Select Your Language

Notifications

webdunia
webdunia
webdunia
webdunia

പടയണിക്കോലങ്ങള്‍

പടയണിക്കോലങ്ങള്‍
മധ്യതിരുവിതാംകൂറിലെ നിറപ്പകിട്ടും താളബദ്ധതയുമാര്‍ന്ന അനുഷ്ഠാന കലയാണ്പടയണി. ദുര്‍നിമിത്തങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് പടയണിയില്‍ അവയ്ക്ക് കാരണമാകുന്ന ദുര്‍ദേവതകളുടെ കോലം കെട്ടിയാടുന്നത്.

രോഗകാരിണികളും, അതേസമയം രോഗനിവാരിണികളുമായ ഇവരെ പ്രീതിപ്പെടുത്തുന്നതിലൂടെ കരയ്ക്കും കരവാസികള്‍ക്കും ഐശ്വര്യമുണ്ടാവുമെന്നാണ് വിശ്വാസം.

ഓരോ ദേവതയ്ക്കും ഓരോ വേഷവും രൂപവുമുണ്ട്. ആ രൂപങ്ങള്‍ വരച്ചെടുക്കുമ്പോള്‍ കോലങ്ങളായി. രണ്ടഗ്രങ്ങളും വട്ടത്തില്‍ വെട്ടിയെടുത്ത് മിനുക്കിയ പാളയിലാണ് കോലങ്ങള്‍ വരച്ചെടുക്കുന്നത്. ഏറെ പാളകള്‍ ആവശ്യമായ കോലങ്ങളുണ്ട്.

പച്ചപ്പാളയും കുരുത്തോലയും ഉപ യോഗിച്ചാണു കോലങ്ങള്‍ നിര്‍മിക്കുന്നത്‌. പച്ചപ്പാളയിലെ വെള്‍ലം നിറങ്ങളെ ഉള്ളിലേക്കു വലിച്ചെടു ക്കുന്നതിനാല്‍ നിറങ്ങള്‍ പെട്ടെന്നു മങ്ങില്ല.

ഗണപതി( പിശാച്) , കാലന്‍, മാടന്‍, കാലമാടന്‍, രക്‌തചാമുണ്ഡി, ഗന്ധര്‍വ ന്‍, കുതിര, ദേവത, ഭൈരവി അന്തര യക്ഷി, സുന്ദരയക്ഷി, അരക്കിയക്ഷി, കാലയക്ഷി, മായയക്ഷി, അംബരയക്ഷി, മറുത, പക്ഷി, എന്നിവയാണു പടയണിയിലെ പ്രധാന കോലങ്ങള്‍.

ഭൈരവിക്കോലത്തിന് നൂറ്റൊന്ന് പാളകളാണ് ഉപയോഗിക്കുക. പിശാച്, മറുത തുടങ്ങിയ കോലങ്ങള്‍ മുഖാവരണങ്ങളാണ്. അന്തരയക്ഷി, കാലന്‍ തുടങ്ങിയവ കിരീട മാതൃകയിലാണ്.


പ്രകൃതിദത്തമായ നിറങ്ങളാണ് കോലമെഴുതുന്നതിന് ഉപയോഗിക്കുക. കരി, വെള്ള, പച്ച, മഞ്ഞ, ചുവപ്പ് എന്നീ അഞ്ചു നിറങ്ങളാണ് ഉപയോഗിക്കുന്നത്. മാവില വാട്ടിക്കരിച്ച് അരച്ചെടുക്കുന്നതാണ് കരി. ചിരട്ടക്കരിയും വാഴയില കരിച്ചതും അരച്ചെടുക്കാറുണ്ട്.

