ജയിംസ് ബോണ്ട് സിനിമയുടെ അമ്പതാം വാര്‍ഷികത്തിന്‍റെ ഭാഗമായി ഒക്ടോബര്‍ അഞ്ച് വെള്ളിയാഴ്ച ലോക ജയിംസ് ബോണ്ട് ദിനമായി ആഘോഷിക്കുന്നു. ഇയാന്‍ ഫ്ലെമിംഗിന്‍റെ പുസ്തകങ്ങള്‍ ആല്‍ബര്‍ട്ട് ആര്‍ ബ്രൊക്കോളിയും ഹാരി സാള്‍ട്സ്മാനും സ്ക്രീനിലേക്ക് പകര്‍ത്തിയത് 1962ലായിരുന്നു. അതിന് ശേഷം 007 പരമ്പരയില്‍ 23 സിനിമകള്‍ പിറവിയെടുത്തു. ജയിംസ്ബോണ്ട് സീരീസിലെ ഏറ്റവും പുതിയ ചിത്രമായ ‘സ്കൈഫോള്‍’ ഇന്ത്യയില്‍ നവംബര്‍ ഒന്നിന് റിലീസാകും. യു കെയില്‍ ഒക്ടോബര്‍ 26നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്, അമേരിക്കയില്‍ നവംബര്‍ ഒമ്പതിനും. ഇന്ത്യയില്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകള്‍ റിലീസാകുന്നുണ്ട്. ഐമാക്സ് ഫോര്‍മാറ്റിലും ചിത്രം റിലീസ് ചെയ്യും.ലോക ജയിംസ് ബോണ്ട് ദിനത്തിന്‍റെ ഭാഗമായി അമേരിക്കയില്‍ ന്യൂയോര്‍ക്കിലെ മോഡേണ്‍ ആര്‍ട്ട് മ്യൂസിയത്തില്‍ ഒരു ഫിലിം റെട്രോസ്പെക്ടീവ് സംഘടിപ്പിച്ചിട്ടുണ്ട്. ഒപ്പം ബോണ്ട് നൈറ്റ് സംഗീതവും ഉണ്ടായിരിക്കും. മറ്റ് രാജ്യങ്ങളിലും പ്രത്യേക പരിപാടികള്‍ അരങ്ങേറും. യു കെയില്‍ ജയിംസ് ബോണ്ട് സിനിമകളുമായി ബന്ധപ്പെട്ട സാധനങ്ങളുടെ ലേലമാണ് നടക്കുക. ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും. ആഘോഷവുമായി ബന്ധപ്പെട്ട് ‘എവരിതിങ് ഓര്‍ നത്തിങ്: ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് 007’ എന്ന ഫീച്ചര്‍ ഡോക്യുമെന്‍ററി ഇന്ത്യ, ഓസ്ട്രേലിയ, ബെല്‍ജിയം, ഫ്രാന്‍സ്, ഹോളണ്ട്, ജപ്പാന്‍, മെക്സിക്കോ, റഷ്യ എന്നീ രാജ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കും.
ഇതുകൂടാതെ, തെരഞ്ഞെടുക്കപ്പെട്ട ഇടങ്ങളില്‍ സ്കൈഫോളിന്‍റെ പ്രീ-സെയില്‍ ടിക്കറ്റുകള്‍ വെള്ളിയാഴ്ച മുതല്‍ ലഭ്യമാക്കുന്നുണ്ട്. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ക്ക് അടുത്തുള്ള സിനിമാ തിയേറ്ററുകളെ സമീപിക്കാം. ബുക്ക് മൈ ഷോ ഡോട്ട് കോം എന്ന വെബ്‌സൈറ്റിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. ലോകമെമ്പാടുമുള്ള റേഡിയോ സ്റ്റേഷനുകള്‍ ബോണ്ട് തീം സോംഗുകള്‍ പ്രക്ഷേപണം ചെയ്യാനും ടി വി ചാനലുകള്‍ അരമണിക്കൂര്‍ സ്പെഷ്യല്‍ പ്രോഗ്രാമുകള്‍ സംപ്രേക്ഷണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
ബോണ്ട് സീരീസിലെ ഏറ്റവും പുതിയ ചിത്രമായ സ്കൈഫോളില്‍ ഡാനിയല്‍ ക്രെയ്ഗ് വീണ്ടും ജയിംസ് ബോണ്ടാകുന്നു. സാം മെന്‍ഡസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ നീല്‍ പര്‍വിസും റോബര്‍ട്ട് വെയ്ഡും ജോണ്‍ ലോഗനും ചേര്‍ന്ന് രചിച്ചിരിക്കുന്നു.