Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡോക്ടര്‍ സ്ട്രേഞ്ച് ലവ് - സ്റ്റാന്‍ലി കുബ്രിക്കിന്‍റെ 'വാര്‍ കോമഡി'

ഡോക്ടര്‍ സ്ട്രേഞ്ച് ലവ് - സ്റ്റാന്‍ലി കുബ്രിക്കിന്‍റെ 'വാര്‍ കോമഡി'

മാര്‍ട്ടിന്‍ സ്റ്റീഫന്‍

, വെള്ളി, 20 ഫെബ്രുവരി 2015 (18:01 IST)
ഇന്ന് മാജിക് റീല്‍സിലൂടെ പരിചയപ്പെടുത്തുന്ന ചിത്രം ‘ഡോക്ടര്‍ സ്ട്രേഞ്ച് ലവ് ഓര്‍ ഹൌ ഐ ലേണ്‍‌ഡ് ടു സ്റ്റോപ് വറിയിംഗ് ആന്‍ഡ് ലവ് ബോംബ്’  (Dr. Strangelove or: How I Learned to Stop Worrying and Love the Bomb(1964) - എന്ന ചിത്രമാണ്. പീറ്റര്‍ ജോര്‍ജിന്റെ, ‘റെഡ് അലര്‍ട്ട്’ എന്ന പുസ്തകത്തെ ആസ്പദമാക്കി എടുത്ത ഈ ചിത്രം, ശീതയുദ്ധ കാലത്ത് ആണവായുധങ്ങള്‍ നിര്‍മ്മിക്കാനുള്ള അമേരിക്കയുടേയും സോവിയറ്റ് യൂണിയന്റെയും പരക്കം പാച്ചിലിനെ പരിഹസിക്കുന്ന ബ്ലാക്ക് കോമഡിയാണ്. സ്റ്റാന്‍ലി കുബ്രിക് ആണ് ചിത്രത്തിന്റെ സംവിധായകന്‍.
 


ചിത്രത്തെപ്പറ്റി പറയുമ്പോള്‍ അതിന്റെ ചരിത്രപരമായ പശ്ചാത്തലത്തെയും മനസ്സിലാക്കുന്നത് നല്ലതായിരിക്കും. ക്യൂബന്‍ മിസൈല്‍ ക്രൈസിസും വിയറ്റ്നാം യുദ്ധവുമൊക്കെ ലോകം കണ്ട അറുപതുകളിലാണ് ചിത്രം പുറത്തുവരുന്നത്. ജനറല്‍ റിപ്പര്‍ എന്ന ഭ്രാന്തനായ എയര്‍ഫോഴ്സ് ബേസ് കമാന്‍ഡര്‍ അദ്ദേഹത്തിന്റെ കീഴിലുള്ള സ്ക്വാഡ്രണോട് (യുദ്ധവിമാനങ്ങളുടെ വ്യൂഹം) സോവിയറ്റ് യൂണിയനിലെ തന്ത്രപ്രധാന സ്ഥാനങ്ങളില്‍ ആണവബോംബ് വര്‍ഷിക്കാന്‍ ഉത്തരവ് നല്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. ഈ മിഷന്‍ ഉപേക്ഷിക്കാനുള്ള കോഡുകള്‍ ജനറല്‍ റിപ്പറിന് മാത്രമേ നല്‍കാന്‍ സാധിക്കുകയുള്ളു. റിപ്പറാകട്ടെ എയര്‍ബേസും മറ്റുള്ള കേന്ദ്രങ്ങളുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുകയും എയര്‍ബേസില്‍ കയറാന്‍ ശ്രമിക്കുന്നവരെയെല്ലാം വെടിവെക്കാന്‍ സൈനികരോട് കല്പിക്കുകയും ചെയ്യുകയാണ്.

