Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചാപ്പാ കുരിശും വരുന്നത് ഹോളിവുഡില്‍ നിന്ന്?

ചാപ്പാ കുരിശും വരുന്നത് ഹോളിവുഡില്‍ നിന്ന്?
, ചൊവ്വ, 12 ജൂലൈ 2011 (16:48 IST)
PRO
സമീപകാലത്ത് മലയാളി പ്രേക്ഷകര്‍ക്ക് പുതുമ സമ്മാനിച്ച പല ചിത്രങ്ങളും ഹോളിവുഡ് സിനിമകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നിര്‍മ്മിച്ചവയായിരുന്നു. ‘റേസ്’, ‘കോക്‍ടെയില്‍’, ‘അന്‍‌വര്‍’ തുടങ്ങിയ സിനിമകള്‍ക്ക് ഹോളിവുഡ് ഒറിജിനലുകളുമായുണ്ടായിരുന്ന സാദൃശ്യം അമ്പരപ്പിക്കുന്നതായിരുന്നു.

മറ്റു ചില സിനിമകളാകട്ടെ ഹോളിവുഡ് സിനിമകളിലെ വിഷ്വലുകള്‍ പോലും അതേ രീതിയില്‍ കോപ്പിയടിച്ച് മിടുക്ക് കാട്ടി. ഇപ്പോഴിതാ, ‘ചാപ്പാ കുരിശ്’ എന്ന ഉടന്‍ റിലീസിനൊരുങ്ങുന്ന മലയാള ചിത്രവും ഒരു ഹോളിവുഡ് ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന് റിപ്പോര്‍ട്ടുകള്‍.

വിനീത് ശ്രീനിവാസന്‍, ഫഹദ് ഫാസില്‍, റോമ, രമ്യ നമ്പീശന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചാപ്പാ കുരിശ് സമീര്‍ താഹിര്‍ ആണ് സംവിധാനം ചെയ്യുന്നത്. ‘ട്രാഫിക്’ നിര്‍മ്മിച്ച ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്നു. ഫഹദ് ഫാസിലും രമ്യാ നമ്പീശനും ചേര്‍ന്നുള്ള ഒരു ‘ലിപ് ലോക്ക്’ ചുംബനരംഗം ചിത്രത്തെ റിലീസിന് മുമ്പേ വിവാദത്തിലാഴ്ത്തിയിരിക്കുകയാണ്.
webdunia
PRO


അലെജാന്‍ഡ്രോ ഗോണ്‍സാല്‍‌വസ് ഇനാറിതു സംവിധാനം ചെയ്ത ‘21 ഗ്രാംസ്’ എന്ന അമേരിക്കന്‍ സിനിമയുമായി ചാപ്പാ കുരിശിന്‍റെ പ്രമേയത്തിന് സാമ്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, ചാപ്പാ കുരിശിന്‍റെ ട്രെയിലറുകളിലെ രംഗങ്ങളും 21 ഗ്രാംസുമായി ഏറെ സാദൃശ്യമുള്ളവയാണ്. 2003ല്‍ റിലീസായ 21 ഗ്രാംസ് ഒട്ടേറെ അവാര്‍ഡുകള്‍ സ്വന്തമാക്കുകയും ബോക്സോഫീസില്‍ വന്‍ വിജയം നേടുകയും ചെയ്ത ചിത്രമാണ്. സീന്‍ പെന്‍, നവോമി വാട്സ് തുടങ്ങിയവരായിരുന്നു പ്രധാന താരങ്ങള്‍.

ബിഗ്ബി, ഡാഡി കൂള്‍ തുടങ്ങിയ സ്റ്റൈലിഷ് സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന സമീര്‍ താഹിര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാപ്പാ കുരിശ്. “എല്ലാ ഉയര്‍ച്ചകള്‍ക്കും ഒരു താഴ്ചയുണ്ട്. പ്രകാശത്തിന് പിന്നാലെ ഒരു നിഴലുണ്ട്. നമ്മുടെ ജീവിതം ഈ രണ്ട് എന്‍ഡുകള്‍ക്കിടയിലാണ്. നമ്മള്‍ ഇതില്‍ എവിടെ നില്‍ക്കുന്നു എന്ന് കണ്ടെത്താനുള്ള ശ്രമമാണ് ജീവിതം. എന്നാല്‍ ഈ ഇരുളും പ്രകാശവും, ഈ ഉയര്‍ച്ചയും താഴ്ചയും നേര്‍ക്കുനേര്‍ കണ്ടുമുട്ടിയാലോ? അതാണ് ചാപ്പാ കുരിശ് പറയുന്നത്” - സമീര്‍ താഹിര്‍ വെളിപ്പെടുത്തുന്നു.

ഈ മാസം 15ന് കേരളത്തിലെ 60 തിയേറ്ററുകളില്‍ ചാപ്പാ കുരിശ് പ്രദര്‍ശനത്തിനെത്തും. ഹോളിവുഡില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെങ്കിലും മലയാളികള്‍ക്ക് പുതുമ സമ്മാനിച്ചാല്‍ ചാപ്പാ കുരിശ് വിജയചിത്രമയി മാറും എന്നതില്‍ സംശയമില്ല.

Share this Story:

Follow Webdunia malayalam