Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്വിറ്റ് ഇന്ത്യയുടെ സ്മരണ

ക്വിറ്റ് ഇന്ത്യയുടെ സ്മരണ
""ക്വിറ്റ് ഇന്ത്യ''-ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിന്‍റെ ഭാഗമാണ് ഈ മുദ്യാവാക്യം. 1942 ഓഗസ്റ്റ് ഒന്‍പതിനാണ് ക്വിറ്റ് ഇന്ത്യ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്.

ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യന്‍ ജനതയെ ഏകോപിപ്പിച്ച് സമരം നയിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ് ഈ മുദ്രാവാക്യം ഉയര്‍ത്തിയത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക എന്ന മുദ്രാവാക്യം രാജ്യമാകെ അലയൊലി സൃഷ്ടിക്കുകതന്നെ ചെയ്തു.

ഓഗസ്റ്റ് എട്ടിന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗീകരിച്ച പുത്തന്‍ സമരമാര്‍ഗത്തിന്‍റെ ഭാഗമായിത്ധന്നു ക്വിറ്റ് ഇന്ത്യ പ്രഖ്യാപനം. മുബൈയിലെ ""ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന വന്പന്‍ പൊതുസമ്മേളനത്തിലാണ് ഈ മുദ്രാവാക്യം ഉയര്‍ന്നത്.

ഇന്ത്യ വിടുകയെന്ന് ബ്രിട്ടീഷ്കാരോട് ആവശ്യപ്പെടുന്നതിനൊപ്പം ഇന്ത്യക്കാരുടെ മനസാക്ഷിയെ ഉണര്‍ത്താനും കോണ്‍ഗ്രസിനെ നയിച്ച മഹാത്മാ ഗാന്ധി ഉറപ്പിച്ചിരുന്നു.

ഇതിന്‍റെ ഭാഗമായി അതേവേദിയില്‍ മറ്റൊരു മുദ്രാവാക്യം കൂടിയുണ്ടായി-""പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക''. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിയെടുക്കാനായി ഉടലെടുത്ത പ്രധാന സമര പ്രഖ്യാപനങ്ങളിലൊന്നുകൂടിയാണിത്.

സമരപ്രഖ്യാപനം നടത്തിയതിന് അടുത്ത ദിവസംതന്നെ(ഓഗസ്റ്റ് 9) ബ്രിട്ടീഷധികാരികള്‍ ഗാന്ധിജിയെയും പ്രമുഖ നേതാക്കളെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അധികാരികള്‍ അടിച്ചമര്‍ത്തല്‍ നയം സ്വീകരിച്ചതോടെ ഗാന്ധിജിയുടെ "അഹിംസ' മറന്ന ജനത തീവ്രമായി തിരിച്ചടിച്ചു. രാജ്യം മുഴുവന്‍ അക്രമത്തിന്‍റെ പാതയിലൂടെ സമരക്കാര്‍ ബ്രിട്ടീഷ് നയങ്ങളെ എതിര്‍ത്തു.

പ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍ പകച്ച ബ്രിട്ടീഷ് ഭരണകൂടം ജയിലിനുള്ളിലുള്ള നേതാക്കള്‍ക്കു നേരെ തിരിഞ്ഞു. അന്യായമായി ജയിലില്‍ തടഞ്ഞുവച്ച നേതാക്കളുടെ മോചനത്തിനായി ഗാന്ധിജി 21 ദിവസം ജയിലിനുള്ളില്‍ നിരാഹാരസമരം നടത്തി.1943 മാര്‍ച്ച് മൂന്നിന് ഗാന്ധിജി നിരാഹാരം അവസാനിപ്പിച്ചു. ഗാന്ധിജിയുടെ പുത്തന്‍ സമരമാര്‍ഗത്തിനു മുന്നില്‍ ബ്രിട്ടീഷുകാര്‍ തോല്‍വി വഴങ്ങി.

