ജെബി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജയചന്ദ്രന്‍ നിര്‍മ്മിച്ചു ശ്രീവല്ലഭന്‍ സംവിധാനം ചെയ്ത 'പച്ച' എന്ന ചിത്രം ന്യൂയോര്‍ക്കു ഫിലിം ഫെസ്റ്റിവല്‍ IO യില്‍ മികച്ച പരിസ്ഥിതി ചിത്രമായി തെരഞ്ഞെടുത്തു. കൂടാതെ 'പച്ച' ഫെസ്റ്റിവലിലെ ഗ്രാന്‍ഡ് പ്രൈസ് അവാര്‍ഡും കരസ്ഥമാക്കി. പരിസ്ഥിതി പ്രമേയമാക്കി ചെയ്ത 'പച്ച' ഇതിനോടകം തന്നെ 15-ഓളം അന്താരാഷ്ട്ര ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുകയും ഫ്രാന്‍സ്, ഇറ്റലി, ബോസ്റ്റണ്‍(ഡട) തുടങ്ങിയ രാജ്യങ്ങളില്‍ മികച്ച ചിത്രത്തിനുളള അന്താരാഷ്ട്ര പുരസ്‌കാരം കരസ്ഥമാക്കുകയും ചെയ്തു.
പാലക്കാട് രാമശ്ശേരി എന്ന ഗ്രാമത്തിലെ പത്തു വയസ്സുളള അപ്പുവിന്റെ ജീവിതനേര്‍ക്കാഴ്ചയാണ് പച്ചയുടെ ഇതിവൃത്തം. മനുഷ്യരെക്കാളും മരങ്ങളെയും പ്രകൃതിയെയും സ്‌നേഹിക്കുന്ന അപ്പു മരങ്ങളെ മുത്തശ്ശനായും മുത്തശ്ശിയായും സങ്കല്പിച്ച് അവരോടു തന്റെ സുഖങ്ങളും ദുഖങ്ങളും പങ്കു വെക്കുന്നു. മനുഷ്യന്റെ ഇടപെടല്‍ മൂലം പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങള്‍ കാരണം വരും കാലങ്ങളില്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ജലക്ഷാമമാണ് ഈ ചിത്രത്തിലൂടെ വരച്ചു കാട്ടുന്നത്. നെടുമുടി വേണു, കെ.പി.എ.സി.ലളിത, മേനക, ജി സുരേഷ്‌കുമാര്‍ (നിര്‍മാതാവ്) തുടങ്ങിയവര്‍ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാസ്റ്റര്‍ മിഥുന്‍ ആണ് അപ്പുവിന്റെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.