Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജഗോപാലാചാരി സി. (1878-1972)

രാജഗോപാലാചാരി സി. (1878-1972)
സ്വാതന്ത്ര്യസമര സേനാനിയും രാഷ്ട്രതന്ത്രജ്ഞനും ഗ്രന്ഥകാരനും, സി.ആര്‍., രാജാജി എന്നീ ചുരുക്കപ്പേരുകളിലും അറിയപ്പെടുനനു. ഇന്ത്യയുടെ അവസാനത്തെയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെയും ഗവര്‍ണര്‍ ജനറലെന്ന പദവി അലങ്കരിച്ചിട്ടുണ്ട്.

കേന്ദ്രമന്ത്രിയായും മദ്രാസ് മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജനനം 8-12-1878 തമിഴ്നാട്ടിലെ സേലം - മരണം 25-12-1972. ഗാന്ധിജിയുടെ നേതൃത്വത്തില്‍ ആരംഭിച്ച നിസ്സഹകരണ പ്രസ്ഥാനത്തില്‍ പങ്കുവഹിക്കാന്‍വേണ്ടി വക്കീല്‍പ്പണി അവസാനിപ്പിച്ചു.

ക്രമേണ ഗാന്ധിജിയുടെ വിശ്വസ്ത അനുയായി ആയിത്തീര്‍ന്നു. നിരവധി പ്രാവശ്യം ജയില്‍ ശിക്ഷ അനുഭവിച്ചു. ഗാന്ധിജി ജയിലിലായപ്പോള്‍ യങ് ഇന്ത്യയുടെ പത്രാധിപത്യം ഏറ്റെടുത്തു. 1931ല്‍ മദ്രാസില്‍ മുഖ്യമന്ത്രിയായി. ക്വിറ്റിന്ത്യാ സമരമടക്കം പലതിനോടും വിയോജിപ്പു പ്രകടിപ്പിച്ചു.

കുറെക്കാലം കോണ്‍ഗ്രസ്സില്‍ നിന്നു വിട്ടുനിന്നു. 1946-ല്‍ വീണ്ടും കോണ്‍ഗ്രസ്സിലേക്കു മടങ്ങി. 1948 ജൂണ്‍ മുതല്‍ 1950 ജനുവരി വരെ ഇന്ത്യയുടെ ഗവര്‍ണര്‍ ജനറലായി. 1952-ല്‍ വീണ്ടും മദ്രാസ് മുഖ്യമന്ത്രിയായി. രണ്ടു വര്‍ഷത്തിനുശേഷം സ്ഥാനമൊഴിഞ്ഞു. കോണ്‍ഗ്രസ്സുമായി അഭിപ്രായവ്യത്യാസം രൂക്ഷമാവുകയും സ്വതന്ത്രപാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു.

എഴുത്തുകാരനെന്ന നിലയിലും പ്രഭാഷകനെന്ന നിലയിലും രാജാജി പ്രശസ്തനാണ്. തമിഴിലും ഇംഗ്ളീഷിലും നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. സോക്രട്ടീസ്, മാര്‍ക്കസ് ഒറീലിയസ്, കണ്ണന്‍ കാട്ടിയ വഴി, വ്യാസന്‍ വിരുന്ത്, രാജാജി കുട്ടിക്കതൈകള്‍, ഹിന്ദുയിസം : ഡോക്ട്രിന്‍ ആന്‍ഡ് വേ ഓഫ് ലൈഫ്, ഭഗവദ്ഗീത ഫോര്‍ ദലേ റീഡര്‍, വോയ്സ് ഓഫ് ദ അണ്‍ ഇന്‍വോള്‍വ്ഡ് തുടങ്ങിയവ പ്രധാന കൃതികള്‍.

രാജാജിയുടെ പുത്രി ലക്ഷ്മിയെ വിവാഹം ചെയ്തത് ഗാന്ധിജിയുടെ പുത്രന്‍ ദേവദാസ് ഗാന്ധിയാണ്. രജ്മോഹന്‍ ഗാന്ധി ഇവരുടെ പുത്രനാണ്.

Share this Story:

Follow Webdunia malayalam