Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷ്വാസ്നഗര്‍ ഭാര്യയെ ‘ടെര്‍മിനേറ്റ്’ ചെയ്യും!

ഷ്വാസ്നഗര്‍ ഭാര്യയെ ‘ടെര്‍മിനേറ്റ്’ ചെയ്യും!
ലണ്ടന്‍ , ബുധന്‍, 11 മെയ് 2011 (16:37 IST)
PRO
PRO
ടെര്‍മിനേറ്റര്‍ സിനിമകളിലൂടെ ലോകമൊട്ടുക്ക് ആരാധകരുള്ള ‘മസില്‍മാന്‍’ അര്‍നോള്‍ഡ് ഷ്വാസ്നഗര്‍ വിവാഹ മോചനത്തിന് ഒരുങ്ങുന്നു. കാലിഫോര്‍ണിയ ഗവര്‍ണര്‍ പദവി ഒഴിഞ്ഞ് വീണ്ടും സിനിമയില്‍ സജീവമാകാന്‍ തുടങ്ങുന്നതിന് ഇടയിലാണ് ഷ്വാസ്നഗര്‍ തന്റെ ഭാര്യയായ മരിയ ഷ്രിവറെ ‘ടെര്‍മിനേറ്റ്’ ചെയ്യാന്‍ ഒരുങ്ങുന്നത്. ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും ചിന്തയ്ക്കും ശേഷമാണ് തങ്ങള്‍ ഇങ്ങിനെയൊരു തീരുമാനം എടുത്തതെന്നാണ് ഷ്വാസ്നഗറും മരിയ ഷ്രിവറും പറയുന്നത്.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ അനന്തരവളാണ് മാധ്യമപ്രവര്‍ത്തകയായ മരിയ ഷ്രിവര്‍. ബ്രെന്റ്‌വുഡില്‍ പണികഴിപ്പിച്ചിരിക്കുന്ന 11,000 ചതുരശ്ര അടിയിലുള്ള വീട്ടിലാണ് ഷ്വാസ്നഗര്‍ കുടുംബം പാര്‍ക്കുന്നത്. ദമ്പതികള്‍ക്ക് പതിനാലിനും ഇരുപത്തൊന്നിനും ഇടയില്‍ പ്രായമുള്ള നാല് മക്കളുണ്ട്. നീണ്ട ഇരുപത്തിയഞ്ച് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്. അറുപത്തിമൂന്ന് വയസുണ്ട് ഷ്വാസ്നഗര്‍ക്ക്. മരിയയ്ക്കാകട്ടെ അമ്പത്തഞ്ചും

നാല്‍‌പതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ടെര്‍മിനേറ്റര്‍ സീരീസിലെ പ്രകടനമാണ് ഷ്വാസ്നഗറുടെ പ്രശസ്തി വാനോളം ഉയര്‍ത്തിയത്. ഇതുവരെ നാല് ടെര്‍മിനേറ്റര്‍ സിനിമകളാണ് പുറത്ത് വന്നിരിക്കുന്നത്. ഇതില്‍ മൂന്നിലും ഷ്വാസ്നഗറായിരുന്നു നായകന്‍. നാലാമത്തെ ടെര്‍മിനേറ്ററില്‍ ഷ്വാസ്നഗര്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും അതൊരു ആനിമേഷന്‍ കഥാപാത്രമായിരുന്നു. ഇപ്പോള്‍ ടെര്‍മിനേറ്റര്‍ സീരീസിലെ അഞ്ചാമത്തെ ചിത്രം നിര്‍മിക്കാനുള്ള പുറപ്പാടിലാണ് യൂനിവേഴ്സല്‍ സ്റ്റുഡിയോ. നായനായി എത്തുന്നത് ഷ്വാസ്നഗര്‍ തന്നെ.

സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ഷ്വാസ്നഗറിന് പല സ്ത്രീകളുമായും അവിഹിത ബന്ധം ഉണ്ടായിരുന്നു എന്ന് പലപ്പോഴും മരിയ കുറ്റപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുന്നത് ഷ്വാസ്നഗര്‍ വീണ്ടും സിനിമയില്‍ തിരിച്ചെത്താന്‍ തയ്യാറടുക്കുമ്പോള്‍ ആണെന്നത് ശ്രദ്ധേയം. വേര്‍പിരിഞ്ഞാലും കുട്ടികളെ സംയുക്തമായി നോക്കുമെന്നും അവരായിരിക്കും തങ്ങളുടെ ജീവിതത്തിന്റെ വെളിച്ചമെന്നും ഷ്വാസ്നഗറും മരിയയും ഒരുപോലെ പറയുന്നു.

Share this Story:

Follow Webdunia malayalam