Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചലച്ചിത്രമേളയിലേയ്ക്കൊരു തിരിഞ്ഞു നോട്ടം

ചലച്ചിത്രമേളയിലേയ്ക്കൊരു തിരിഞ്ഞു നോട്ടം
, ശനി, 20 ഡിസം‌ബര്‍ 2008 (12:30 IST)
PRO
അനന്തപുരിയെ ലോക സിനിമ കാഴ്‌ചയുടെ പുതിയ അനുഭൂതിയിലേക്ക്‌ ഉയര്‍ത്തിയ പതിമൂന്നാമത്‌ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്‌ തിരശീല വീണു.

സിനിമാസ്‌നേഹികളായ മലയാളികളുടേയും വിദേശികളുടേയും അഭൂതപൂര്‍വ്വമായ സാന്നിധ്യം കൊണ്ട്‌ ശ്രദ്ധിക്കപ്പെട്ട സിനിമയുടെ ദിനങ്ങളിലേക്ക്‌‌ ഒരു തിരിഞ്ഞു നോട്ടം

പതിമൂന്നാമത്‌ കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ 12ന്‌ തിരുവനന്തപുരം നിശാഗന്ധി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ ഉദ്‌ഘാടനം ചെയ്‌തു.

14 വിഭാഗങ്ങളിലായി 53 രാജ്യങ്ങളിലെ 181 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. മേളയിലെ മുഖ്യശ്രദ്ധാകേന്ദ്രമായ മത്സര വിഭാഗത്തില്‍ 14 ചിത്രങ്ങളാണ്‌ ഉണ്ടായിരുന്നത്‌. ഇതില്‍ രണ്ടെണ്ണം മലയാളത്തില്‍ നിന്നായിരുന്നു.

വിദേശത്തു നിന്ന്‌ 179 എന്‍ട്രികള്‍ ഉള്‍പ്പെടെ 350 ചിത്രങ്ങളില്‍ നിന്നാണ്‌ മത്സരചിത്രങ്ങള്‍ തെരഞ്ഞെടുത്തത്‌. ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ്‌ മത്സരത്തിനുണ്ടായിരുന്നത്‌.

ലോക സിനിമാ വിഭാഗത്തില്‍ 55 ചിത്രങ്ങളുണ്ടായിരുന്നു. ഭൂരിഭാഗം ചിത്രങ്ങളും 2007,2008 വര്‍ഷങ്ങളില്‍ നിര്‍മ്മിച്ചവയാണ്‌. അമ്പതുവര്‍ഷത്തെ ലോകസിനിമാ ചരിത്രത്തില്‍ നാഴികക്കല്ലുകളായ ഏഴ്‌ ചിത്രങ്ങളുടെ പ്രത്യേക വിഭാഗം മേളയുടെ സവിശേഷതയായിരുന്നു. ലൂയി ബുനുവല്‍, ആദ്രെ വൈദ, ഇങ്‌മര്‍ ബര്‍ഗ്‌മാന്‍, ജാക്വിസ്‌ താതി, ജാക്‌ ക്ലൈറ്റണ്‍, ബര്‍ട്ട്‌ ഹാന്‍സ്‌ട്ര, സത്യജിത്‌ റായ്‌ എന്നിവരുടെ ചിത്രങ്ങള്‍ മേളയുടെ പ്രത്യേകതയായിരുന്നു.

സമകാലിക റഷ്യയുടെ സാമൂഹിക പ്രശ്‌നങ്ങള്‍ പ്രതിപാദ്യ വിഷയമായ 'ഫോക്കസ്‌ ഓണ്‍ റഷ്യ' വിഭാഗത്തില്‍ അഞ്ചു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഇസ്രയേലി സംവിധായകന്‍ അമോസ്‌ ഗിതായി, ഫ്രഞ്ച്‌ സംവിധായകന്‍ അലന്‍ റെനെ എന്നിവരുടെ റിട്രോസ്‌പെക്‌ടീവ്‌ വിഭാഗത്തില്‍ 16 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.


webdunia
PRO
നാലു പ്രമുഖ സംവിധായകരുടെ 19 ചിത്രങ്ങള്‍ സമകാലിക പ്രതിഭകള്‍ക്കായുള്ള വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ആഫ്രിക്കന്‍ സംവിധായകനായ ഇദ്രിസ്സ ഉഡ്രോഗോ, ഇറാന്‍ സംവിധായികയും ജൂറി അംഗവുമായ സമീറ മക്‌മല്‍ബഫ്‌, ജര്‍മ്മന്‍ സംവിധായകന്‍ ഫത്തിഹ്‌ അകിന്‍, റഷ്യന്‍ സംവിധായകന്‍ കരേന്‍ ഷഖ്‌നസറോവ്‌ എന്നിവരാണ്‌ ഈ പ്രതിഭകള്‍.