പ്രശ്നം പരിഹരിക്കാനായി പെന്റഗണിലെ വാര്‍റൂമില്‍ അമേരിക്കന്‍ പ്രസിഡന്റും സൈനിക മേധാവികളും ഒത്തുകൂടുന്നു. യോഗത്തിനിടയില്‍, സോവിയറ്റ് യൂണിയന്റെ തലവനെ അമേരിക്കന്‍ പ്രസിഡന്റ് ഫോണില്‍ വിളിക്കുന്നു. തന്നെ വിളിച്ച അമേരിക്കന്‍ പ്രസിഡന്റിനോട് ലോകം മുഴുവന്‍ നശിപ്പിക്കാന്‍ പോന്ന ‘ഡൂംസ് ഡേ ഡിവൈസ്’ എന്ന സോവിയറ്റ് തങ്ങളുടെ ആയുധത്തെപ്പറ്റി സോവിയറ്റ് യൂണിയന്‍ തലവന്‍ പറയുന്നു. ഈ ആയുധം ആണവാക്രമണം ഉണ്ടായാല്‍ സ്വയം പൊട്ടിത്തെറിക്കുകയും ലോകത്തെ എല്ലാ ജീവജാലങ്ങളെയും നശിപ്പിക്കുകയും ചെയ്യും.

ഇതിനിടെ, ആര്‍മി ബേസില്‍ ജനറല്‍ റിപ്പറിനെ കണ്ടത്താനായി സൈന്യം എത്തുന്നു. എന്നാല്‍ സൈന്യം എത്തുമ്പോള്‍ റിപ്പര്‍ സ്വയം വെടിവെച്ചു മരിക്കുകയാണ്. യുദ്ധം ഉപേക്ഷിക്കുന്നതിനായി നല്‍കുന്ന കോഡ് അവിടെ കിടന്ന കടലാസില്‍ നിന്ന് ഒരു ഉദ്യോഗസ്ഥന്‍ കണ്ടെത്തുന്നു. ഇത് യുദ്ധവിമാനങ്ങള്‍ക്ക് നല്‍കുകയും ഒരു വിമാനം ഒഴികെ എല്ലാ വിമാനങ്ങളും മിഷന്‍ അവസാനിപ്പിച്ച് തിരിച്ചെത്തുകയും ചെയ്യുന്നു.
 


webdunia
എന്നാ‍ല്‍, റേഡിയോ റിസീവര്‍ നഷ്‌ടമായ ഒരു യുദ്ധവിമാനം റഷ്യയില്‍ ആക്രമണം നടത്തുന്നു. ആക്രമണം നടന്നത് അറിഞ്ഞതിനെ തുടര്‍ന്ന്, വാര്‍ റൂമില്‍, മുന്‍ നാസി ശാസ്ത്രജ്ഞനായ സ്ട്രേഞ്ച് ലവ്, അമേരിക്കയിലെ ആളുകളെ രക്ഷിക്കുന്നതിനുള്ള ഒരു പദ്ധതിയെപ്പറ്റി അമേരിക്കന്‍ പ്രസിഡന്റിനോട് പറയുന്നു. കുറച്ച് അമേരിക്കക്കാരെ നൂറ് വര്‍ഷത്തേക്ക് ഒരു മൈന്‍ ഷാഫ്റ്റി(കൃത്രിമമായി തുരങ്കം നിര്‍മ്മിച്ച് മനുഷ്യരെ അവിടെ താമസിപ്പിക്കുക)ലേക്ക് മാറ്റണമെന്നതാണ് സ്ട്രേഞ്ച് ലവിന്റെ പദ്ധതി. ആണവ ബോംബുകള്‍ പൊട്ടുന്ന ദൃശ്യങ്ങളോടെയാണ് സിനിമ അവസാനിക്കുന്നത്.

