ലോകത്തിലെ ഓരോ സ്വതന്ത്രരാഷ്ട്രത്തിനും അവരുടേതായ ഒരു ദേശീയ പാതക ഉണ്ട്. സ്വാതന്ത്ര്യസമരം നടന്നുകൊണ്ടിരിക്കുന്പോള്‍ തന്നെ ഇന്ത്യന്‍ നേതാക്കള്‍ ദേശീയ പതാകയെപ്പറ്റി ചിന്തിച്ചിരുന്നു.
1906 ല്‍ ഇന്ത്യക്കു പുറത്തുളള ദേശീയ വാദികള്‍ ആദ്യത്തെ ത്രിവര്‍ണ പതാകയ്ക്കു രൂപം കൊടുത്തെങ്കിലും. അത് ഇന്ത്യയില്‍ അംഗീകരിക്കപ്പെടുകയുണ്ടായില്ല. 1916 ല്‍ ഹോംറൂള്‍ പ്രക്ഷോഭണകാലത്ത് പൊതുവേ ഉപയോഗിച്ചിരുന്ന പതാകയുണ്ടായിരുന്നു. ചുവപ്പു നിറത്തില്‍ മുകളില്‍ ചര്‍ക്കയോടുകൂടിയ ഒരു പതാക. 1921 ലെ-ബസവാഡാ കോണ്‍ഗ്രസ്സില്‍ ഗാന്ധിജി അവതരിപ്പിക്കുകയുണ്ടായി.
1931 ല്‍ കറാച്ചി കോണ്‍ഗ്രസ്സിനുശേഷം നിയമിക്കപ്പെട്ട ഒരു പ്രത്യേക കമ്മിറ്റി, ചുവപ്പുംപച്ചയും നിറത്തില്‍ നടുക്ക് ചര്‍ക്കയോടുകൂടിയ ഒരു പതാക നിര്‍ദ്ദേശിച്ചു. അതിനും അംഗീകാരം ലഭിക്കുകയുണ്ടായില്ല. ഗാന്ധിജിയുടെ നിര്‍ദ്ദേശങ്ങളുനുസരിച്ച് 1931 ഓഗസ്റ്റിലാണ്, നടുവില്‍ ചര്‍ക്കയോടുകൂടിയ ത്രിവര്‍ണ്ണ പതാകയ്ക്കു രൂപം കൊടുത്തത്.
ബോംബെയില്‍ ചേര്‍ന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് സമ്മേളനം അതംഗീകരിക്കുകയും ചെയ്തു. 1947 ജൂലൈയില്‍ ചര്‍ക്കയുടെ സ്ഥാനത്ത് അശോക ചക്രം നല്‍കണമെന്ന് ജവാഹര്‍ലാല്‍ നെഹ്റു നിര്‍ദ്ദേശിച്ചു.
പണ്ഡിറ്റ് ജിയുടെ നിര്‍ദ്ദേശം ജൂലൈ 22-ാം തീയതി ചേര്‍ന്ന് കോണ്‍സ്റ്റിറ്റ്യൂവന്‍റ് അസംബ്ളീയോഗം അംഗീകരിച്ചതിന്‍റെ ഫലമാണ് ഇപ്പോള്‍ നിലവിലുളള ഇന്ത്യന്‍ ദേശീയ പതാക ( നടുവില്‍ ചര്‍ക്കയോടുകൂടിയ ത്രിവര്‍ണപതാക ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ പതാകയായിത്തീര്‍ന്നു).
ആഭ്യന്തരമന്ത്രി കാലയത്തിന്‍റെയും സൈനിക ഹെഡ്ക്വാര്‍ട്ടേഴ്സിന്‍റെയും അഭ്യര്‍ത്ഥനയനുസരിച്ച് അന്നത്തെ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് ഇന്‍സ്റ്റിറ്റ്യൂഷന്‍ (ഇന്ന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാഡേര്‍ഡ്സ്) ഇന്ത്യന്‍ ദേശീയപതാകയ്ക്കുപയോഗിക്കേണ് ട തുണിയും ചായങ്ങളും നിറങ്ങളും മാത്രമല്ല, സൈസുകളും നിര്‍ണയിക്കുകയുണ്ടായി. ഒരു സ്റ്റാന്‍ഡേര്‍ഡ് പതാക ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡില്‍, മുദ്ര പതിച്ച് സൂക്ഷിച്ചിട്ടുമുണ്ട്.
