'ലൈലയുടെ ജന്മദിനം' ഉദ്‌ഘാടന ചിത്രം
കേരളത്തിന്‍റെ പതിമൂന്നാമത് രാജ്യാന്തര ചലച്ചിത്രോത്സവം പാലസ്‌തീന്‍ ചിത്രമായ ‘ലൈലയുടെ ജന്മദിനം’ (ലൈലാസ് ബര്‍ത്ത്‌ഡേ)യോടെ ആരംഭിക്കും.എഴുത്തുകാരനും ചലച്ചിത്രകാരനുമായ റഷീദ് മഷറായി സംവിധാനം ചെയ്‌ത ചിത്രം ഇതിനോടകം കറുത്ത ഫലിതത്തിന്‍റെ ശക്തികൊണ്ട് വിവിധ രാജ്യാന്തര ചലച്ചിത്രോത്സവങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സംഘര്‍ഷം നിലനില്‍ക്കുന്ന പലസ്‌തീനിലെ റാമല്ലയിലെ ജിവിത വേദനയും ദുരന്തവുമാണ് ചിത്രം ആവിഷ്‌കരിക്കുന്നത്. സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലായത് മൂലം ജഡ്‌ജ് അബു ലൈലക്ക് ഡ്രൈവറായി ജോലി ചെയ്യേണ്ടി വരുന്നു. മകളുടെ ഏഴാം പിറന്നാളിന് ഭാര്യ അയാള്‍ക്ക് മുന്നില്‍ ഒരു ആവശ്യം അറിയിച്ചു.
കുഞ്ഞിന് ഒരു ബര്‍ത്ത് ഡേ കേക്കും വാങ്ങി നേരത്തെ വീട്ടില്‍ വരണം. ഈ ലക്‍ഷ്യം പൂര്‍ത്തിയാക്കാനുള്ള ജഡ്‌ജിന്‍റെ പെടാപ്പാടുകളാണ് ചിത്രം ആവിഷ്‌കരിക്കുന്നത്.
പാലസ്‌തീനിലെ ദൈനംദിന ജീവിതത്തിന്‍റെ മാറ്റിമറിച്ചിലുകള്‍ അയാളെ വീട്ടിലെത്തിക്കാതെ മറ്റ് പലതിലേക്കും വലിച്ചിഴച്ചുകൊണ്ട് പോകുകയാണ്.
പലസ്‌തീനിലെ പ്രശസ്‌ത സംവിധായകനായ മൊഹമ്മദ് ബക്രിയാണ് അബു ലൈലയെ അവതരിപ്പിച്ചിരിക്കുന്നത്.
Follow Webdunia malayalam