നിരവധി നര്‍മ്മ മുഹൂര്‍ത്തങ്ങളാണ് ചിത്രം സമ്മാനിക്കുന്നത്. ജനറല്‍ റിപ്പര്‍ ആക്രമണത്തിന് ന്യായീകരണമായി പറയുന്നത്, സോവിയറ്റുകാര്‍ തങ്ങളുടെ സ്രവങ്ങളെ നശിപ്പിക്കുന്നു എന്നാണ്. റഷ്യന്‍ പ്രസിഡന്റ് ദിമിത്രിയെ ആണവ ആക്രമണത്തെപ്പറ്റി വിശദീകരിക്കാന്‍ വിളിക്കുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് പറയുന്നത് ദിമിത്രി നമുക്ക് ഒരു ചെറിയ പ്രശ്നമുണ്ട് എന്നാണ്. സൈന്യവുമായി ബന്ധപ്പെട്ട് കാണിക്കുന്ന രണ്ടവസരങ്ങളില്‍ സമാധാനമാണ് ഞങ്ങളുടെ ജോലി( Peace is our profession) എന്ന മുദ്രാ‍വാക്യം കടന്നു വരുന്നതും ശ്രദ്ധേയമാണ്.

ജോണ്‍ എഫ് കെന്നഡി വധിക്കപ്പെട്ട 1963 നവംബര്‍ 22നാണ് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം തീരുമാനിച്ചിരുന്നത്. എന്നാല്‍  കെന്നഡി വധിക്കപ്പെട്ടതിനെത്തുടര്‍ന്ന് 1964 ജനുവരി വരെ ചിത്രത്തിന്റെ പ്രദര്‍ശനം മറ്റുകയായിരുന്നു.

ചിത്രത്തില്‍ പീറ്റര്‍ സെല്ലേര്‍സ്  ആണ് ചിത്രത്തിലെ  മൂന്ന് പ്രധാന കഥാപാത്രങ്ങള്‍ ചെയ്തിരിക്കുന്നത്.  ക്യാപ്റ്റന്‍ മാഡ്രേക്ക്, പ്രസിഡന്റ് മെര്‍ക്കിന്‍ മഫ്ലി, ഡോക്ടര്‍ സ്ട്രേഞ്ജ് ലവ് എന്നീ കഥാപാത്രങ്ങളില്‍ കിടിലന്‍ പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. ചിത്രത്തില്‍ സെല്ലേഴ്സ് നാല് റോളുകളെങ്കിലും ചെയ്യണമെന്ന് കൊളം‌ബിയ പിക്ചേഴ്സ് കമ്പനി ശഠിച്ചിരുന്നു.  കുബ്രിക് ചെയ്ത ലോലിതയുടെ വിജയത്തിന് കാരണം ചിത്രത്തിലെ സെല്ലേഴ്സിന്റെ മികച്ച പ്രകടനമാണെന്നുള്ള  ധാരണയില്‍ നിന്നായിരുന്നു ഇത്തരമൊരു പിടിവാശി കൊളം‌ബിയ പുലര്‍ത്തിയിരുന്നത്.

ജനറല്‍ ടര്‍ഡിഡ്സണ്‍ എന്ന കഥാപാത്രത്തിന്റെ സെക്രട്ടറിയായി എത്തുന്ന വനിത മാത്രമാണ് ചിത്രത്തിലെ ഒരെയൊരു സ്ത്രീ കഥാപാത്രം. ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് ബോക്സ് ഓഫീസില്‍ നിന്നും ലഭിച്ചത്. അമേരിക്കന്‍ സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തും കാമറാമാനും എഡിറ്ററുമാണ് സ്റ്റാന്‍ലി കുബ്രിക്. എക്കാലത്തെയും മികച്ച ഹോളിവുഡ് ചിത്രങ്ങളായി കണക്കാക്കപ്പെടുന്ന ‘2001: എ സ്പേസ് ഒഡീസി’, ‘ദി ഷൈനിംഗ്’, ‘എ ക്ലോക്ക്‌വര്‍ക്ക് ഓറഞ്ച്’, ‘ലോലിത’ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് കുബ്രിക്.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

Share this Story:

Follow Webdunia malayalam