ഒരു നീണ്ട യാത്രയ്ക്ക് പോയ അനുഭവമാണ് ഷോണ്‍ പെന്‍ സംവിധാനം ചെയ്ത ‘ഇന്‍ ടു ദി വൈല്‍ഡ്’എന്ന സിനിമ സമ്മാനിക്കുന്നത്. ക്രിസ്റ്റഫര്‍ മെക്കന്‍ഡില്‍സ് എന്ന സാഹസികന്‍ നോര്‍ത്ത് അമേരിക്കയില്‍ നടത്തിയ യാത്രകളെയും അലാസ്കയിലെ കാട്ടില്‍ ഒറ്റയ്ക്ക് ചിലവഴിച്ച കാലത്തെപ്പറ്റിയും ജോണ്‍ ക്രൌക്കര്‍ 1996ല്‍ ‘ഇന്‍ ടു ദ വൈല്‍ഡ്’ എന്ന പേരില്‍ എഴുതിയ പുസ്തകത്തിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് സിനിമ.
2007ലാണ് ചിത്രം റിലീസ് ചെയ്തത്. പ്രശസ്ത അഭിനേതാവും സംവിധായകനുമായ ഷോണ്‍ പെന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എമില്‍ ഹിര്‍ഷാണ് ചിത്രത്തില്‍ ക്രിസ്റ്റഫര്‍ മെക്കന്‍ഡില്‍സിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
സിനിമയില്‍ എമോറി യൂണിവേഴ്സിറ്റിയില്‍ നിന്ന് മികച്ച വിദ്യാര്‍ത്ഥിയായി ബിരുദം നേടി പുറത്തിറങ്ങുന്ന ക്രിസ്റ്റഫര്‍ തനിക്കുള്ള സമ്പാദ്യമായ 24000 ഡോളര്‍ ദാനം ചെയ്ത ശേഷം അലാസ്ക്കയിലേക്ക് പോകുന്നു. തുടര്‍ന്ന് അലാസ്കയിലെ കാട്ടില്‍ ഒറ്റയ്ക്ക് ജീവിക്കുന്നു. അലാസ്ക്കയിലേക്കുള്ള യാത്രാമധ്യേ തന്റെ ജീവിതത്തെ സ്വാധീനിക്കുന്ന നിരവധി ആളുകളെ ക്രിസ്റ്റഫര്‍ കണ്ടുമുട്ടുന്നു. അവസാനം അലാസ്കയില്‍ വച്ച് ക്രിസ്റ്റഫര്‍ മരണമടയുന്നു.
ചിത്രം 2007ല്‍ റോം ഫിലിം ഫെസ്റ്റിവലില്‍ പ്രഥമപ്രദര്‍ശനം നടത്തിയിരുന്നു. ചിത്രത്തിന് രണ്ട് ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷനുകളും രണ്ട് അക്കാഡമി അവാര്‍ഡ് നോമിനേഷനുകളും ലഭിച്ചിരുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ മെക് കാന്‍ഡില്‍സ് മരിച്ച അതേ സ്ഥലത്തിനടുത്തുള്ള ഒരു സ്ഥലത്താണ് ചിത്രത്തിലെ രംഗങ്ങളും ചിത്രീകരിച്ചത്.