ദേശീയ പതാകയുടെ നിര്‍മ്മാണം ഇതനുസരിച്ച്മാത്രമേ ആകാവൂ. ഷാജഹാന്‍പൂരിലെ ഓര്‍ഡിനന്‍സ് ഫാക്ടറി ദേശീയ പതാകകള്‍ ഉണ്ടാക്കി ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നുണ്ട്. 3 അടി ഷ 2സൈസ് മുതല്‍ 21 അടി ഷ 14 അടി വരെ 9 സൈസുകളിലാണ് ഇപ്പോള്‍ ദേശീയ പതാക നിര്‍മ്മിച്ചു വരുന്നത്.
ഇന്ത്യന്‍ കാവി, ഇന്ത്യന്‍ പച്ച, എന്നീ നിറങ്ങളാണ് പതാകയുടെ മുകളിലെയും താഴെയും. ലോകത്തിലെ സ്റ്റാന്‍ഡേര്‍ഡ് നിറങ്ങളില്‍പ്പെടുന്നവയല്ല ഈ നിറങ്ങള്‍. നടുവില്‍ വെളള. ധീരതയുടെയും ത്യാഗത്തിന്‍റെയും പ്രതീകമാണ് കാവിനിറം. വെളള നിറം സത്യത്തെയും സമാധാനത്തെയും സൂചിപ്പിക്കുന്നു.
വിശ്വാസം, അനുഭാവം എന്നിവയെക്കുറിക്കുന്നതാണ് പച്ചനിറം. നാവിക നീലനിറത്തില്‍, 24 ആരക്കാലുകള്‍ ഒരു ചക്രം വെളുത്ത മേഖലയില്‍ ഒത്ത നടുക്കായി നിറഞ്ഞു നില്‍ക്കുന്നു. സാരാനാഥിലെ അശോക സ്തംഭത്തിലുളള ധര്‍മ്മചക്രത്തിന്‍റെ മാതൃകയാണിത്.
ഇന്ത്യന്‍ ദേശീയ പതാകയുടെ ഉപയോഗം സംബന്ധിച്ച് ചില നിയമങ്ങളെല്ലാമുണ്ട്. പതാക ഉപയോഗിക്കുന്നവരെല്ലാം അതു സംബന്ധിച്ച നിയമങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. ഏതൊരു രാഷ്ട്രത്തിലെയും ദേശീയ പതാകയെ ബഹുമാനിക്കുന്നതിന് അതു സംബന്ധിച്ച ഔപചാരിതകളെല്ലാം പഠിക്കുകയും അവ ആചരിച്ചുപോരുകയും വേണം.
രാഷ്ട്രപതിമന്ദിരം, പാര്‍ലമെന്‍റ് മന്ദിരം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മുഖ്യസ്ഥാനങ്ങളായ സെക്രട്ടേറിയറ്റുകള്‍, വിദേശത്തുള്ള സ്ഥാനപതിമന്ദിരങ്ങള്‍ തുടങ്ങിയ പ്രധാനപ്പെട്ട ഔദ്യോഗിക കാര്യാലയങ്ങളില്‍ പതിവായി ദേശീയപതാക ഉയര്‍ത്തിക്കെട്ടാറുണ്ട്. രാഷ്ട്രപതി, സംസ്ഥാന ഗവര്‍ണര്‍മാര്‍, കേന്ദ്രഗവണ്‍മെന്‍റിലെ മന്ത്രിമാര്‍ തുടങ്ങിയ രാഷ്ട്രപ്രതിനിധികള്‍ സഞ്ചരിക്കുന്ന വാഹനങ്ങളിലും ദേശീയപതാക പാറിക്കുന്നു.
