Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ബോണ്‍ ഐഡന്‍റിറ്റി’യുമായി വിക്രം!

‘ബോണ്‍ ഐഡന്‍റിറ്റി’യുമായി വിക്രം!
, തിങ്കള്‍, 22 ഓഗസ്റ്റ് 2011 (17:49 IST)
PRO
ഹോളിവുഡ് സിനിമകളില്‍ നിന്ന് തെന്നിന്ത്യന്‍ സിനിമകള്‍ പ്രചോദനം ഉള്‍ക്കൊള്ളുന്നത്(പ്രചോദനമോ കോപ്പിയടിയോ?) തുടരുകയാണ്. തമിഴില്‍ ഒന്നാം നമ്പര്‍ സ്ഥാനത്തേക്ക് കുതിക്കുന്ന സംവിധായകന്‍ എ എല്‍ വിജയ് ആണ് ഹോളിവുഡ് സിനിമകള്‍ തമിഴകത്തേക്ക് പറിച്ചുനട്ട് തൃപ്തിയടയുന്നത്. ‘ഐ ആം സാം’ എന്ന ഹോളിവുഡ് ചിത്രത്തെ ‘ദൈവത്തിരുമകള്‍’ എന്ന രൂപത്തിലേക്ക് മാറ്റിത്തീര്‍ത്ത് തന്‍റെ കഴിവ് തെളിയിച്ച വിജയ് വീണ്ടും വിക്രമിനെ കൂട്ടുപിടിച്ച് ഒരു ഇംഗ്ലീഷ് ചിത്രത്തെ തമിഴ് പറയിപ്പിക്കാനുള്ള ശ്രമത്തിലാണ്.

2002ലെ അമേരിക്കന്‍ സ്പൈ ത്രില്ലറായ ‘ബോണ്‍ ഐഡന്‍റിറ്റി’യാണ് വിജയ് - വിക്രം ടീം ഇനി തമിഴില്‍ പരീക്ഷിക്കാനൊരുങ്ങുന്നത്. ഈ പ്രൊജക്ടിന്‍റെ തിരക്കഥാരചന അവസാന ഘട്ടത്തിലാണ്. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ രണ്ട് നായികമാരാണ്. എമി ജാക്സണും അനുഷ്ക ഷെട്ടിയും.

ദൈവത്തിരുമകള്‍ നിര്‍മ്മിച്ച യു ടി വി മോഷന്‍ പിക്ചേഴ്സ് തന്നെയാണ് ഈ സിനിമയും നിര്‍മ്മിക്കുന്നത്. ദൈവത്തിരുമകള്‍ മെഗാഹിറ്റായതിന്‍റെ ആഘോഷവേളയിലാണ് സംവിധായകന്‍ വിജയ് ഈ പ്രൊജക്ടിന്‍റെ കഥ പറയുന്നത്. കഥ ഇഷ്ടപ്പെട്ട വിക്രം ഈ സിനിമയ്ക്കായി ‘തത്കാല്‍ ഡേറ്റ്’ നല്‍കുകയായിരുന്നു.

മാറ്റ് ഡാമണ്‍ നായകനായ ബോണ്‍ ഐഡന്‍റിറ്റി ഹോളിവുഡിലെ വമ്പന്‍ ഹിറ്റുകളില്‍ ഒന്നാണ്. ബോണ്‍ സുപ്രീമസി, ബോണ്‍ അള്‍ട്ടിമേറ്റം എന്നിങ്ങനെ ഈ സിനിമകളുടെ തുടര്‍ച്ചകള്‍ ഇറങ്ങിയപ്പോഴും വിജയം കൂടെ നിന്നു. ചിത്രത്തിന്‍റെ നാലാം ഭാഗമായ ‘ബോണ്‍ ലെഗസി’യുടെ പണിപ്പുരയിലാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍. ഈ സിനിമ തമിഴിലേക്കെത്തുമ്പോള്‍ വന്‍ വിജയം സൃഷ്ടിക്കാന്‍ വിജയ് - വിക്രം ടീമിന് കഴിയുമോ എന്ന് കാത്തിരിക്കാം.

നീരവ് ഷാ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് ജി വി പ്രകാശ് സംഗീതം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Share this Story:

Follow Webdunia malayalam