ക്വിറ്റ് ഇന്ത്യ സമര പ്രഖ്യാപനം നടത്തിയത് അത് അഹിംസമാര്‍ഗത്തില്‍ മുന്നോട്ട് പോകണമെന്ന ആഗ്രഹത്തോടെയായിത്ധന്നു. സമരങ്ങള്‍ അക്രമത്തിലേക്ക് നീങ്ങിയത് ഗാന്ധിജിയെ പ്രതിക്കൂട്ടിലാക്കി. എന്നാലും ഇന്ത്യ സ്വതന്ത്രമാകുന്ന നിമിഷം വരെ ദേശ സ്നേഹികള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ആ മുദ്രാവാക്യം വിളിച്ചു-''ക്വിറ്റ് ഇന്ത്യ"".



ക്വിറ്റ് ഇന്ത്യ സമരരംഗങ്ങളിലൂടെ

മുംബൈയില്‍ ഓഗസ്റ്റ് 9-ന് ഗാന്ധിജിയടക്കമുള്ള നേതാക്കളെ അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മുംബൈയിലെ ഗൊവാലിയ മൈതാനത്തും ശിവാജി പാര്‍ക്കിലും വന്പിച്ച പ്രകടനം നടന്നു. മൈതാനത്തെ ജനക്കൂട്ടത്തിനു നേരെ പൊലീസ് വെടിവച്ചു. സംഭവത്തില്‍ എട്ടുപേര്‍ മരിക്കുകയും 169 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കോളജും സ്കൂളും വിട്ടിറങ്ങിയ വിദ്യാര്‍ത്ഥികളും വ്യാപാരികളും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. മാട്ടുംഗ റയില്‍വെ സ്റ്റേഷന്‍ സമരക്കാര്‍ ആക്രമിച്ചു. കെട്ടിടങ്ങള്‍ ബോംബ് വച്ച് തകര്‍ത്തു. നഗരത്തിന്‍റെ പല ഭാഗത്തും വെടിവയ്പ് നടന്നു.

പൂനെയിലെ ക്യാപ്പിറ്റോള്‍ സിനിമാ തീയേറ്ററില്‍ ബോംബ് വച്ചു. അഞ്ച് യൂറോപ്യന്‍മാര്‍ കൊല്ലപ്പെട്ടു. പൂനെയ്ക്കടുത്തുള്ള വെടിമരുന്ന് ശാലയ്ക്ക് തീവച്ചതുവഴി ഒരു കോടി രൂപയുടെ നഷ്ടമുണ്ടായി.

തസ്ഗാവ് സെപ്റ്റംബര്‍ 3-ന് പരശുറാം ഗാര്‍ഗിന്‍റെ നേതൃത്വത്തില്‍ തസ്ഗാവില്‍ നാലായിരത്തോളം കര്‍ഷകര്‍ ജാഥ നടത്തി. പ്രകോപനമൊന്നുമില്ലാതെ പൊലീസ് വെടിവച്ചു. ഗാര്‍ഗ് ഉള്‍പ്പൈടെ ഏഴുപേര്‍ കൊല്ലപ്പെട്ടു.

സത്താറയില്‍ പൊലീസ് വെടിവയ്പില്‍ 13 പേര്‍ മരിച്ചു. ആറുപേര്‍ ജയില്‍ മര്‍ദ്ദനത്തില്‍ മരിച്ചു. രണ്ടായിരത്തിലേറെ പേര്‍ അറസ്റ്റിലായി. നാനാപാട്ടീലിന്‍റെ നേതൃത്വത്തില്‍ സമാന്തര സര്‍ക്കാര്‍ സ്ഥാപിച്ചു.