സ്വാതന്ത്ര്യദിനം, റിപ്പബ്ളിക് ദിനം എന്നീ ആഘോഷദിവസങ്ങളില്‍ പ്രത്യേക ചടങ്ങെന്ന നിലയില്‍ ദേശീയപതാക ഉയര്‍ത്തുകയും അതോടൊപ്പം ദേശീയഗാനം ആലപിക്കുകയും ചെയ്യുന്നു. രാഷ്ട്രം ഔദ്യോഗികമായി ആദരിക്കുന്ന വ്യക്തികളുടെ ചരമത്തില്‍ ദുഃഖം ആചരിക്കാന്‍ ഔദ്യോഗിക മന്ദിരങ്ങളില്‍ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടുന്നു.
ദേശീയപതാക ഉയര്‍ത്തുന്ന സന്ദര്‍ഭങ്ങളില്‍ അവിടെ സന്നിഹിതരായ ആളുകള്‍ എഴുന്നേറ്റ് നിന്ന് അതിനെ ആദരിക്കണം എന്നാണ് വ്യവസ്ഥ. ദേശീയപതാകയോട് അനാദരവു കാട്ടുകയെന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ദേശീയ ചിഹ്നം
സാരാനാഥ് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുളള അശോക ചക്രവര്‍ത്തിയുടെ അശോക സ്തംഭത്തില്‍ നിന്നും പകര്‍ത്തിയെടുത്തിട്ടുളളതാണ് ഇന്ത്യയുടെ ദേശീയ ചിഹ്നം. ഇന്ത്യ ഒരു റിപ്പബ്ളിക്കായിത്തീര്‍ന്ന 1950 ജനുവരി 26-ാം തീയതി ഇന്ത്യാ ഗവണ്‍മെന്‍റ് ഇത് ദേശീയ ചിഹ്നമായി സ്വീകരിച്ചു.
അംഗീകരിക്കപ്പെട്ട ദേശീയ ചിഹ്നത്തില്‍ മൂന്നു സിംഹങ്ങളെ കാണാം. നാലാമത്തേത് മറഞ്ഞു നില്‍ക്കുന്നു. സിംഹങ്ങള്‍ നില്‍ക്കുന്നത് ഒര പീഠത്തിന്‍റെ മുകളിലാണ്. പീഠത്തിന്‍റെ നടുവില്‍ ധര്‍മ്മചക്രം. ഒരു കുതിരയുടെയും ഒരു കാളയുടെയും രൂപങ്ങള്‍ ചക്രത്തിനിരുവശത്തും കൊത്തിയിരിക്കുന്നു.
മുണ്ഡകോപനിഷത്തില്‍ നിന്നും എടുത്തിട്ടുളള "സത്യമേവ ജയതേ' എന്ന മന്ത്രം ചിഹ്നത്തിന്‍റെ ഏറ്റവും അടിയില്‍ ദേവനാഗരി ലിപിയില്‍ കൊത്തിവെച്ചിട്ടുണ്ട്.
ദേശീയ പഞ്ചാംഗം
സ്വാതന്ത്ര്യം ലഭിച്ച കാലത്ത് ക്രിസ്തുവര്‍ഷം ആസ്പദമാക്കിയുളള ഗ്രിഗോറിയന്‍ പഞ്ചാംഗമാണ് ഇന്ത്യാ ഗവണ്‍മെന്‍റ് പിന്തുടര്‍ന്നിരുന്നത്. പഞ്ചാംഗപരിഷ്ക്കരണ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പ്രകാരം ശകവര്‍ഷത്തെ ആസ്പദമാക്കിയുളള പഞ്ചാംഗം ദേശീയ പഞ്ചാംഗമായി ഗവണ്‍മെന്‍റ് അംഗീകരിച്ചു.
ശകവര്‍ഷം 1879 ചൈത്രമാസം 1-ാം തീയതി ( 1957 മാര്‍ച്ച് 22) മുതലാണ് ദേശീയ പഞ്ചാംഗം ആരംഭിക്കുന്നത്.