കാമസൂത്ര എന്ന് കേട്ടാല്‍ നെറ്റിചുളിക്കുന്നവരാണ് നമ്മില്‍ പലരും. കാമസൂത്ര ഒരു അശ്ലീല പുസ്തകം മാത്രമാണെന്നുള്ള ധാരണയാണ് അതിന് പിന്നില്‍. എന്നാല്‍ ആ ധാരണ തീരെ ശരിയല്ല എന്നതാണ് വാസ്തവം.
ശൃംഗാരകലയെ ശാസ്ത്രീയമായും സമഗ്രമായും വിശകലനം ചെയ്യുന്ന ഒരു പുസ്തകം "കാമസൂത്ര" എന്ന പേരില്‍ ഉണ്ടെന്നറിഞ്ഞ് പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ബ്രിട്ടീഷുകാരനായ റിച്ചാര്‍ഡ് എഫ്. ബര്‍ട്ടണ്‍ അത്ഭുതത്തോടെ പറഞ്ഞ വരികള്‍ ശ്രദ്ധേയമാണ്;
“ഇത്തരമൊരു ലൈംഗീകതയെ കുറിച്ച് ഞങ്ങള്‍ കേട്ടിട്ടുകൂടിയില്ല. അഥവാ കേട്ടിരുന്നെങ്കില്‍ നിരവധി ബ്രിട്ടീഷ് കന്യകകളുടെ ജീവിതങ്ങളെ ഞങ്ങള്‍ തകര്‍ക്കുമായിരുന്നില്ല.” സാങ്കേതിയമായി, പ്രണയത്തെ അതിന്‍റെ എല്ലാ അര്‍ത്ഥത്തിലും വിശകലനം ചെയ്യുന്ന കാമസൂത്രയോട് കിടപിടിക്കുന്ന മറ്റൊരു പുസ്തകം നിലവിലുണ്ടോ എന്ന് തന്നെ സംശയമാണ്.
കാമസൂത്ര എഴുതിയ കാലഘട്ടത്തെ കുറിച്ച് വ്യക്തമായി രേഖകള്‍ ലഭ്യമല്ലെങ്കിലും, ഒന്നാം നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിനും ഇടയില്‍ എഴുതിയതാണെന്നാണ് പൊതുവേയുള്ള അനുമാനം.
ഉത്തര്‍പ്രദേശിലെ ബനാറസില്‍ (ഇപ്പോഴത്തെ വാരണാസി) ജീവിച്ചിരുന്ന വാത്സ്യായന മഹര്‍ഷിയാണ് ഇതിന്‍റെ കര്‍ത്താവെന്ന് കരുതുന്നു. ശിവനും പാര്‍വതിയും തമ്മില്‍ നടന്ന സംഭാഷണം കേട്ട ശേഷം മനുഷ്യകുലത്തിനുവേണ്ടി ശിവദാസനായ നന്ദി എഴുതിയതാണ് കാമസൂത്ര എന്നൊരു വിശ്വാസവും നിലവിലുണ്ട്. അത് എന്തുതന്നെയായാലും, "വാത്സ്യായന കാമസൂത്ര" എന്നാണ് കാമസൂത്ര പരക്കെ അറിയുന്നത്
ബീഹാറിലെ പാലിപുത്രയില്‍ ജീവിച്ചിരുന്ന ബ്രഹ്മചാരിയും പണ്ഡിതനുമായ മഹര്‍ഷിയായിരുന്നു വാത്സ്യായാനന്‍. ലഭ്യമായ വിവരങ്ങള്‍ ശരിയാണെങ്കില്‍ അദ്ദേഹം ജീവിച്ചിരുന്നത് ഗുപ്തന്മാരുടെ കാലഘട്ടത്തായിരിക്കണം. വാത്സ്യായന മഷര്‍ഷി ഒരു ചാര്‍വാകനായിരുന്നുവെന്നും കാമസൂത്രയെ കൂടാതെ "ന്യായസൂത്രഭാഷ്യം" എന്ന പേരില്‍ മറ്റൊരു ഗ്രന്ഥം രചിച്ചിട്ടുണ്ടെന്നും പറയുന്നു
ഏഴ് പ്രധാന വിഭാഗങ്ങളിലായി 37 അദ്ധ്യായങ്ങളുള്ള കാമസൂത്ര, ശൃംഗാര കലയില്‍ ചര്‍ച്ച ചെയ്യാത്ത വിഷയങ്ങള്‍ ഒന്നും തന്നെയില്ല. സംസ്കൃതത്തിലാണ് കാമസൂത്ര രചിക്കപ്പെട്ടത്. സംസ്കൃതത്തില്‍ ‘കാമം’ എന്നാല്‍ മോഹം, അഭിനിവേശം, താല്‍പ്പര്യം എന്നൊക്കെ അര്‍ത്ഥമാക്കാം. ‘സൂത്ര’ എന്നാല്‍ നിയമങ്ങള്‍ അല്ലെങ്കില്‍ ചിട്ടകള്‍ എന്നും പറയാം.
