Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വാതന്ത്ര്യത്തിന്‍റെ സിനിമാ വഴികള്‍

സ്വാതന്ത്ര്യത്തിന്‍റെ സിനിമാ വഴികള്‍
ഇന്ത്യന്‍ സിനിമയ്ക്ക് ഒരു ചരിത്രമുണ്ടെങ്കില്‍ തീര്‍ച്ചയായും അതില്‍ ഒട്ടേറെ ചരിത്ര സിനിമകളും ഉള്‍പ്പെടും. ബ്രിട്ടീഷ് മേധാവിത്വത്തില്‍ നിന്ന് ഇന്ത്യ സ്വതന്ത്രയായിട്ട് 60 വര്‍ഷം തികയുകയാണ്.

ബ്രിട്ടീഷ് ഭരണസമയത്തുണ്ടായിരുന്ന അരാജകത്വവും അഴിമതിയും അക്രമവാസനകളും നിറഞ്ഞൊഴുകിയ നിരവധി പത്രമാധ്യമങ്ങള്‍ അക്കാലത്ത് ഉണ്ടായിരുന്നെങ്കിലും ദൃശ്യമാധ്യമങ്ങളുടെ സ്വാധീനം തുലോം വിരളമായിരുന്നു.

എങ്കിലും സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിനുശേഷം ശക്തിയാര്‍ജ്ജിച്ച ദൃശ്യമാധ്യമങ്ങള്‍ ബ്രിട്ടീഷ് മേധാവിത്വം ഇന്ത്യയില്‍ വരുത്തിത്തീര്‍ത്ത വിനകളെ വിമര്‍ശിക്കാന്‍ ശ്രമിച്ചിരുന്നു.

ഇന്നത്തെപ്പോലെ ടെലിവിഷന്‍ ജനകീയമായ ഒരു കാലഘട്ടമല്ല അതെന്നോര്‍ക്കുക. ആ കാലത്ത് ബ്ളാക് ആന്‍റ് വൈറ്റ് ചിത്രങ്ങളായിരുന്നു കൂടുതലും. ടെലിവിഷന്‍ വാര്‍ത്തകളോ ഹ്രസ്വ ചിത്രങ്ങളോ കുറവായിരുന്ന ആ കാലത്ത് ഇന്ത്യയ്ക്ക് വേണ്ടി സംസാരിക്കാന്‍ സിനിമകളേ ഉണ്ടായിരുന്നുള്ളൂ എന്നതാണ് സത്യം.

സ്വാതന്ത്ര്യസമര ത്യാഗങ്ങളെയും ബ്രീട്ടീഷ് മേധാവിത്വത്തിന്‍െറ പൊള്ളത്തരങ്ങളെയും അപഗ്രഥിക്കാനുള്ള സിനിമകള്‍ നമുക്ക് പൊതുവെ കുറവായിരുന്നു. പുരാണേതിഹാസങ്ങളും ചരിത്രപുരുഷന്മാരുടെ അപദാനങ്ങളും വടക്കന്‍ പാട്ടിലെ വീരകഥകളും അടങ്ങിയ സിനിമകളില്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധമില്ലെങ്കിലും അവയിലൊക്കെ അടങ്ങിയ സ്വാതന്ത്ര്യവാഞ്ച പ്രേക്ഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

സ്വാതന്ത്ര്യ സമരത്തെയും സത്യാഗ്രഹങ്ങളെയും കുറിച്ചുള്ള ഫിലിംസ് ഡിവിഷന്‍െറ നിരവധി ഡോക്യുമെന്‍ററി ചിത്രങ്ങള്‍ അക്കാലത്തെ സ്വാതന്ത്ര്യസമരസേനാനികള്‍ക്കും ദേശസ്നേഹികള്‍ക്കും ആവേശം പകര്‍ന്നതോടൊപ്പം "ഭാരതീയര്‍' എന്ന അഭിമാനം നിലനിര്‍ത്താന്‍ വഴിയൊരുക്കുക കൂടി ചെയ്തു.

