Janmashtami 2025: ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജന്മദിനം, ധര്‍മസ്ഥാപനത്തെ ഓര്‍മപ്പെടുത്തുന്ന പുണ്യദിനം
സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും ഭക്തിയുടെയും ശക്തി ഭഗവാന്‍ ലോകത്തിന് മുന്നില്‍ സ്ഥാപിച്ച ദിനം കൂടിയാണ് ഇത്.
ഹിന്ദു കലണ്ടര്‍ പ്രകാരം ശ്രാവണമാസത്തിലെ കൃഷ്ണപക്ഷ അഷ്ടമി ദിനത്തിലാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി ഭക്തര്‍ ആഘോഷിക്കുന്നത്. ഈ വര്‍ഷം ആഗസ്റ്റ് 16 ശനിയാഴ്ചയാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി.വിഷ്ണുവിന്റെ എട്ടാം അവതാരമായ ശ്രീകൃഷ്ണന്റെ ഭൂമിയിലെ അവതാര ദിനമാണ് ഇത്. സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും ഭക്തിയുടെയും ശക്തി ഭഗവാന്‍ ലോകത്തിന് മുന്നില്‍ സ്ഥാപിച്ച ദിനം കൂടിയാണ് ഇത്.
ഭാഗവതപുരാണ പ്രകാരം മാതാപിതാക്കളായ വസുദേവരെയും ദേവകിയേയും സ്വന്തം അമ്മാവനായ കംസന്‍ തടവിലാക്കിയപ്പോള്‍ ജയിലിനുള്ളില്‍ അര്‍ധരാത്രിയിലാണ് ശ്രീകൃഷ്ണന്‍ ജന്മമെടുത്തത്. കംസന്റെ ക്രൂരതയില്‍ നിന്നും കുഞ്ഞിനെ രക്ഷിക്കാനായി വസുദേവന്‍ രാത്രിയില്‍ യമുനാനദി കടന്ന് ഗോകുലത്തിലെത്തി യശോദയുടെയും നന്ദഗോപരുടെയും വീട്ടില്‍ ശ്രീകൃഷ്ണനെ എത്തിക്കുകയായിരുന്നു. ഗോകുലത്തില്‍ വളര്‍ന്ന കൃഷ്ണന്‍ പിന്നീടാണ് കംസനെ കൊന്ന് തന്റെ അവതാരോദ്ദേശം പൂര്‍ത്തിയാക്കിയത്. പിന്നീട് മഹാഭാരത യുദ്ധത്തില്‍ അര്‍ജുനന് ഗീതോപദേശം നല്‍കി ഭഗവാന്‍ തന്റെ മഹത്വം ഭക്തര്‍മാരിലെത്തിച്ചു.
ശ്രീകൃഷ്ണ ജന്മാഷ്ടമി ദിനത്തില്‍ വ്രതങ്ങളും ഉപവാസങ്ങളുമായി ഭക്തര്‍ അന്നേ ദിനം ആചരിക്കുന്നു. വീടുകളിലും ക്ഷേത്രങ്ങളിലും ബാലനായ കൃഷ്ണന്റെ വിഗ്രഹങ്ങള്‍ സ്ഥാപിച്ച് പൂക്കളും വസ്ത്രങ്ങളും ആഭരണങ്ങളും കൊണ്ട് അലങ്കരിക്കുന്നു. ഭജനകളും കൃഷ്ണന്റെ ബാലലീലകളും ഭക്തിഗാനങ്ങളിലൂടെ അവതരിപ്പിക്കുകയും ഗീതാപാരായണം നടത്തുകയും ചെയ്യുന്നു. മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ വിപുലമായ ആഘോഷപരിപാടികളാണ് ജന്മാഷ്ടമി ദിനത്തില്‍ നടത്താറുള്ളത്.