സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ നിരവധി പ്രമുഖരെ അട്ടിമറിച്ച് അവാര്‍ഡുകള്‍ വാരികൂട്ടിയ ചിത്രമാണ് എം ജി ശശിയുടെ ‘അടയാളങ്ങള്’.
കെ പി കുമാരന്‍റെ ‘ആകാശഗോപുര’ത്തിന് ഒപ്പം ഐ എഫ് എഫ് കെയില്‍ ‘അടയാളങ്ങളും’ മത്സരിക്കുന്നു.
ജ്യോതിര്‍മയി മുഖ്യവേഷത്തില്‍ അഭിനയിച്ച ചിത്രം മലയാളി വായനക്കാര്‍ ഏറെ ഇഷ്ടപ്പെടുന്ന നന്ദനാര്‍ക്ക് ആദരാഞ്‌ജലിയര്‍പ്പിക്കുന്ന ചിത്രമാണ്.
മനുഷ്യന്‍റെ മൂന്ന് തരം വിശപ്പുകളെ കുറിച്ച് കഥ എഴുതികൊണ്ടിരുന്ന നന്ദനാര്‍ ജീവിതം സ്വയം അവസാനിപ്പിക്കുകയായിരുന്നു.
രണ്ടാംലോകമഹായുദ്ധകാലത്ത് വള്ളുവനാടന്‍ ഗ്രാമത്തിന്‍റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഈ കഥ മനസ്സിന്‍റെയും ശരീരത്തിന്‍റെയും ആത്മാവിന്‍റെയും വിശപ്പിനെക്കുറിച്ച് പറയുന്നു.
സര്‍വ്വ പാതകളും കൊട്ടി അടയ്‌ക്കപ്പെടുമ്പോള്‍ അതിജീവനത്തിനായി മനുഷ്യന്‍ കാണിക്കുന്ന സാഹസങ്ങളുടെ ദുര്യോഗത്തെ കുറിച്ച് അസ്വസ്ഥജനകമായ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്ന ചിത്രമാണ് അടയാളങ്ങള്‍.
പത്തൊമ്പതുകാരനായ ഗോപി മികച്ച കഥകളി നടനാണ്. പക്ഷെ ജീവിക്കാന്‍ കഥകളി പോരാതെ വന്നു. പട്ടാളത്തില്‍ ചേരുക മാത്രമാണ് അവന് മുന്നിലുളള ഏക മാര്‍ഗ്ഗം. ജീവിക്കാന്‍ അവന് ശക്തി പകരുന്നത് അവന്‍റെ പ്രണയിനിയാണ്.