ഹോളി വന്നണഞ്ഞു, ശ്രീകൃഷ്ണ ഭഗവാന്‍റെ ലീലാവിലാസങ്ങള്‍ അരങ്ങേറിയ വൃന്ദാവനം താളമേളങ്ങളുടെയും നൃത്തങ്ങളുടെയും ലഹരിയില്‍ ആറാടുകയാണ്. ഈ കൃഷ്ണഭൂമിയില്‍ ബ്രജ് കി ഹോളി എന്ന പ്രസിദ്ധമായ ആഘോഷമാണ് അരങ്ങേറുന്നത്.
ഗോവര്‍ദ്ധന്‍, വൃന്ദാവന്‍, മഥുര, ബര്‍സാന, നന്ദഗാവ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഒരാഴ്ച മുമ്പ് തന്നെ ആഘോഷ തിമിര്‍പ്പ് തുടങ്ങിക്കഴിഞ്ഞു. നാടോടി നൃത്തങ്ങളും സംഘനൃത്തങ്ങളും പാട്ടും മേളങ്ങളുമായി സ്വദേശികളും വിനോദസഞ്ചാരികളും മതിമറക്കുകയാണ്.
ലാത്‌മാര്‍ ഹോളി എന്ന പരമ്പരാഗത ആഘോഷം കാണാനായി പ്രാന്തപ്രദേശമായ ബര്‍സാനയിലേക്ക് ആളുകള്‍ എത്തിക്കഴിഞ്ഞു. രാധയുടെ കുട്ടിക്കാലം ബര്‍സാനയിലായിരുന്നു എന്നാണു വിശ്വാസം.
ഈ ഉത്സവത്തിന് ശ്രീരാധേ ശ്രീകൃഷ്ണാ എന്ന് ഭ്രാന്തമായി വിളിച്ചുപറയുന്ന സ്ത്രീ ജനങ്ങള്‍ വടിയെടുത്ത് പുരുഷന്‍മാരെ അടിക്കുന്നു. അപ്പോള്‍ അവിടെ പൂക്കളുടെയും സുഗന്ധ ദ്രവ്യങ്ങളുടെയും വാസനയാണ് ഉണ്ടാവുക.
ഇവിടത്തെ ശ്രീജി ക്ഷേത്രത്തില്‍ ആരാധനയും നടത്തും. വാസ്തവത്തില്‍ സമത്വഭാവനയുടെ സങ്കല്‍പ്പമാണിത്. സ്നേഹവും നര്‍മ്മവും സമഭാവനയും എല്ലാം ഒന്നിച്ചു ചേരുന്നു. ഇവിടെ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള മഥുരയില്‍ ബലഭദ്രന്‍റെ ദൌജിയുടെ ക്ഷേത്രമാണുള്ളത്.
ഇവിടത്തെ ഹോളി ആഘോഷത്തിന് ഹുരംഗ് അല്ലെങ്കില്‍ ഹുര്‍ദംഗ് എന്നാണ് പേര്. വാസ്തവത്തില്‍ ഇത് സംഗീത നൃത്ത ഉത്സവമാണ്. ആയിരക്കണക്കിന് ആളുകളാണ് ഇതില്‍ പങ്കെടുക്കുക. ഇതിനിടയില്‍ ആളുകള്‍ അല്‍പ്പം വീര്യം പകരുന്ന ‘തണ്ടായ്’ എന്ന പാനീയവും സേവിക്കും. ഭാംഗ് ചേര്‍ക്കുന്നതു കൊണ്ടാണ് ഇതിനു ലഹരിയുണ്ടാവുന്നത്.
Follow Webdunia malayalam