മഴ കൊതിച്ചും കൊതിപ്പിച്ചും നില്‍ക്കുന്ന ദിനങ്ങളാണിനി. ഇടയ്ക്കിടെ ചുട്ടുപൊള്ളുന്ന വെയില്‍, പിന്നെ സന്ധ്യ കനത്തെന്നു തോന്നും മട്ടില്‍ ഇരുണ്ടുകൂടി നില്‍ക്കുന്ന പകല്‍.
ഒറ്റകുത്തിന് തിരമുറിയാതെ പെയ്തൊഴിയും എന്നു തോന്നിപ്പിക്കുന്ന വീര്‍പ്പുമുട്ടലോടെ മേഘങ്ങള്‍ മാനത്ത്. പിന്നെ സൂര്യന്‍റെ കള്ളച്ചിരികള്‍. അതോടൊപ്പം വീശിയുള്ള കാറ്റും.
ഉത്തരായനം എന്നറിയപ്പെടുന്ന ശിശിരവസന്ത ഗ്രീഷ്മങ്ങള്‍ കഴിഞ്ഞാണ് വര്‍ഷത്തിന്‍റെ വരവ്.
ഉത്തരായനത്തില്‍ ജീവജാലങ്ങള്‍ക്ക് ബലം കുറയും.അപ്പോള്‍ അന്തരഗ്നി കുറഞ്ഞിരിക്കുന്നതിനാല്‍ ദഹനശേഷി കുറയും.
ശരീരത്തിന്‍റെ ആരോഗ്യം, ബലം എന്നിവയ്ക്ക് കാരണമായ അന്തരഗ്നി ശരീരഘടകങ്ങള്‍ ദുഷിപ്പിക്കും. രോഗാണുബാധയേല്‍ക്കാനുള്ള സാധ്യത കൂടും. മലിനജലത്തിലൂടെ പകരുന്ന ഛര്‍ദ്ദി,അതിസാരം, ആന്ത്രികജ്വരം എന്നിവ വന്നു കൂടും. ശരീരത്തിന്‍റെ രോഗപ്രതിരോധാവസ്ഥ ആകെ തകിടം മറിയും.
കര്‍ക്കിടകത്തിലെ കാറ്റു രോഗം പരത്തുമെന്നാണ് പറയുന്നത്. കാറ്റു പൊതുവെ രോഗകാരക മായതിനാല്‍ ഉള്ളത് പരത്താന്‍ കാറ്റു മുന്‍കൈയെടുക്കും. ഛര്‍ദ്ദി, വയറ്റിളക്കം, ജലദോഷം തുടങ്ങി കര്‍ക്കിടകത്തില്‍ രോഗങ്ങളങ്ങനെ വന്നുപോകും.
കര്‍ക്കിടകത്തിനെ വരവേല്‍ക്കാന്‍ നമുക്കുള്ള കേരളീയ രീതികള്‍ നോക്കാം.
നനഞ്ഞുകയറി വരുന്പോള്‍ നീരിറക്കം വരാതിരിക്കാന്‍ രാസ്നാദി പൊടി നെറുകയില്‍ തിരുമ്മുക.
ചോറുണ്ണാന്‍ ഉരുക്കുനെയ്യും, ഉപ്പും പുളിങ്കറിയും കൂട്ടുക.
ഒരു പിടി ചതച്ച ചുക്കു കൊത്തമല്ലി, ജീരകം, കൊടുവേലി, കുരുമുളക് എന്നിവ ചേര്‍ത്ത് മരുന്നു കഞ്ഞിയുണ്ടാക്കുക.
നെയ്യില്‍ ചേര്‍ത്തരച്ച കൊടുവേലി കര്‍ക്കിടകം 16ന് കഴിക്കണം.
കരിവേപ്പിലയും മഞ്ഞളും ചുക്കും അരച്ചു കാച്ചിയ മോരുണ്ടാക്കി കഴിക്കുക.
തീരെ നേര്‍മ്മയായി ദേഹത്താകെ തൈലം പുരട്ടി പുളിയില, കുറന്തോട്ടി, വാതംകൊല്ലി എന്നിവയിട്ട് വെന്ത ചൂടുവെള്ളത്തില്‍ കുളിക്കുക.
സന്ധ്യ കഴിഞ്ഞാല്‍ മുറിയില്‍ സാന്പ്രാണി പുക നിറയ്ക്കുക.
എന്താവാം? എന്തു പാടില്ല
കട്ടിയുള്ള ആഹാരങ്ങള്‍ ദഹിക്കാന്‍ പ്രയാസമായതിനാല്‍ ഞവരയരി, ഗോതന്പ്, മാസരസം എന്നിവ കൊണ്ടുള്ള ലഘു ആഹാരവിശേഷണങ്ങളാണ് നല്ലത്.
തേന്‍, പുളി, ഉപ്പ്, നെയ്യ് എന്നിവ ആഹാരങ്ങളില്‍ പ്രത്യേകമായി ചേര്‍ക്കുക.
തണുത്തവ, എണ്ണയില്‍ വറുത്തവ എന്നിവ ഒഴിവാക്കുക.
മസാല കൂടുതല്‍ ചേര്‍ത്ത ആഹാരസാധനങ്ങള്‍ ഒഴിവാക്കുക.
ശരീരത്തിലും വസ്ത്രത്തിലും ഈര്‍പ്പം കൂടുതല്‍ പറ്റിക്കിടക്കാന്‍ അനുവദിക്കരുത്.
പെരുവഴികളിലും തൊടിയിലും മറ്റും മലിനജലം ചവിട്ടി വന്നാല്‍ പാദങ്ങള്‍ വൃത്തിയാക്കിവേണം വീട്ടില്‍ കയറാന്‍.
ശുചിത്വം പാലിക്കണം
അമിതവ്യായാമം നല്ലതല്ല
പകലുറക്കം പാടില്ല.