ഗുജറാത്തിലെ ഖേരാ ജില്ലയില്‍ അഞ്ചിടത്ത് വെടിവയ്പുണ്ടായി. സുക്കൂറില്‍ ഭഗത്സിങ്ങിന്‍റെ ആരാധകനായ ഹേമുകലാനി എന്ന വിദ്യാര്‍ത്ഥിയാണ് സമരം നയിച്ചത്. ഒരു പട്ടാള ട്രെയിന്‍ മറിക്കാനായി റയില്‍പ്പാളം ഇളക്കിക്കൊണ്ടിരുന്ന ഹേമുവും കൂട്ടരും പൊലീസ് പിടിയിലായി. 1943 ജനുവരി 21 ന് സുക്കൂര്‍ ജയിലില്‍ ഹേമു കലാനിയെ തൂക്കിക്കൊന്നു.

നാദിയാദില്‍ സമരപ്രചരണം കഴിഞ്ഞുവരികയായിരുന്ന അന്‍പതു വിദ്യാര്‍ത്ഥികളെ പൊലീസ് വെടിവച്ചുകൊന്നു.

ഓഗസ്റ്റ് 11 ന് ബീഹാറിന്‍റെ തലസ്ഥാനമായ പട്നയിലെ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചുചെയ്ത വിദ്യാര്‍ത്ഥികളെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് ചെയ്തു. സെക്രട്ടേറിയറ്റിന്‍റെ കിഴക്കേ ഗേറ്റിനു മുകളില്‍ സമരക്കാര്‍ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് പട്ടാളം നടത്തിയ വെടിവയ്പില്‍ ഏഴു വിദ്യാര്‍ത്ഥികള്‍ മരിച്ചു. കലാപം സംസ്ഥാനത്തുടനീളം വ്യാപിച്ചു.

ബീഹാറിലെ തേഖറ, സിമാറാഘട്ട്, രൂപനഗര്‍, ബച്ച്വാറ പൊലീസ് സ്റ്റേഷനുകള്‍ പൂര്‍ണമായും തീവച്ച് നശിപ്പിച്ചു. മുംഗേറില്‍ തകര്‍ന്നുവീണ വിമാനത്തിലുണ്ടായിരുന്ന രണ്ട് വൈമാനികരെ സമരക്കാര്‍ അടിച്ചുകൊന്നു. ഇവിടെ വിമാനത്തില്‍നിന്ന് വെടിവച്ച് അന്‍പതുപേരെ ബ്രട്ടീഷ് പട്ടാളക്കാര്‍ കൊന്നു.

തീവ്രദേശീയവാദികളായ ജയപ്രകാശ് നാരായണ്‍, കാര്‍ണിക പ്രസാദ്, വജ്രകിഷോര്‍ പ്രസാദ് സിങ്ങ്, ഡോ. വൈദ്യനാഥഝാ, ശ്യാംസുന്ദര്‍ പ്രസാദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ബീഹാറിലെങ്ങും നടന്ന ഒളിപ്പോര്‍ സമരങ്ങള്‍ ബ്രിട്ടീഷുകാര്‍ക്ക് തലവേദനയായി.

ക്വിറ്റ് ഇന്ത്യ സമരരംഗങ്ങളിലൂടെ....2

ഉത്തര്‍പ്രദേശ്, ഓഗസ്റ്റ് 19: ഉത്തര്‍പ്രദേശിലെ സമരങ്ങള്‍ ബെല്ലിയ ജില്ലയായിരുന്നു. അറസ്റ്റു ചെയ്യപ്പെട്ടിരുന്ന നേതാക്കളെ മോചിപ്പിച്ചു. ചീതുപാണ്ഡെയുടെ നേതൃത്വത്തില്‍ പ്രക്ഷോഭകാരികള്‍ ജനകീയ സര്‍ക്കാരുണ്ടാക്കി. മൂന്നു ദിവസം കഴിഞ്ഞ് പട്ടാളമെത്തി സമരക്കാരെ അടിച്ചമര്‍ത്തി.

ഉത്തര്‍പ്രദേശിന്‍റെ മറ്റു കിഴക്കന്‍ ജില്ലകളായ അസംഗഢ്, ബസ്തി, മിര്‍സാപ്പൂര്‍, ഫൈസാബാദ്, സുല്‍ത്താന്‍പൂര്‍, ബനാറസ്, ജോണ്‍പൂര്‍, ഗൊരഖ്പൂര്‍ എന്നിവിടങ്ങളിലും സമരം ശക്തമായിരുന്നു. അവിടെയും പട്ടാളം സമരക്കാരെ ഒതുക്കാനെത്തി.