വാത്സ്യായനന്‍റെ അഭിപ്രായത്തില്‍, എട്ട് വിധത്തില്‍ സ്നേഹം പ്രകടിപ്പിക്കാനാകും. ഓരോ സ്നേഹ പ്രകടനവും എട്ട് സ്ഥാനങ്ങളിലൂടെയും പ്രകടിപ്പിക്കാം. അങ്ങനെ 64 ലൈംഗിക സ്ഥാനങ്ങളെ (Sexual positions) കുറിച്ച് കാമസൂത്ര വിവരിക്കുന്നുണ്ട്. ഈ 64 സ്ഥാനങ്ങളെയും "64 കലകള്‍" എന്നാണ് വാത്സ്യായാന മഹര്‍ഷി വിശേഷിപ്പിച്ചിരുക്കുന്നത്.
40 തരം ചുംബനങ്ങളെ കുറിച്ചും കാമസൂത്ര പ്രതിപാദിക്കുന്നുണ്ട്. ഇതില്‍, 10 ചുംബന രീതികളും ചുംബിക്കുമ്പോള്‍ നടത്തേണ്ട 4 മുറകളെ കുറിച്ചും പറയുന്നുണ്ട്. സന്ധിവാതം, നടുവേദന, ശാരീരിക ബുദ്ധിമുട്ടുകള്‍ എന്നിവയുള്ളവര്‍ ഇതിലെ സ്ഥാനങ്ങള്‍ ചെയ്യാന്‍ ശ്രമിക്കരുതെന്ന് വാത്സ്യാനന്‍ മുന്നറിയിപ്പും നല്‍കുന്നുണ്ട്.
കാമസൂത്രയില്‍ ഉപയോഗിച്ചിരിക്കുന്ന രഹസ്യഭാഷ രീതി ഗവേഷകരെപ്പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതാണ്. അതുപോലെ തന്നെ പ്രണേതാവുമായുള്ള കൂടിക്കാഴ്ച സാധ്യമാക്കുന്നതിനുള്ള സന്ദേശങ്ങള്‍ കൈമാറ്റം ചെയ്യുന്നതിന് സ്ത്രീകള്‍ രഹസ്യഭാഷ ശൈലി പഠിക്കണമെന്നും കാമസൂത്ര അനുശാസിക്കുന്നുണ്ട്.
മയിലിന്‍റെയോ കാട്ടുനായയുടെയോ അസ്ഥി സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ് വലത്തെ കൈയ്യില്‍ കെട്ടിയാല്‍ ഏതൊരു സ്ത്രീയെയും കീഴടക്കാന്‍ പുരുഷന് സാധിക്കുമെന്ന് കാമസൂത്ര വിശ്വസിക്കുന്നു.