ബ്രീട്ടിഷ് മേധാവിത്വത്തെക്കുറിച്ചും സ്വാതന്ത്ര്യസമരത്തെക്കുറിച്ചുമൊക്കെ എണ്ണിപ്പറയാന്‍ പറ്റാത്തത്രയൊന്നുമധികം ചിത്രങ്ങള്‍ മലയാളത്തിലുണ്ടായിട്ടില്ല. ഇതില്‍ 1951- ല്‍ വി കൃഷ്ണന്‍ സംവിധാനം ചെയ്ത "കേരളകേസരി' ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമായിരുന്നു.




"ദേശഭക്തന്‍' എന്ന ഒരു മൊഴിമാറ്റചിത്രവും ഇതേ വര്‍ഷം തന്നെ കേരളത്തില്‍ പ്രദര്‍ശിപ്പിച്ചു. 1955 ലാണ് ആന്‍റണി മിത്രദാസിന്‍െറ "ഹരിശ്ഛന്ദ്രന്‍' എന്ന ചിത്രം റിലീസായത്. ഈ ചിത്രം സ്വാതന്ത്രസമര പ്രമേയമല്ല കൈകാര്യം ചെയ്തതെങ്കിലും വിശ്വാസത്തിന്‍െറയും സ്നേഹത്തിന്‍െറയും സത്യസന്ധതയുടെയും ഉപകഥ കൂടി ഈ ചിത്രത്തിലുണ്ടായിരുന്നു.

ഇതേ വികാരം ഉള്‍ക്കൊണ്ട മറ്റൊരു ചിത്രമായിരുന്നു 1962 ല്‍ പി. ഭാസ്കരന്‍ സംവിധാനം ചെയ്ത "ലൈലാമജ്നു'. പ്രേമത്തിന്‍െറ സ്വാതന്ത്ര്യമാണ് ഈ ചിത്രം അനാവരണം ചെയ്തത്.

1962 -ല്‍ എസ്. എസ്. രാജനും ജി. വിശ്വനാഥനും ചേര്‍ന്ന് സംവിധാനം ചെയ്ത "വേലുത്തന്പി ദളവ'യും 1964 ല്‍ കുഞ്ചാക്കോ - സംവിധാനം ചെയ്ത "കുഞ്ഞാലി മരയ്ക്കാറും 1988 ല്‍ ബക്കര്‍ സംവിധാനം ചെയ്ത "ശ്രീനാരായണ ഗുരു'വും ചരിത്രപുരുഷന്മാരുടെ പോരാട്ടത്തിന്‍െറ കഥ പറഞ്ഞതോടൊപ്പം തന്നെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്‍െറ കഥ കൂടി പറഞ്ഞിരുന്നു.

1986 -ല്‍ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത "മീനമാസത്തിലെ സൂര്യന്‍' സ്വാതന്ത്ര്യസമരകാലത്ത് കയ്യൂരില്‍ നടന്നിരുന്ന സംഭവത്തിലേക്കായിരുന്നു വിരല്‍ ചൂണ്ടുന്നത്. 1988 -ല്‍ ഐ.വി. ശശി സംവിധാനം ചെയ്ത "1921' എന്ന ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തിന്‍െറ പുനരാഖ്യാനമായിരുന്നു. മലബാര്‍ ലഹളയായിരുന്നു 1921 ന്‍െറ പ്രമേയം.

എന്നാല്‍, 1996ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത "കാലാപാനി' എന്ന ചിത്രം പറഞ്ഞത്, പോര്‍ട്ട് ബ്ളയര്‍ ജയിലില്‍ ബ്രിട്ടീഷുകാരുടെ തടവുപുള്ളികളായി കഴിയാന്‍ വിധിക്കപ്പെട്ട നിരവധി ഭാരതീയരുടെ കഥയായിരുന്നു.

