ഫുട്‌ബോള്‍ പ്രേമികളുടെ ഇതിഹാസതാരമായ ‘ദൈവത്തിന്‍റെ കൈ’യുടെ ഉടമ മറഡോണയെ കുറിച്ചുള്ള ലഘുചിത്രങ്ങള്‍ കേരളത്തിന്‍റെ ചലച്ചിത്രമേളയെ പുതിയ അനുഭവമാക്കും.
മറഡോണയെ കുറിച്ച് വ്യത്യസ്‌ത കാഴ്‌ചപ്പാടുകളില്‍ തയ്യാറാക്കിയ രണ്ട് ലഘു ചിത്രങ്ങളാണ് ഇക്കുറി മേളയില്‍ എത്തുക. എമിര്‍ കുസ്റ്ററിക സംവിധാനം ചെയ്‌ത ‘മറഡോണ’, ജാവിയ മാര്‍ട്ടിന്‍ വാസ്‌ക്വിസിന്‍റെ ‘ലൗവിങ്ങ് മറഡോണ’ എന്നിവയാണ് ഫുട്‌ബോള്‍ പ്രേമികളായ പ്രതിനിധികള്‍ക്കായി എത്തുക.
കറുത്തവര്‍ഗ്ഗക്കാരന്‍റെ ഉയര്‍ത്തെഴുനേല്‍പ്പിനായി പാട്ടുപാടിയ വിഖ്യാത സംഗീതഞ്‌ജന്‍ ബോബ് മാര്‍ലിയെ കുറിച്ചുള്ള ഡോക്കുമെന്‍ററിയും മേളയിലുണ്ട്. അന്തോണി വാള്‍ സംവിധാനം ചെയ്‌ത ‘ബോബ് മാര്‍ലി എക്‌സോഡസ്’ മേളയില്‍ നവ്യാനുഭവമാകും.
ആവിഷ്‌കാരത്തിന്‍റെ തീഷ്‌ണതയും കരുത്തും കാട്ടിത്തരുന്ന വൈവിധ്യം നിറഞ്ഞ 23 ലഘു ചിത്രങ്ങളും 17ഡോക്കുമെന്‍ററികളുമാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ജബ്ബാര്‍ പട്ടേലിന്‍റെ ‘അന്തര്‍ധ്വനി’, മലയാളിയായ ജോഷി ജോസഫിന്‍റെ ‘സോങ്ങ്‌സ് കളേഴ്‌സ് ആന്‍റ് മാര്‍ക്കറ്റ്’, കൃഷ്‌ണ സരസ്വതിയുടെ ‘ദ ലെജന്‍റ് ഓഫ് ശിവ ആന്‍റ് പാര്‍വ്വതി’ തുടങ്ങിയ ഡോക്കുമെന്‍ററികളും ഇക്കൂട്ടത്തിലുണ്ട്.