Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വാതന്ത്ര്യം, സ്ത്രീ, വര്‍ത്തമാനം

കെ എസ് അമ്പിളി

സ്വാതന്ത്ര്യം, സ്ത്രീ, വര്‍ത്തമാനം
FILEWD
സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്‍പ് ഇന്ത്യയില്‍ സ്ത്രീകളുടെ അവസ്ഥ പരിതാപകരമായിരുന്നു എന്നാല്‍ സ്വാതന്ത്ര്യത്തിനു ശേഷം അറുപതാണ്ട് പിന്നിടുമ്പോള്‍ ഇന്ത്യന്‍ സ്ത്രീയുടെ ജീവിതത്തിന് ഒട്ടേറെ പുരോഗതികള്‍ വന്നിട്ടുണ്ട്. അതേ സമയം പലകാര്യങ്ങളിലും കാലം പുറകോട്ടുപോകുന്നതും കാണാന്‍ കഴിയും.

ഭൌതിക സാഹചര്യങ്ങളില്‍ വന്നിട്ടുള്ള മാറ്റം സാമൂഹത്തിന്‍റെ മൂല്യബോധത്തില്‍ വന്നിട്ടില്ല എന്ന് അശേഷം ചിന്തിക്കാതെ തന്നെ പറയാനാകും. സാമൂഹ്യരംഗത്തും ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും സ്ത്രീ ബഹുദൂരം മുന്നോട്ടുവന്നിട്ടുണ്ട്. സ്വാതന്ത്ര്യത്തിനു മുന്‍പ് ഇന്ത്യന്‍ സ്ത്രീയുടെ ശരാശരി ജീവനകാലം 27നും 30നും ഇടയിലായിരുന്നു. ഇന്നത് 60കളിലെത്തി നില്‍ക്കുന്നു.

സ്വാതന്ത്ര്യത്തിനു മുന്‍പ് സ്ത്രീകളില്‍ വിദ്യാഭ്യാസം സിദ്ധിച്ചവര്‍ 2 ശതമാനം ആയിരുന്നു. ഇന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുള്ള സ്ത്രീകള്‍ 59 ശതമാനമുണ്ട്. ശൈശവ വിവാഹം ഒരു പരിധി വരെ നിയന്ത്രിക്കാനായി. സതി അനുഷ്ഠാനം പോലെയുള്ള ദുരാചാരങ്ങളില്‍ നിന്ന് ഇന്ത്യ മുക്തി നേടിയിട്ടുണ്ട്.

സ്ത്രീസ്വാതന്ത്ര്യത്തിന്‍റെ ആദ്യ വക്താക്കളില്‍ ഒരാളായിരുന്നു മഹാത്മാ ഗാന്ധി. പിന്നീട് ദശകങ്ങള്‍ക്കു ശേഷമാണ് ഇന്ത്യന്‍ സമൂഹത്തില്‍ സ്ത്രീവാദം ശക്തമാകുന്നത്. “ ശാരീരികമായ വ്യത്യാസം മാത്രമേ സ്ത്രീയും പുരുഷനു തമ്മിലുള്ളു” എന്ന് ഗാന്ധിജി അടിക്കടി ഓര്‍മ്മപ്പെടുത്തിയിരുന്നു.

ഇന്ത്യന്‍ സ്ത്രീയുടെ സഹനവും ക്ഷമയും ത്യാഗവും പുരുഷന്മാരെക്കാള്‍ മുകളിലാണെന്ന് ഗാന്ധിജി പലപ്പോഴും പറഞ്ജിട്ടുണ്ട്. ഇന്ത്യന്‍ സമൂഹം എന്നും പുരുഷാധിപത്യപരമായിരുന്നു. അടുക്കളയും വീട്ടുജോലികളും സ്ത്രീയ്ക്കായി നീക്കിവയ്ക്കപ്പെട്ടു. സ്ത്രീയും പുരുഷനും ജീവിതം പങ്കിടുന്നതിന് സ്ത്രീധനം നല്‍കേണ്ടിവന്നു. സ്ത്രീധന സമ്പ്രദായം കാലം കഴിയും തോറും സമൂഹത്തില്‍ കൂടുതല്‍ പ്രകടവും സ്വീകാര്യവും ആയിരിക്കുന്നു.

