പ്രാചീന കാലത്ത്, ദേവലോകത്തുണ്ടായ ഒരു സംഭവമാണ് ഹനുമാന്റെ ജനത്തിന് തുടക്കം. സ്വര്‍ഗത്തിലെ മനോഹരിയായ അപ്സരയായ അഞ്ജന യാദൃശ്ചികമായി ഒരു സന്യാസിയാല്‍ ശപിക്കപ്പെട്ടു. ഈ ശാപത്തിന്റെ ഫലമായി അവള്‍ ഭൂമിയില്‍ മനുഷ്യരൂപത്തില്‍ ജനിച്ചു.ഭൂമിയില്‍ ദേവകളെ പ്രീതിപ്പെടുത്താന്‍ തപസ്സ് ചെയ്ത അഞ്ജനയ്ക്ക് ഒരു ആഗ്രഹം മാത്രമാണുണ്ടായിരുന്നത്. ദൈവീക ഗുണങ്ങളുള്ള ഒരു പുത്രനുണ്ടാകണം. അഞ്ജനയുടെ തപസില്‍ വായുദേവനാണ് കനിഞ്ഞത്. വൈകാതെ തന്നെ വായു ദേവനില്‍ അഞ്ജനയ്ക്ക് ഒരു കുഞ്ഞ് പിറന്നു. അര്‍ദ്ധവാനരശിശുവായി ജനിച്ച ആ കുഞ്ഞാണ് ഹനുമാനായി മാറിയത്.
ജന്മത്തില്‍ തന്നെ ദൈവീകതയുടെ അടയാളം അവനുണ്ടായിരുന്നു. അനായാസമായി പാറകള്‍ കയറാനും ആകാശത്തേക്ക് ചാടാനുമെല്ലാം കഴിഞ്ഞിരുന്ന ഹനുമാന്‍ ചെറുപ്പത്തില്‍ വളരെ കൗതുകമുള്ള പയ്യനും വികൃതിയുമായിരുന്നു. അങ്ങ്എ ഒരിക്കല്‍ കിഴക്ക് ആകാശത്ത് കത്തിനിന്നിരുന്ന സൂര്യനെ ഒരു നാള്‍ ഹനുമാന്‍ നോട്ടമിട്ടു. അത് ദൂരെ നില്‍ക്കുന്ന ഒരു വലിയ പഴമാണെന്നാണ് കുഞ്ഞായ ഹനുമാന്‍ കരുതിയത്. എന്തായിരിക്കും ആ പഴത്തിന്റെ സ്വാദ്. അത് അറിയാനായി ആ വാനരശിശു ആകാശത്തോളം ഉയരത്തിലേക്ക് എടുത്തുചാടി. ആ ചാട്ടത്തില്‍ പൊള്ളുന്ന ചൂടിനെ അവഗണിച്ച് ഹനുമാന്‍ സൂര്യനടുത്തെത്തി. ദേവകളെല്ലാവരും തന്നെ ഈ രംഗം കണ്ട് പേടിച്ചുപോയി. ഹനുമാന്‍ സൂര്യനെ തിന്നാന്‍ പോവുകയാണോ. ഒടുവില്‍ ദേവേന്ദ്രന്‍ ഹനുമാന് നേരെ തന്റെ വജ്രായുദ്ധം പ്രയോഗിച്ചു. അത് ഹനുമാന്റെ താടിയില്‍ തട്ടുകയും ഹനുമാന്‍ ഭൂമിയിലേക്ക് വീഴുകയും ചെയ്തു. എന്നാല്‍ ഈ വീഴ്ചയില്‍ വായുദേവന് കോപം വന്നു. തന്റെ മകനെ ദേവേന്ദ്രന്‍ അപമാനിച്ചത് അദ്ദേഹത്തിനെ വേദനിപ്പിച്ചു. വായുദേവന്‍ കാറ്റ് നിര്‍ത്തി. ഇതോടെ ലോകത്തിന് ശ്വസിക്കാന്‍ കഴിയാത്ത അവസ്ഥ വന്നു. ഈ സമയത്ത് ദേവതകളെല്ലാം ഒന്നിച്ച് ചേര്‍ന്ന് ഹനുമാനെ ഉയര്‍ത്തുകയും ഹനുമാന് മുകളില്‍ വലിയ അനുഗ്രഹങ്ങള്‍ നല്‍കുകയും ചെയ്തുകൊണ്ട് പ്രശ്‌നം അവസാനിപ്പിച്ചു. ചെറുപ്പത്തില്‍ തന്നെ ദേവതകളുടെ പ്രിയപുത്രനായി ഹനുമാന്‍ മാറി.