2012 മെയ് 6 ടെലിവിഷന്‍ റിപ്പോര്‍ട്ടറായ ലെയ്റ്റീഷ്യ ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുകയാണ്. അതേസമയം അവരുടെ മുന്‍ ഭര്‍ത്താവ് വിന്‍സന്റ് മക്കളെ കാണണമെന്ന വാശിയില്‍ അപ്പാര്‍ട്ട്മെന്റിലെത്തുന്നു. അപ്പോഴും ഫ്രങ്കോയിസ് ഹോളോണ്ടയുടെ തിരക്കേറിയ ഓഫീസില്‍ നിന്നും ലെയ്റ്റീഷ്യ ലൈവ് സംപ്രേക്ഷണം ആരംഭിച്ചു കഴിഞ്ഞിരുന്നു. ഇതിനിടയില്‍ വിന്‍സെന്റ് തന്റെ അപ്പാര്‍ട്ടുമെന്റിലേക്ക് ഇടിച്ചുകയറിയതായി അവര്‍ മനസിലാക്കുന്നു.
അന്ന് പാരീസില്‍ ഭ്രാന്തമായ ഒരു ഞായറാഴ്ച ആയിരുന്നു. രോഷാകുലരായ രണ്ട് പെണ്‍കുട്ടികള്‍, ഒരു തളര്‍ന്ന കൂട്ടിരിപ്പുകാരന്‍, സഹായമാവശ്യമുള്ള ഒരു കാമുകന്‍, മുന്‍ കോപിയായ ഒരു അഭിഭാഷകന്‍. സര്‍വോപരി രണ്ടായി പിളര്‍ന്ന ഫ്രാന്‍സും!. പ്രതീക്ഷാനിര്‍ഭരമായ ആദ്യ ചിത്രത്തില്‍ അസംതൃപ്തിയുടെ ഹാസ്യാത്മകതയെ ഒരു ഡോക്യുമെന്ററി ചിത്രത്തിന്റെ ഊര്‍ജ്ജത്തോടെ സംവിധായിക ജസ്റ്റിന ട്രിയറ്റ് അവതരിപ്പിച്ചിരിക്കുന്നു.
പാരിസ് നഗരത്തില്‍ നടക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സൂക്ഷ്മ സാമൂഹിക പ്രശ്നങ്ങളെ ഫ്രാന്‍സിന്റെ സ്ഥൂല രാഷ്ട്രീയ ശരീരവുമായി തുന്നിപ്പിടിപ്പിക്കുകയാണ് സംവിധായിക. തെരഞ്ഞെടുപ്പിന്റെ അതേ രാത്രിയില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി ആസ്ഥാനത്ത് നിന്നും ദൃശ്യങ്ങള്‍ ലൈവായി ഷൂട്ട് ചെയ്ത് സംവിധായിക വ്യക്തിപരവും സാമൂഹികവുമായ സംഭവങ്ങളെ ഇഴചേര്‍ത്തിരിക്കുന്നു. അതുവഴി, ഒരു വിവാഹനാടകത്തിന്റെ സാധാരണ പ്രമേയത്തെ, വിഭജിതമായ സ്വപ്നങ്ങള്‍ നഷ്ടമായ ഒരു തലമുറയുടെ ബിംബമായി വളര്‍ത്തിയെടുക്കുന്നു.
രചന, സംവിധാനം: ജസ്റ്റിന ട്രിയറ്റ്
ഭാഷ: ഫ്രഞ്ച്