ചെത്തിയ പാളയുടെ വെളുത്തഭാഗം തന്നെയാണ് വെള്ള. ചെത്താത്ത പാളയുടെ പച്ച പച്ചനിറം തരുന്നു. ചണ്ണയുടെ കിഴങ്ങ് ഇടിച്ചുപിഴിഞ്ഞെടുത്ത നീരാണ് മഞ്ഞ നിറത്തിന് ഉപയോഗിക്കുന്നത്. ചെങ്കല്ല് ഇടിച്ച്പൊടിച്ച് ചാലിച്ച് ചുവപ്പ് നിറത്തിന് ഉപയോഗിക്കുന്നു.

കോലത്തിന് പുറമേ നെഞ്ചുമാലയും അരമാലയും കോലങ്ങള്‍ക്കുണ്ടായിരിക്കും.
കോലമണിഞ്ഞ് കൊട്ടിപ്പാടുത്തുളളുമ്പോള്‍ ഒരു ഘട്ടത്തില്‍ അതുവരെ അദൃശ്യയായി നിന്ന ദേവത വിളികേട്ടു കളത്തിലെത്തി കോലത്തിന്‍മേല്‍ അധിവസിക്കുന്നു. തുടര്‍ന്ന് ദേവതയാണ് തുള്ളുന്നത്

. അതോടെ ആഹ്ളാദവും ഭക്തിയും നിറഞ്ഞ മനസ്സോടെ ആര്‍പ്പും കുരവയും കതിനാവെടികളുമൊരുക്കുന്ന അന്തരീക്ഷത്തില്‍ ദേവതയുറഞ്ഞു തുള്ളി കളമൊഴിയുന്നതോടെ പിണി (ബാധ) ഒഴിയുമെന്നാണ് വിശ്വാസം.


കാലന്‍കോലം

മാര്‍ക്കണ്ഡേയ ചരിത്രമാണ് കാലന്‍കോലം തുള്ളുന്ന പാട്ടിന്‍റെ ഇതിവൃത്തം. കാലന്‍ കോലത്തിന്‍റെ തളരാത്ത കായബലവും ചടുലതയും മേളത്തിന്‍റെയും ആര്‍പ്പിന്‍റെയും അകമ്പടിയും ഭീതിജനകമായ അന്തരീക്ഷമാണ് സൃഷ്ടിക്കുക.

നെഞ്ചുമാലയും അരമാലയും ധരിച്ച് മുഖമാകെ എണ്ണയില്‍ ചാലിച്ച കരി പൂശി തലയില്‍ കിരീടം പോലെ കോലം ധരിച്ച് വലം കൈയില്‍ വാളും ഇടം കൈയില്‍ പന്തവും പാശവുമായാണ് കാലന്‍ കോലം കളത്തിലെത്തുക.

പടയണിയിലെ തുള്ളല്‍ സമ്പ്രദായങ്ങളെല്ലാം സ്വായത്തമാക്കിയ കലാകാരന്മാരാണ് കാലന്‍ കോലം തുള്ളുക. കലാകാരന്‍റെ അഭ്യാസപാടവവും അനുപമമായ കലാബോധവും സവിശേഷമായ കായശേഷിയും കാലന്‍ കോലത്തില്‍ ഒന്നിക്കുന്നു.

ദ്രുതചലനത്തിന്‍റെ ശക്തിയില്‍ പന്തം അണയാനിടവന്നാല്‍ രണ്ടാം വേഷക്കാരന്‍ കത്തിച്ചുകൊടുക്കും. രണ്ടാം വേഷക്കാരന്‍ കാലം കോലത്തിന്‍റെ അരപ്പട്ടയില്‍ പുറകില്‍ നിന്ന് പിടിച്ചിരിക്കും. പന്തത്തിന് വേണ്ടി കാലന്‍ കോലവും രണ്ടാം വേഷക്കാരനുമായി ബലപ്രയോഗം നടത്തുന്നതും കാണാം.

തുള്ളലിനവസാനം കാലപാശം വിട്ടൊഴിയുന്നു എന്ന സങ്കല്‍പ്പത്തില്‍ ഉറഞ്ഞു വീഴുന്ന വേഷക്കാരനെ കോലമഴിച്ചുമാറ്റി എടുത്തുകൊണ്ടു പോവുന്നു.