തികച്ചും വസ്തുനിഷ്ഠവും ചരിത്രപരവുമാകേണ്ട ഈ ചിത്രത്തെ പക്ഷെ കച്ചവടസാധ്യതകള്‍ക്കുവേണ്ടി സംവിധായകന്‍ ബലികഴിക്കുകയായിരുന്നു. അനാവശ്യമായ ഗാനരംഗങ്ങളും സംഘട്ടനങ്ങളും ബ്രിട്ടിഷുകാരോടുള്ള അമിതാശ്രയത്വത്തില്‍ നിന്നുടലെടുക്കുന്ന ഭാരതീയന്‍െറ "സെന്‍റിമെന്‍സും' കൊണ്ട് ഒരു ചരിത്ര സിനിമാവിഭാഗത്തില്‍ നിന്നും "കാലാപാനി' അകന്നുനിന്നു.



ചരിത്രസിനിമകളെന്നപോലെ വ്യക്തമായ രാഷ്ട്രീയ ചായ്വുള്ള സിനിമകളും മലയാളമണ്ണില്‍ ഉണ്ടായിട്ടുണ്ട്. ഇടതുപക്ഷ ചായ്വിലായിരുന്നു പലരും കഥകള്‍ പറഞ്ഞിരുന്നത്. അതില്‍ ദാരിദ്യ്രത്തിന്‍െറയും പട്ടിണിയുടെയും തൊഴിലാളി-മുതലാളി വര്‍"ത്തിന്‍െറ ചൂഷണ- ചൂഷിത വികാരങ്ങളും പ്രകടമായിരുന്നു. അതുകൊണ്ടുതന്നെ ഇത്തരം ചില ചിത്രങ്ങള്‍ക്ക് വിദേശമാര്‍ക്കറ്റും ലഭിച്ചു.

1976 ല്‍ ബക്കര്‍ സംവിധാനം ചെയ്ത "കബനീനദി ചുവന്നപ്പോള്‍', 1980 -ല്‍ രവീന്ദ്രന്‍ സംവിധാനം ചെയ്ത "ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍', 1984 ല്‍ കെ.ജി. ജോര്‍ജ്ജ് സംവിധാനം ചെയ്ത ആക്ഷേപഹാസ്യചിത്രമായ "പഞ്ചവടിപ്പാലം', ഇതേ വര്‍ഷം തന്നെ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത "മുഖാമുഖം', അതിനുശേഷം ലെനിന്‍ രാജേന്ദ്രന്‍െറ "മീനമാസത്തിലെ സൂര്യന്‍', രവിന്ദ്രന്‍െറ "ഒരേ തൂവല്‍ പക്ഷികള്‍', ബക്കറിന്‍െറ "സഖാവ്', അടൂര്‍ ഗോപാലകൃഷ്ണന്‍റെ "കഥാപുരുഷന്‍', ശരത്തിന്‍െറ "സായാഹ്നം' കെ.ജി.ജോര്‍ജ്ജിന്‍െറ "ഇലവങ്കോട് ദേശം', വേണുനാഗവള്ളിയുടെ "രക്തസാക്ഷികള്‍ സിന്ദാബാദ്' തുടങ്ങിയ ചിത്രങ്ങളിലൊക്കെ പ്രത്യക്ഷമായും പരോക്ഷമായും രാഷ്ട്രീയ സ്വാധീനം പ്രകടമായിരുന്നു.

മലയാളത്തിലെ എക്കലത്തേയും വലിയ സംരംഭങ്ങളിലൊന്നായ മോഹന്‍ലാലിന്‍റെ സ്വന്തം നിര്‍മാണത്തില്‍ പുറത്തുവന്ന "കാലാപാനി'യാണ് സ്വാതന്ത്ര്യസമര ചരിത്രത്തെ ആസ്പദമാക്കി കേരളത്തിലിറങ്ങിയ കന്പോളവിജയചിത്രങ്ങളിലൊന്ന്. ടി. ദാമോദരന്‍റെ രചനയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെ്യത ഈ ചിത്രം ആന്‍ഡമാന്‍സിലെ സെല്ലുലാര്‍ ജയിലുകളില്‍ വീര്‍സവര്‍ക്കറുടെ നേതൃത്വത്തില്‍ നടന്ന ഒരു സഹനസമര മുന്നേറ്റത്തിന്‍റെ കഥയാണ് പറഞ്ഞത്.