'ഇന്ത്യന്‍ പ്രതിഭ' വിഭാഗത്തില്‍ കേതന്‍ മേത്ത, ശ്യാം ബെനഗല്‍, ബുദ്ധദേവ്‌ ദാസ്‌ ഗുപ്‌ത എന്നിവരുടെയും ഈജിപ്‌ഷ്യന്‍ സംവിധായകന്‍ യൂസഫ്‌ ഷഹൈന്‍, അമേരിക്കന്‍ സംവിധായകന്‍ ജൂള്‍സ്‌ ഡാസിന്‍, പി.എന്‍.മേനോന്‍, കെ.ടി.മുഹമ്മദ്‌, ഭരത്‌ ഗോപി, രഘുവരന്‍ എന്നിവരുടെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

വിക്‌ടോറിയാ ഡിസീക്കയുടെ ശിഷ്യനും അര്‍ജന്‍റീനിയന്‍ ചലച്ചിത്രകാരന്മാര്‍ക്കിടയില്‍ രാഷ്‌ട്രീയബോധം വളര്‍ത്തിയ സംവിധായകനുമായ ഫെര്‍നാന്‍ഡോ ബിറി, മലയാളത്തിനു നവദൃശാനുഭവം പകര്‍ന്ന ഭരതന്‍, എന്നിവരുടെ ചിത്രങ്ങള്‍ മാസ്റ്റേഴ്‌സ്‌ സ്‌ട്രോക്‌ വിഭാഗത്തില്‍ ഉണ്ടായിരിന്നു.

24 ഹ്രസ്വകഥാ ചിത്രങ്ങളും 17 ഡോക്യുമെന്‍ററികളും പ്രദര്‍ശിപ്പിച്ചു. ഫുട്‌ബോള്‍ ഇതിഹാസമായ മറഡോണയെ വ്യത്യസ്‌ത കാഴ്‌ചപ്പാടില്‍ അവതരിപ്പിക്കുന്ന രണ്ടു ചിത്രങ്ങളും ഇതില്‍പ്പെടും. 'ഇന്ത്യന്‍ സിനിമ ഇന്നില്‍' അഞ്ചും 'മലയാളം സിനിമ ഇന്നില്‍' ഏഴും ചിത്രങ്ങളാണുണ്ടായിരുന്നത്‌.

ഡിസംബര്‍ 16ന്‌ കൈരളി തിയേറ്ററില്‍ വൈകീട്ട്‌ ആറിന്‌ അമോസ്‌ ഗിതായി അരവിന്ദന്‍ അനുസ്‌മരണ പ്രഭാഷണം നടത്തി. ലോകചലച്ചിത്രരംഗത്തെ 145 പ്രതിഭകള്‍ അതിഥികളായെത്തി. 23 രാജ്യങ്ങളിലെ 41 സംവിധായകര്‍ ഉള്‍പ്പെടെയാണിത്‌.

ചിത്രങ്ങളുടെ മാര്‍ക്കറ്റിംഗിനായി ലോകപ്രശസ്‌ത സിനിമാ വിതരണ കമ്പനികളായ സെല്ലുലോയ്‌ഡ്‌ ഡ്രീംസ്‌, പിയോനോവ ഫിലിംസ്‌, ഫ്രാന്‍സിലെ സി.കെ. പ്രൊഡക്‌ഷന്‍സ്‌, പിരമിഡ്‌, ഇന്ത്യന്‍ കമ്പനികളായ പലാസോര്‍ ഫിലിംസ്‌, പി.വി.ആര്‍.ഫിലിംസ്‌ എന്നിവരുടെ പ്രതിനിധികള്‍ വന്നു.

1190 വിദ്യാര്‍ത്ഥികളടക്കം 8261 പ്രതിനിധികളും മേളയ്‌ക്കായി രജിസ്‌ററര്‍ ചെയ്തു. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍നാണ്‌ ഇപ്രാവശ്യത്തെ സിഗേനേച്ചര്‍ ഫിലിം തയ്യാറാക്കിയത്‌. വി.ആര്‍.ഗോപിനാഥായിരുന്നു സംവിധായകന്‍.

പാലസ്‌തീന്‍ സംവിധായകന്‍ റഷിദ്‌ മഷ്‌റാവിയുടെ ലൈലാസ്‌ ബെര്‍ത്ത്‌ഡേ ആയിരുന്നു ഉദ്‌ഘാടന ചിത്രം.

Share this Story:

Follow Webdunia malayalam