മാടന്‍കോലം

നിഴല്‍ നോക്കി അടിച്ചു കൊല്ലുന്ന ദുര്‍ദേവതയാണ് മാടനെന്നാണ് സങ്കല്‍പ്പം. ഒറ്റപ്പാളയില്‍ തീര്‍ത്ത മുഖാവരണവും നെഞ്ചുമാലയുമാണ് മാടന്‍ കോലത്തിന്‍റെ വേഷം. തൊപ്പി മാടന്‍, വടിമാടന്‍, ചുടലമാടന്‍, കാലമാടന്‍ എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന മാടന്‍ കോലങ്ങളുണ്ട്.

തൊപ്പിമാടന് തൊപ്പിയുണ്ടായിരിക്കും. വടി മാടന് വടിയും. ഇടതുകൈ കിളത്തി മുന്നോട്ടും വലതു കൈ പിന്നോക്കമാക്കി മുന്നോക്കം വച്ചും ഇടയിലൂടെ പിടലിയോട് ചേര്‍ത്ത് വച്ചിരിക്കുന്ന വടി ബലപ്പെടുത്തി ആകാശത്തേക്ക് നോക്കിക്കൊണ്ടാണ് മാടന്‍ കോലം തുള്ളുന്നത്.



ഗണപതിക്കോലം
പടയണിയില്‍ ആദ്യം കളത്തിലെത്തുന്നതു ഗണപതിക്കോലമാണ്‌. പേര്‍ ഗണപതിക്കോലമെന്നാണു എങ്കിലും ഇത് പിശാചുകോലമാണ്‌ . ആദ്യത്തെ ഇനമായതുകൊണ്ടാണു പിശാചുകോലത്തെ ഗണപതിക്കോലമെന്നു പറയുന്നത്‌.സമ്പല്‍സമൃദ്ധിക്കും സമാധാനത്തിനുമായാണു പിശാചുകോലം തുള്ളുന്നത്‌.

ദേവിക്കു നന്മയുണ്ടാവാന്‍ മനുഷ്യന്‍ ആരാധന നടത്തുന്ന സങ്കല്‍പ്പമാണു ഗണപതിക്കോലമായി എത്തുന്ന പിശാചുകോലത്തിന്‍റെ പിന്നില്‍.

മറുതാക്കോലം

രോഗപീഡകളില്‍ നിന്നുള്ള മോചനമാണു മറുതാക്കോലം തുള്ളു ന്നതിലൂടെ ലക്ഷ്യമാക്കുന്നത്‌. പനി, ഉഷ്‌ണം, വിയര്‍പ്പ്‌, ചൂട്‌ എന്നി വയും പിത്തവും മറുതാക്കോലം തുള്ളിച്ചു ഒഴിവാക്കാമെന്നാണു ഭക്തരുടെ വിശ്വാസം.

കാലമാടന്‍

രോഗപീഡ ബാധിച്ച്‌ അനാഥമായ ആത്മാക്കള്‍ ഭൂമിയില്‍ അലയാനിട വരുത്താതെ നിഴല്‍ നോക്കിയടിച്ചു കൊല്ലാന്‍ ,ശിവന്‍റെ നിര്‍ദേശപ്രകാരം ഭൂമിയിലെത്തുന്ന ദേവകിങ്കരനാണു കാലമാടന്‍. പ്രേതബാധയില്‍ നിന്നുള്ള മോചനത്തിനായി കാലമാടന്‍ കോലം തുള്ളുന്നു. അഞ്ചേകാല്‍ കോല്‍ ഉയരത്തില്‍ ചട്ടമുണ്ടാക്കി കരിമ്പടം കൊണ്ടു പൊതിഞ്ഞ്‌ അതിനുള്ളില്‍ നിന്നുകൊണ്ടാണു കാലമാടന്‍ തുള്ളുന്നത്‌.



