വിലക്കപ്പെട്ട പ്രണയവുമായി ‘ഹാഫിസ്’
കേരളത്തിന്‍റെ ചലച്ചിത്രമേളകളില്‍ മലയാളിയെ ഏറെ ആകര്‍ഷിക്കുന്നവയാണ് ഇറാനില്‍ നിന്നുള്ള ചിത്രങ്ങള്‍. മതബോധവും പ്രണയത്തിലേക്കുള്ള മനസിന്‍റെ ചായ്‌വും പ്രമേയമാകുന്ന ‘ഹാഫിസ്’ ഇറാനില്‍ നിന്ന് ഇത്തവണ ഐ എഫ് എഫ് കെയില്‍ മത്സരിക്കാനെത്തുന്നു.അബോല്‍ഫാസില്‍ ജലീലിയാണ് ‘ഹാഫിസി’ന്‍റെ സംവിധായകന്‍. ഇറാന്‍റെ ഐതിഹാസികസംവിധായകനായ മൊഹ്‌സീന്‍ മക്‌ബല്‍ ബഫിനൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ജലീലിയുടെ ‘ഡാന്‍സ് ഓഫ് ദ ഡസ്റ്റ്’ എന്ന ചിത്രം ഏഴു വര്‍ഷത്തെ നിരോധനം സഹിച്ചാണ് രാജ്യാന്തരതലത്തില്‍ എത്തിയത്. ഈ ചിത്രം ലൊക്കാര്‍ണോ മേളയില്‍ പുരസ്‌കാരം നേടുകയും ചെയ്‌തു.ഖുര്‍ ആനില്‍ മികച്ച അവഗാഹമുള്ള വ്യക്തിയാണ് ഷാംസ് അല്‍ ദിന്‍ മൊഹമ്മദ്. അതുകൊണ്ട് തന്നെ ഇസ്ലാമിക പണ്ഡിതനായ അദ്ദേഹത്തെ ഹാഫീസ് എന്ന് വിളിച്ചു പോരുന്നു.
നാട്ടിലെ പ്രധാനിയായ മുഫ്‌തിയുടെ മകള്‍ നബാത്തിനെ ഖുര്‍ ആന്‍ പഠിപ്പിക്കാന്‍ ഫാഫിസ് നിയോഗിക്കപ്പെടുന്നു. ഗുരുവും ശിഷ്യയും പരസ്‌പരം കാണാതെയാണ് പഠനം നടക്കുന്നത്.
എന്നാല്‍ ശിഷ്യയുടെ ശബ്ദത്തോട് ഹാഫീസില്‍ മതബോധത്തിന് അതീതമായ പ്രണയം ജനിക്കുകയാണ്. സുന്ദരിയായ ശിഷ്യയെ അയാള്‍ കാണാനും ശ്രമിക്കുന്നു.
ആത്മാര്‍ത്ഥമായ പ്രണയവും മതവും തമ്മില്‍ ഹാഫിസിനുള്ളില്‍ പോരാട്ടം നടക്കുകയാണ്. മനസിനൊപ്പം നിന്ന ഹാഫീസിന് കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരികയാണ്.
Follow Webdunia malayalam