ലൈംഗികവിഷയങ്ങള്‍ ഭംഗിയായി കൈകാര്യം ചെയ്യുന്ന കാമസൂത്ര ഏകപത്നീ വ്രതത്തെയാണ് പിന്താങ്ങുക, എങ്കിലും മറ്റൊരുവന്‍റെ ഭാര്യയെ സ്വാധീക്കേണ്ടതെങ്ങനെ എന്നതിനെ കുറിച്ച് ഒരു അധ്യായം തന്നെയുണ്ട്. കാമസൂത്രയെ കുറിച്ച് എഴുതുന്നതു കൊണ്ട് ചുരുക്കം ചില നുറുങ്ങുകള്‍ കുറിച്ചു എന്നു മാത്രം.
അതവിടെ നില്‍ക്കട്ടെ. ഭാരതത്തിന്‍റെ സംസ്ക്കാരത്തില്‍ ലൈംഗികതയ്ക്കുള്ള സ്ഥാനം പഠനവിഷയമാക്കേണ്ട ഒരു വിഷയം തന്നെയാണ്. ഇവിടുത്തെ ക്ഷേത്രസങ്കല്‍പ്പങ്ങളിലും കൊത്തുപണികളിലും ഒക്കെ പ്രതിഫലിച്ചു നില്‍ക്കുന്ന പൊതുവായ സ്വഭാവം ലൈംഗികതയാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ ആര്‍ക്കും പറയാനാവും.
അടിസ്ഥാനപരമായ ഇത്തരം സങ്കല്‍പ്പങ്ങളില്‍ ലൈംഗികത എങ്ങനെ കടന്നുകൂടിയെന്നത് അവിശ്വസനീയമായി പലര്‍ക്കും തോന്നാം. നൂറ്റാണ്ടുകളുടെ ആദ്ധ്യാത്മീയ പാരമ്പര്യമുള്ള ഭാരതത്തില്‍ കാമസൂത്ര പോലൊരു ആധികാരിക ഗ്രന്ഥം എങ്ങനെയുണ്ടായി എന്നത് ആഴത്തില്‍ ചിന്തിക്കേണ്ട സംഗതിയാണ്.
ബ്രഹ്മചാരിയായിരുന്ന വാത്സ്യായന മഹര്‍ഷി കാമസൂത്ര രചിച്ചതിന് പിന്നിലെ പ്രചോദനം എന്തായിരിക്കും? കാമസൂത്രത്തിന് പിന്നിലുള്ള തത്വശാസ്ത്രമെന്താണ്?
കാമസൂത്രയില്‍ 37 അദ്ധ്യായങ്ങളുണ്ടെന്നും ശൃംഗാര കലയെ ഒരു പ്രഫഷണലിസത്തിന്‍റെ ശൈലിയില്‍ തന്നെ വിശകലം ചെയ്തിട്ടുണ്ടെന്നും പറഞ്ഞല്ലോ! എന്നാല്‍ കാമസൂത്രയുടെ 20 ശതമാനം വരുന്ന ഭാഗത്ത് മാത്രമേ ലൈംഗിക സ്ഥാനങ്ങളെ കുറിച്ചും സംഭോഗ രീതികളെ കുറിച്ചും പറയുന്നുള്ളൂ.
ബാക്കിയുള്ള 80 ശതമാനവും ലൈംഗിക ജീവിതത്തില്‍ അത്യന്താപേക്ഷിതമായി അറിഞ്ഞിരിക്കേണ്ടതും അടിയന്തിരമായി ചെയ്യേണ്ടതുമായ വിഷയങ്ങളാണ് കാമസൂത്ര ചര്‍ച്ച ചെയ്യുന്നത്. ഇവിടെ "കാമം" എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ലൈംഗീകത മാത്രമല്ല, പാട്ടുപാടല്‍, വായന, നൃത്തം തുടങ്ങിയ എല്ലാ കലകളെയും ഉദ്ദേശിക്കുന്നുവെന്നത് രസകരമായ ഒരു സംഗതിയാണ്.
