പഞ്ഞക്കര്‍ക്കിടകത്തിനു മുന്നേ പൊട്ടി പുറത്ത്
, വെള്ളി, 16 ജൂലൈ 2010 (15:11 IST)
മഴയുടെ ഇരുളില്‍ കവിളും വീര്‍പ്പിച്ച് പഞ്ഞക്കര്‍ക്കിടകം വരുമ്പോള്‍ സര്‍വൈശ്വര്യങ്ങളുടെയും ദേവിയായ ശ്രീഭഗവതിയെ പ്രസാദിപ്പിക്കാന്‍ നടത്തുന്ന ആചാരമാണ് പൊട്ടിയെ പുറത്താക്കല്‍. ‘മിഥുനം കഴിഞ്ഞാല്‍ വ്യസനം തീര്‍ന്നു’ എന്നൊരു പഴമൊഴിയുണ്ട്. വരാനിരിക്കുന്ന ഒരു നല്ല കാലത്തിന്‍റെ തുടക്കം എന്ന നിലയിലാണ് പഞ്ഞമാസം എന്ന കര്‍ക്കിടകത്തെ ആളുകള്‍ കാണുന്നത്.അശ്രീകരമായ ചേട്ടാ ഭഗവതിയെ പുറത്താക്കി ഐശ്വര്യത്തിന്‍റെ ദേവതയായ ശ്രീഭഗവതിയെ വീട്ടില്‍ പ്രതിഷ്ഠിക്കുക എന്ന ചടങ്ങാണ് ‘പൊട്ടി പുറത്ത് ശീവോതി അകത്ത്’. സൂര്യന്‍ മിഥുനം രാശിയില്‍ നിന്ന് കര്‍ക്കിടകത്തിലേക്ക് സംക്രമിക്കുന്ന കര്‍ക്കിടക സംക്രാന്തിയിലാണ് ഈ പഴയ ആചാരത്തിന് വേദിയൊരുങ്ങുന്നത്. ശ്രീഭഗവതിയെ ആനയിക്കുന്നതിനായി കര്‍ക്കിടക സംക്രമ നാളില്‍ (ചിലയിടങ്ങളില്‍ കര്‍ക്കിടകം ഒന്നാം തീയതി) നടക്കുന്ന ചടങ്ങാണ് പൊട്ടി പുറത്ത് ശീവോതി അകത്ത്. മലബാറിലെ ചില സ്ഥലങ്ങളില്‍ കലിയനു കൊടുക്കുക എന്ന ചടങ്ങാണ് കര്‍ക്കിടകത്തിനു തൊട്ടുമുന്‍പ് നടക്കാറുള്ളത്.പൊട്ടി എന്നാല്‍ ചേട്ടാ ഭഗവതി. ശീവോതി എന്നാല്‍ സാക്ഷാല്‍ ശ്രീഭഗവതി. കേരളത്തിലെ ചില ഭാഗങ്ങളില്‍ ഈ ചടങ്ങിനായി പൊട്ടിയായി ഒരാളെ വേഷം കെട്ടിച്ച് നിര്‍ത്താറുണ്ട്. മറ്റിടങ്ങളില്‍ ചേട്ട സാങ്കല്‍പ്പികമാണ്. മിഥുനത്തിലെ അവസാന ദിവസം വീടും പരിസരവും അടിച്ചു വൃത്തിയാക്കി പഴയൊരു കീറ മുറത്തില്‍ കുറ്റിച്ചൂല്, പൊട്ടക്കലം, കരിയുരുള, അരി, ഉപ്പ്, പഴന്തുണി, താളിന്‍ ചെടി ഇവയെല്ലാം വച്ച് കരിന്തിരി കത്തിച്ചുവയ്ക്കും. ഏതെങ്കിലും ഒരു സ്ത്രീയെ പൊട്ടിയാക്കി നിര്‍ത്തി മുറം അവളുടെ കൈയില്‍ കൊടുക്കുന്നു. വീട്ടുകാരി കത്തിച്ച നിലവിളക്കും വെള്ളം നിറച്ച ഓട്ടുകിണ്ടിയും എടുക്കും. രണ്ടു പേരും കൂടി വീട്ടിലെ സകലയിടത്തും ചുറ്റിനടന്ന് തിരിയുഴിഞ്ഞ ശേഷം വടക്കേ വാതില്‍ കൂടി ചേട്ടയെ പുറത്താക്കുന്നു. പൊട്ടിവേഷം കെട്ടിയ ആള്‍ പുറത്തിറങ്ങിയാലുടന്‍ പൊട്ടി പോ.. ശീവോതി വാ.. എന്നു പറഞ്ഞ് വീടിനു ചുറ്റും ഓടിച്ച് വീടിനു പുറത്തേക്കിറക്കി വിടുന്നു. പൊട്ടി കലവും മുറവും പടിക്ക് പുറത്തു വയ്ക്കുന്നു. പൊട്ടി പോയ വഴി ചാണകം മെഴുകി ശുദ്ധമാക്കുന്നു. അങ്ങനെ ചെയ്യുമ്പോള്‍ ദാരിദ്ര്യ ദേവത വീട്ടില്‍ നിന്ന് ഇറങ്ങിപോകുന്നു എന്നാണ് സങ്കല്‍പ്പം. അതിനു ശേഷം വീട്ടിലുള്ളവര്‍ കുളിച്ച് മച്ചകത്തോ പൂജാമുറിയിലോ ശീവോതിയെ കുടിയിരുത്തും. പിറ്റേന്ന് രാവിലെ മുതല്‍ ശീവോതിക്ക് വയ്ക്കല്‍ നടക്കുന്നു. ഒരു പലകയില്‍ ഭസ്മം കൊണ്ട് ശുദ്ധിവരുത്തി അതില്‍ അഷ്ടമംഗല്യവും ദശപുഷ്പവും വാല്‍ക്കണ്ണാടിയും കിണ്ടിയും നിലവിളക്കും രാമായണവും വച്ച് ശ്രീഭഗവതിയെ പൂജിക്കുന്നു. കര്‍ക്കിടകം മുഴുവന്‍ രാവിലെ ഇതേമട്ടില്‍ ശീവോതിക്ക് വയ്ക്കല്‍ നടക്കും. രാമായണം വായന അവസാനിക്കുന്ന ദിവസം ചിലയിടങ്ങളില്‍ രാത്രി പൂജയും നടക്കാറുണ്ട്.
Follow Webdunia malayalam