ബംഗാളിലെ പ്രക്ഷോഭണം നയിച്ചത് വിദ്യാര്‍ത്ഥികളാണ്. കല്‍ക്കത്തയില്‍ ഒരു രഹസ്യ റേഡിയോ സ്റ്റേഷന്‍ സ്ഥാപിച്ചു. പൊലീസുകാര്‍ക്കെതിരെ ജനക്കൂട്ടം അന്പും വില്ലും ഉപയോഗിച്ചു അനേകം പൊലീസുകാരെ കൊന്നു.

സെപ്റ്റംബര്‍ 29 ന് മിഡ്നാപൂര്‍ ജില്ലയിലെ താമ്ലൂക്ക് പൊലീസ് സ്റ്റേഷന്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ച 20,000 ത്തോളം വരുന്ന സമരക്കാര്‍ക്കുനേരെ പൊലീസ് വെടിവച്ചു.

"ഗാന്ധിപുരി' എന്ന് നാട്ടുകാര്‍ വിളിക്കുന്ന എഴുപത്തിമൂന്നുകാരിയായ മാതംഗിനി ഹസ്ര ദേശീയപതാകയുമായി പൊലീസിനെ നേരിട്ടു. വലതുകൈയ്ക്ക് വെടിയേറ്റപ്പോള്‍ ഇടതുകൈയില്‍ പിടിച്ച പതാക തലയ്ക്കു വെടിയേറ്റ് വീണിട്ടും അവര്‍ കൈവിട്ടില്ല.

ആസ്സാമിലും സമരം തീക്ഷ്ണമായിരുന്നു. പട്ടാളക്കാരെ കൊണ്ടുപോയ രണ്ടു തീവണ്ടികള്‍ മറിച്ചിട്ടു. 150 പട്ടാളക്കാര്‍ മരിച്ചു. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ അനേകം പേര്‍ കൊല്ലപ്പെട്ടു. ഗോഹ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ ദേശീയപതാക ഉയര്‍ത്താന്‍ ശ്രമിച്ച കനകലതയും രത്ന എന്ന പതിനഞ്ചുകാരിയും വെടിയേറ്റു മരിച്ചു.

ഒറീസയില്‍ സമരം നയിച്ചത് വിദ്യാര്‍ത്ഥികളായിരുന്നു. ആന്ധ്രയില്‍ പശ്ഛിമഗോദാവരിയിലെ ഭീമാവരത്തെ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ ദേശീയ പതാക ഉയര്‍ത്തിയ ജനക്കൂട്ടത്തിനു നേരെ പൊലീസ് നടത്തിയ വെടിവയ്പില്‍ അഞ്ചു പേര്‍ മരിച്ചു. രോഷാകുലരായ ജനക്കൂട്ടം ഒരു സൈനിക ക്യാന്പ് ആക്രമിച്ചു. തുടര്‍ന്നു നടന്ന വെടിവയ്പില്‍ 30 പേരാണ് മരിച്ചത്.

കര്‍ണാടകത്തില്‍ 200-ലധികം വില്ലേജാഫീസുകളിലെ റിക്കാര്‍ഡുകള്‍ പ്രക്ഷോഭകാരികള്‍ ചുട്ടുനശിപ്പിച്ചു. 23 റയില്‍വേ സ്റ്റേഷനുകള്‍ ആക്രമിച്ചു. 7000-ത്തിലധികം പേര്‍ അറസ്റ്റിലായി.
ഡല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ്, തുടങ്ങിയ പ്രവിശ്യകളിലും സമരക്കാര്‍ ബ്രിട്ടീഷ് ഭരണാധിപന്മാര്‍ക്ക് തലവേദന സൃഷ്ടിച്ചു.


Share this Story:

Follow Webdunia malayalam