എങ്ങനെ നല്ല പൌരനാവാം, സ്ത്രീയും പുരുഷനും തമ്മില്‍ എങ്ങനെ മികച്ച ബന്ധമുണ്ടാക്കാം, ഗൃഹ സജ്ജീകരണം, ലൈംഗീക ജീവിതത്തിലെ ഭക്ഷണക്രമം, ജീവിതത്തിലെ മൂന്ന് പ്രധാന ലക്‍ഷ്യങ്ങള്‍, ജ്ഞാന സമ്പാദനം, ഭാര്യയുടെ ചുമതലകളും അവകാശങ്ങളും, ധനം ഉണ്ടാക്കാനുള്ള വഴികള്‍, സുഹൃത്ബന്ധങ്ങള്‍ തുടങ്ങിയ അനുദിനജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്താനാവാത്ത ഒട്ടനവധി വിഷയങ്ങള്‍ കാമസൂത്ര ചര്‍ച്ച ചെയ്യുന്നു.
അതിനാല്‍ തന്നെ, കാമസൂത്രയെ ഒരു വിലകുറഞ്ഞ അശ്ലീല പുസ്തകമായി കാണുന്നത് നമ്മുടെ സംസ്ക്കാരത്തോട് തന്നെ കാണിക്കുന്ന അവഹേളനമായിരിക്കും. കൊമേഴ്സ്യലായി പുസ്തകം വിറ്റഴിക്കുക എന്ന കച്ചവട തന്ത്രമല്ല കാമസൂത്ര എന്ന ആശയത്തിന് പിന്നില്‍ ഒളിഞ്ഞു കിടക്കുന്നത്, മറിച്ച് ഒരു സംസ്ക്കാരത്തിന്‍റെ മുഴുവല്‍ തത്വശാസ്ത്രമാണ് എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു.
കാമസൂത്രയ്ക്ക് പിന്നിലെ തത്വശാസ്ത്രം
ജീവിതം ഒരു ആത്മീയ തീര്‍ത്ഥയാത്രയാണെന്നാണ് ഹൈന്ദവ വിശ്വാസം. ഈ ആത്മീയ യാത്രയില്‍ ലൈംഗീയതയ്ക്ക് എത്രമാത്രം സ്ഥാനമാണുള്ളത് എന്ന ചോദ്യമാണ് നമുക്ക് ചോദിക്കാനുള്ളത്. ജീവിതത്തെ നാല് പ്രധാന ഘടകങ്ങളായി കാണാന്‍ കഴിയും.
1. ധര്‍മ്മം, 2. അര്‍ത്ഥം, 3. കാമം, 4. മോക്ഷം. ജീവിതത്തിലെ സുപ്രധാന ലക്‍ഷ്യങ്ങളില്‍ ഒന്നാണ് കാമം എന്നത്. ധാര്‍മ്മികമായ ജീവിതത്തെയാണ് ധര്‍മ്മം എന്നതുകൊണ്ട് ഉദ്യേശിക്കുന്നത്. അര്‍ത്ഥയാകട്ടെ ലൌകീക സമൃദ്ധിയെന്നും, മോക്ഷയെന്നത് സാക്ഷാത്കാരമെന്നും പറയാം.
ഓരോ മനുഷ്യനും ഈ നാല് ഘട്ടങ്ങളിലൂടെ കടന്നുപോയേ മതിയാവൂ. നാല് ആശ്രമങ്ങളിലൂടെയാണ് ഇത് സംഭവിക്കുക. അതായത്, ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നീ നാല് ആശ്രമങ്ങളിലൂടെയും കടന്നുപോകുന്ന ഒരു വ്യക്തി ധര്‍മ്മം, അര്‍ത്ഥം, കാമം എന്നീ ഘട്ടങ്ങളിലൂടെ മോക്ഷത്തിലെത്തിച്ചേരുന്നു.
