നമ്പൂതിരി ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ അതിതേജസ്വിയായ ഒരു ബ്രഹ്മചാരി അവിടെയെത്തി. ഭട്ടതിരി സന്തോഷപൂര്‍വം അദ്ദേഹത്തെ സല്‍ക്കരിക്കുകയും ചെയ്തു.

അടുത്ത വര്‍ഷം ഓണക്കാലം വന്നപ്പോള്‍ ഭട്ടതിരിക്കൊരു സ്വപ്നദര്‍ശനമുണ്ടായി. ഊട്ടില്‍ താന്‍ അതീവ തൃപ്തനാണെന്നും ഇനി മുതല്‍ ഊട്ടിനുള്ള അരിയും കോപ്പും താന്‍ വസിക്കുന്ന ആറന്മുള ക്ഷേത്രത്തിലെത്തിക്കണമെന്നും ഈ ബ്രഹ്മചാരി നിര്‍ദ്ദേശിച്ചു.

ആറന്മുള ദേവന്‍ തന്നെയായിരുന്നു ആ ബ്രഹ്മചാരിയെന്ന് മനസ്സിലായ ഭട്ടതിരി അത്യാഹ്ളാദത്തോടെ അരിയും കോപ്പും ഒരു തോണിയിലേറ്റി ക്ഷേത്രത്തിലെത്തിച്ചു.

എല്ലാ വര്‍ഷവും ആ പതിവ് തുടര്‍ന്നു. ഉത്രാടത്തിന്‍ നാള്‍ സന്ധ്യയ്ക്ക് മങ്ങാട്ടില്ലത്ത് നിന്ന് സാധനങ്ങള്‍ തോണിയില്‍ കയറ്റി തിരുവോണപ്രഭാതത്തില്‍ ക്ഷേത്രത്തിലെത്തിക്കുകയായിരുന്നു പണ്ടത്തെ രീതി. പിന്നീടുള്ള എല്ലാ ഓണദിനങ്ങളിലും ഭട്ടതിരിയുടെ വകയായി സദ്യയും വഴിപാടുകളും നടത്തിപോന്നു.

ഒരിക്കല്‍, ആറന്മുളത്തപ്പനുള്ള തിരുവോണ കോപ്പുമായി ഭട്ടതിരിയുടെ വള്ളം അയിരൂര്‍ എന്ന ഗ്രാമത്തിലെത്തിയപ്പോള്‍ അവിടുത്തെ കോവിലന്മാര്‍ എന്ന പ്രമാണികള്‍ ആ വള്ളത്തെ ആക്രമിച്ചു. ഇതറിഞ്ഞ സമീപവാസികള്‍ കൊച്ചു വള്ളങ്ങളില്‍ അവിടെയെത്തി തിരുവോണ വള്ളത്തെ രക്ഷപ്പെടുത്തി. ആറന്മുള ക്ഷേത്രം വരെ അകമ്പടിയായി പോകുകയും ചെയ്തു.

അന്ന് മുതല്‍ തിരുവോണ വള്ളത്തൊടൊപ്പം ഭട്ടതിരിയും പോയിത്തുടങ്ങി. കൂടാതെ നാട്ടുകാര്‍ മറ്റു തോണികളില്‍ ആറന്മുളയ്ക്ക് പോകണമെന്ന് നിശ്ഛയിക്കുകയും ചെയ്തു. എന്നാല്‍ ഈ പരിപാടികള്‍ ഉത്രാടത്തിന്‍ നാള്‍ രാത്രി ആയതുകൊണ്ട് പലര്‍ക്കും അവയില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല.

അതിനാല്‍ ഓണാഘോഷത്തിന്‍റെ സമാപന ദിവസമായ ആറന്മുള ദേവന്‍റെ പ്രതിഷ്ഠാദിനം കൂടിയായ ഉതൃട്ടാതി നാളില്‍, എല്ലാ തോണികളും പങ്കെടുക്കുന്ന ജലോത്സവം ആരംഭിച്ചു. അതാണ് ആറന്മുള വള്ളംകളി.

Share this Story:

Follow Webdunia malayalam