തൊഴിലാളിവര്‍ഗ്ഗ വിജയത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ ലളിതവും ആദര്‍ശനിഷ്ഠവുമായ സ്വന്തം ജീവിതത്തിലൂടെ മലയാളിക്ക് മാതൃകയായി ഇ.എം.എസ് ഏഴ് ദശകത്തോളം നടന്ന വഴികള്‍ കേരളത്തിന്‍റെ തന്നെ ചരിത്രമാണ്.
സംസ്ഥാനത്തിന്‍റെ ആദ്യമുഖ്യമന്ത്രിയും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ സമുന്നതനേതാവും താത്ത്വികാചാര്യനും നവകേരള ശില്പിയുമായ ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാട് അന്തരിച്ചത് 1998 മാര്‍ച്ച് 19 നാണ്.
ഇ.എം.എസ് ജീവിതരേഖ
1909 ജൂ ണ്‍ 13 ന് പെരിന്തല്‍മണ്ണയില്‍ യാഥാസ്ഥിതിക നന്പൂതിരി കുടുംബമായ ഏലംകുളം മനയില്‍ ജനിച്ചു. വേദപഠനത്തിലും സ്കൂള്‍ വിദ്യാഭ്യാസത്തിനും ശേഷം പാലക്കാട് ഗവ. വിക്ടോറിയ കോളജിലും തൃശൂര്‍ സെന്‍റ് തോമസ് കോളജിലും പഠിച്ചു.
ബി.എ പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് നിസ്സഹകരണപ്രസ്ഥാനത്തില്‍ പങ്കെടുത്തു (1931). സിവില്‍ നിയമം ലംഘിച്ചതിന് ബ്രിട്ടീഷ് സര്‍ക്കാര്‍ ജയിലിലടച്ചു (1932). യോഗക്ഷേമസഭയില്‍ ആരംഭിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്-സോഷ്യലിസ്റ്റ് പാര്‍ട്ടി, ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവയിലൂടെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ട്ടി നേതാവായി.
എഐസിസി അംഗം (1934-36) കെ.പി.സി.സി സെക്രട്ടറി (1934, 38, 40) മദ്രാസ് നിയമസഭാംഗം (1937) കേരള നിയമസഭാംഗം (1957, 60, 65, 67, 70) മുഖ്യമന്ത്രി (1957-59, 1967-69). പ്രതിപക്ഷനേതാവ് (1970). സി.പി.ഐ കേന്ദ്രകമ്മിറ്റിയിലും പോളിറ്റ്ബ്യൂറോയിലും അംഗം (1941 മുതല്‍). സി.പി.ഐ (എം) ജനറല്‍ സെക്രട്ടറി (1978-92) എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
1937 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചു. 1939 മുതല്‍ 51 വരെ പാര്‍ട്ടി നിയമവിരുദ്ധമായിരുന്നപ്പോള്‍ ഒളിവില്‍ കഴിഞ്ഞു.
തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ (1957) മുഖ്യമന്ത്രി ഇ.എം.എസായിരുന്നു. "വിമോചനസമരത്തെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ കേരള നിയമസഭ പിരിച്ചു വിട്ട് (1959) പത്തു വര്‍ഷത്തിനുശേഷം വീണ്ടും 67 ല്‍
മുഖ്യമന്ത്രിയായി. 69 ല്‍ രാജിവച്ചു. കൃഷിഭൂമി കര്‍ഷകനു നല്‍കിയ ഭൂപരിഷ്ക്കരണനിയമം ഇ.എം.എസ്സിന്‍റെ ഭരണകാലത്തെ സുവര്‍ണ്ണാദ്ധ്യായമാണ്.
ഇംഗ്ളീഷിലും മലയാളത്തിലുമായി 100-ഓളം ഗ്രന്ഥങ്ങള്‍. 72 ല്‍ "ആത്മകഥ' യ്ക്ക് സാഹിത്യ അക്കാദമി അവാര്‍ഡ് . മുഖ്യകൃതികള്‍ സോഷ്യലിസം, കേരള ചരിത്രം, കേരളത്തിന്‍റെ ദേശീയ പ്രശ്നം, കേരളം മലയാളികളുടെ മാതൃഭൂമി, ഗാന്ധിയും ഗാന്ധിസവും, ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം, വേദങ്ങളുടെ നാട്, കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍, വൈ ഐ ആം എ കമ്യൂണിസ്റ്റ് , എ ഹിസ്റ്ററി ഓഫ് ഇന്ത്യന്‍ ഫ്രീഡം സ്ട്രഗിള്‍.
പ്രഭാതം, ദേശാഭിമാനി, നവയുഗം, ജനയുഗം, നവജീവന്‍, ചിന്ത തുടങ്ങിയ പത്രങ്ങള്‍ ആരംഭിച്ചത് ഇ.എം.എസ്സിന്‍റെ നേതൃത്വത്തിലാണ്.
പരേതയായ ആര്യാ അന്തര്‍ജനമാണ് ഭാര്യ.