ഇതൊരു പ്രയാണമാണ്, ബാല്യത്തില്‍ നിന്ന് മരണത്തിലേയ്ക്കുള്ള പ്രയാണമെന്നതു പോലെ അപക്വതയില്‍ നിന്ന് പക്വതയിലേയ്ക്ക്, അജ്ഞതയില്‍ നിന്ന് ജ്ഞാനത്തിലേയ്ക്ക്, മറ്റുള്ളവരില്‍ നിന്ന് എന്നിലേയ്ക്ക്, ജനന മരണങ്ങളില്‍ നിന്ന് മുക്തിയിലേയ്ക്കുള്ള യാത്ര!
ഇവിടെ ഓരോരുത്തരും അവര്‍ ആയിരിക്കുന്ന അവസ്ഥയില്‍ അവരുടെ ധര്‍മ്മം ചെയ്തേ മതിയാവൂ. ബ്രഹ്മചര്യത്തില്‍ പഠനം, ഗാര്‍ഹസ്ഥ്യത്തില്‍ കുടുംബ ജീവിതം, വാനപ്രസ്ഥത്തില്‍ തീര്‍ത്ഥാടനം, പിന്നെ സന്യാസത്തില്‍ ആത്മാന്വേഷണം. കുടുംബ ജീവിതത്തില്‍ ചെയ്യേണ്ട ധര്‍മ്മം എന്താണ്? ഒരു ഭാര്യയെന്ന നിലയില്‍, ഒരു ഭര്‍ത്താവെന്ന നിലയില്‍ നാം ഓരോരുത്തരും എന്തൊക്കെ ചെയ്യണം?
കാമസൂത്ര അതു മാത്രമേ നമുക്ക് കാണിച്ച് തരുന്നുള്ളൂ. ധര്‍മ്മം, അര്‍ത്ഥം, കാമം എന്നിവ തമ്മിലുള്ള ഒരു സന്തുലിതാവസ്ഥയാണ് ഹിന്ദുമതം ഉദ്ദേശിക്കുക. സന്തുലിതമായ വഴിയെ കുറിച്ച് (Middle Path) ബുദ്ധനും അനുശാസിക്കുന്നുണ്ട്. ഇവിടെ ധനമോ ധര്‍മ്മമോ കാമമോ അവഗണിക്കപ്പെടുകയോ പരിത്യജിക്കപ്പെടുകയോ ചെയ്യുന്നില്ല.
ഓരോ കാര്യത്തിനും അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുകയും സന്തുലിതവും പ്രായോഗികബുദ്ധിയോടും കൂടി ജീവിതത്തെ ആസ്വദിക്കാന്‍ പഠിപ്പിക്കുകയും ചെയ്യുന്ന ജീവനകഥയെയാണ് വാത്സ്യാനനന്‍റെ കാമസൂത്രയില്‍ നമുക്ക് കാണാനാവുക.
ആദ്യരാത്രിയില്‍ തന്നെ വിവാഹമോചനത്തെ കുറിച്ചു ചിന്തിക്കുന്ന നമ്മുടെ ആധുനിക ദാമ്പത്യങ്ങള്‍ക്ക് നഷ്ടമായതും ഈ ജീവനകലയാണ്. ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ അത്യന്താപേക്ഷിതമാണെന്ന് വിളിച്ച് കൂവാന്‍ തുടങ്ങിയിട്ടും കാമസൂത്രയെ പോലുള്ള ഒരു ആധികാരിക ഗ്രന്ഥം ശ്രദ്ധിക്കാതെ പോകുന്നുവെന്നത് ദൌര്‍ഭാഗ്യകരം തന്നെ.
ഓരോ വ്യക്തിയും അവശ്യം വായിച്ചിരിക്കേണ്ട ഈ ഗ്രന്ഥം ഇന്ന് "മ"പ്രസിദ്ധീകരണങ്ങളുടെ പട്ടികയിലാണെന്നതും ശോചനീയം തന്നെ.
Follow Webdunia malayalam