അരക്ഷിത ജീവിത സാഹചര്യങ്ങളില്‍ നിന്ന് സ്ത്രീ തെരുവിലേക്കും അവിടെ നിന്ന് വേശ്യാലയങ്ങളിലേക്കും വലിച്ചിഴയ്ക്കപ്പെടുന്നു. വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ പുനരധിവാസത്തിനായി സ്വാതന്ത്ര്യത്തിനു മുന്‍പ് ഗാന്ധിജി ഒരു സ്വപ്ന പദ്ധതി തന്നെ തയ്യാറാക്കിയിരുന്നു. അദ്ദേഹത്തിന്‍റെ പുസ്തകം ‘സ്ത്രീകളും സാമൂഹ്യ ദുരാചാരങ്ങളും’ എന്ന പുസ്തകത്തില്‍ ഇതേക്കുറിച്ച് വിശദമായി പറഞ്ഞിട്ടുണ്ട്.

ഇന്ന് ഈ 60 വര്‍ഷത്തിനു ശേഷവും ഇന്ത്യന്‍ സ്ത്രീകള്‍ തെരുവിലേക്കും മാംസവ്യാപാര കേന്ദ്രങ്ങളിലേക്കും തള്ളപ്പെടുന്നു. പീഡനങ്ങളും അക്രമങ്ങളും വര്‍ദ്ധിക്കുന്നു. പാരമ്പര്യമായി കിട്ടുന്ന സ്വത്ത് വീതം വയ്ക്കുന്നതില്‍ വിവേചനം നിലനില്‍ക്കുന്നു. വിധവയോടുള്ള പെരുമാറ്റത്തില്‍ ഇന്നും മാറ്റം വന്നിട്ടില്ല. നിറങ്ങളും നല്ല ജീവിതസാഹചര്യങ്ങളും അവര്‍ക്ക് നിഷേധിക്കപ്പെടുന്നു. ഭര്‍ത്താവിന്‍റെ മരണത്തിന് കാരണം ഹതഭാഗ്യയായ ഭാര്യയാകുന്നു, അവള്‍ എവിടെയും അപശകുനമാകുന്നു. ഇന്നും ഈ അവസ്ഥകള്‍ക്ക് മാറ്റം വന്നിട്ടില്ലെന്നത് ലജ്ജാകരമാണ്.

1980കളിലാണ് നവവധുക്കള്‍ വ്യാപകമായി സ്റ്റൌ പൊട്ടിത്തെറിച്ച് മരിക്കുന്ന സാഹചര്യമുണ്ടായത്. സ്ത്രീധന സമ്പ്രദായത്തിന്‍റെ മറുവശമായി വ്യാഖ്യാനിക്കപ്പെട്ടെങ്കിലും വെളിച്ചത്തുവന്ന കേസുകള്‍ തുലോം വിരളമാണ്. ഇവ കൂടുതലും കൊലപാതകങ്ങളോ ആത്മഹത്യകളോ ആയിരുന്നു. വിവാഹമോചനത്തിന് സമൂഹത്തില്‍ കൂടുതല്‍ സ്വീകാര്യത വന്നതോടെ സ്ത്രീധന ആത്മഹത്യകളില്‍ കാര്യമായ കുറവു വന്നിട്ടുണ്ട്.

സ്ത്രീകള്‍ ഒരേസമയം ആദരിക്കപ്പെടുകയും ചവിട്ടിമെതിക്കപ്പെടുകയും ചെയ്യുന്നു. രാഷ്ട്രം അറുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വസരത്തില്‍ ഒരു വനിത ഇന്ത്യന്‍ രാഷ്ട്രപതിയായിരിക്കുന്നത് അഭിമാനകരമാണ്. രാഷ്ട്രം ഭരിക്കുന്ന കോണ്‍ഗ്രസിന്‍റെ സാരഥിയായിരിക്കുന്നതും ശക്തയും തന്ത്രശാലിയുമായ ഒരു സ്ത്രീയാണ്. രാഷ്ട്രീയത്തില്‍ വനിതകള്‍ ധാരാളമുണ്ടെങ്കിലും തിളങ്ങാന്‍ കഴിയുന്നില്ല എന്നത് മറ്റൊരു യാഥാര്‍ഥ്യം.

സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന വാഗ്ദാനം പൊള്ളയായ വാക്കുകളില്‍ ഒതുങ്ങുന്നു. ഗാന്ധിജിയെപ്പോലെ ഒരാളുടെ അഭാവം സമൂഹത്തില്‍ എല്ലായ്പ്പോഴും പ്രകടമാകുന്നു. രാഷ്ട്രീയപാര്‍ട്ടികളുടെ ഇരട്ടത്താപ്പു തന്നെയാണ് ഇതിനു കാരണം എന്നു മനസ്സിലാക്കുമ്പോള്‍ ഇന്ത്യയുടെ സാമൂഹ്യസാഹചര്യം കൂടുതല്‍ സുതാര്യമാകുന്നു.

Share this Story:

Follow Webdunia malayalam