ഭൈരവി
അമ്മയുടെ, പ്രകൃതിയുടെ പ്രതിരൂപമാണു ഭൈരവി. കൃഷിനാശ
ങ്ങള്‍ തടഞ്ഞ്‌ സര്‍വൈശ്വര്യ ലബ്ധിക്കായി ഭൈരവിക്കോലങ്ങള്‍ തുള്ളി അനുഗ്രഹിക്കുന്നു. ‌. ഭൈരവിക്കോലത്തിനു ചുരുങ്ങിയത്‌ അഞ്ചു മുഖങ്ങള്‍ ഉണ്ടായിരിക്കും. നിണഭൈരവി, കാഞ്ഞിരമാല, മംഗളക്കോലം എന്നിവയും ഭൈരവി ക്കോലത്തിന്‍റെ മാതൃകയില്‍ തന്നെയാണ്‌ വര്യ്ക്കുക‌. നെറുകയില്‍ പന്തം കുത്തിയാണു ഭൈരവി കളത്തില്‍ എത്തുന്നത്‌.16, 32, 64, 81, 101 എന്നീ ക്രമത്തിലാണു ഭൈരവിക്കോലത്തിനു പാള ഉപയോഗിക്കുന്നത്


കാലന്‍

മരണഭയത്തില്‍ നിന്നുള്ള മോചനമാണു കാലന്‍കോലത്തെ അനു ഷ്‌ഠാന കോലങ്ങളുടെ മുന്‍നിരയില്‍ എത്തിച്ചത്‌. കാലന്‍കോലം തുള്ളലിനു സാക്ഷിയാകുന്നതു തന്നെ മരണഭയത്തില്‍ നിന്നുള്ള മോചനത്തിനു കാരണമാകുമെന്നാണു വിശ്വാസം. 15 പാള കൊണ്ടാണു കാലന്‍ കോലം എഴുതുന്നത്‌. വലതു കയ്യില്‍ വാളും ഇടതു കയ്യില്‍ പന്തവും പാശവും പിടിച്ചാണു കാലന്‍ കോലം അരങ്ങി ലെത്തുന്നത്‌.

യക്ഷി

സ്‌ത്രീരോഗങ്ങളില്‍ നിന്നുള്ള മുക്‌തിയും ശത്രു സംഹാരവുമാണു യക്ഷിക്കോലങ്ങള്‍ തുള്ളിക്കുന്നതിനു പിന്നില്‍. കിരീടാകൃതിയിലുള്ള കോല നിര്‍മിതിയാണു യക്ഷിയുടേത്‌. കണ്ണും കുറിയും വളഞ്ഞ പല്ലും കുരുത്തോല നഖങ്ങളും ഉണ്ടാകും.

മായയക്ഷിക്കു മുന്‍ഭാഗത്തേക്കു നീണ്ടു നില്‍ക്കുന്ന കൊമ്പുകള്‍ ഉണ്ടാകും. 21 പാളകള്‍ ഉപയോഗിച്ചെഴുതുന്ന വലിയ കോലമാണു കാലയക്ഷിയുടേത്‌.


പക്ഷി
പടയണിയുടെ സവിശെഷമായ കോലമാണ് പക്ഷി.ഏഴു പാളയിലാണു പക്ഷിക്കോലം എഴുതുന്നത്‌. നീണ്ടുവളഞ്ഞ ചുണ്ടുകളും ചിറകുകളും ഉണ്ടാകും.

അസുഖങ്ങളില്‍ നിന്നും അകാലമരണങ്ങളില്‍ നിന്നുമുള്ള കുട്ടികളുടെ മോചനത്തിനായി പക്ഷിക്കോലങ്ങള്‍ തുള്ളുന്നു.

ഗന്ധര്‍വന്‍

അഞ്ചു പാളയിലെഴുതുന്ന കോലമാണിത്‌. താലിപ്പാളയും അരഞ്ഞാണവും കാണും. വില്ലും ശരവും കൈകളില്‍ ധരിച്ചിരിക്കും.



Share this Story:

Follow Webdunia malayalam