മലയാളത്തിലിറങ്ങിയ രണ്ടു വന്‍ബജറ്റു സ്വാതന്ത്ര്യസമരഗാഥകളും രചിച്ചത് ടി. ദാമോദരനായിരുന്നു എന്നതും യാദൃശ്ഛികം. ഐ.വി. ശശി ഒരുക്കിയ "1921'ന് തിരക്കഥയൊരുക്കിയ ദാമോദരന്‍ മലബാറിനെ പിടിച്ചു കുലുക്കിയ വാഗണ്‍ ദുരന്തവും മലബാര്‍ കലാപവുമാണ് വിഷയമാക്കിയത്. ലെനില്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത "മീനമാസത്തിലെ സൂര്യ'നാവട്ടെ പ്രശസ്തമായ കയ്യൂര്‍ വിപ്ളവത്തെ ആസ്പദമാക്കിയുള്ളതായിരുന്നു.


പ്രാദേശിക ഭാഷയായ മലയാളത്തില്‍ ഇത്രയും ചിത്രങ്ങളുടെ പട്ടിക നിരത്തുന്പോള്‍ ഹിന്ദിയില്‍ നിര്‍മ്മിച്ച "ഗാന്ധിയും അംബേദ്കറും മദര്‍ ഇന്ത്യയും സ്വാതന്ത്ര്യസമരകാലഘട്ടത്തെ ലക്ഷ്യമാക്കി മാത്രം നിര്‍മ്മിച്ച ചിത്രങ്ങളായിരുന്നു എന്ന് പറയാതെ വയ്യ. ആറ്റന്‍ ബറോയ്ക്കും മമ്മൂട്ടിക്കും നര്‍ഗീസിനും അതുകൊണ്ട് തന്നെ ഇന്ത്യന്‍ ചരിത്രത്തില്‍ വിലമതിക്കാനാവാത്ത സ്ഥാനമാണുള്ളതും.

തമിഴ് സിനിമയിലും ബ്രീട്ടീഷുകാരുടെ നേരെയുള്ള പ്രതിക്ഷേധം അലയടിച്ചു. ഇത് പറയുന്പോള്‍, അന്തരിച്ച ശിവാജി ഗണേശന്‍ എന്ന അതുല്യ നടനെ ഓര്‍ക്കാതെ വയ്യ. മുന്നൂറിനടുത്ത് ചിത്രങ്ങളില്‍ അഭിനയിച്ച ശിവാജി ഗണേശന്‍ ഇന്നും ഓര്‍മ്മിക്കപ്പെടുന്നതും ആദരിക്കപ്പെടുന്നതും "വീരപാണ്ഡ്യകട്ടബൊമ്മന്‍', "കപ്പലോട്ടിയ തമിഴന്‍', "അന്തനാള്‍' എന്നീ ചിത്രങ്ങളിലൂടെയാണല്ലോ.

തമിഴിലെ ആദ്യത്തെ ചരിത്ര സിനിമ "ത്യാഗഭൂമി'യായിരുന്നു. അതിനുശേഷം "നാം ഇരുവര്‍' എന്ന ചിത്രം പുറത്തുവന്നു. "നാം ഇരുവര്‍' തികച്ചും റാഡിക്കല്‍ മനോഭാവമുള്ള ഒരു ചിത്രമായിരുന്നു. താരപരിവേഷമില്ലാത്ത സാരംഗപാണിയും ടി.ആര്‍ രാമചന്ദ്രനുമായിരുന്നു ഈ രണ്ടു ചിത്രങ്ങളിലും നിറഞ്ഞുനിന്നത് !

സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങളായിരുന്നു "വീരപാണ്ഡ്യകട്ടബൊമ്മനും' "കപ്പലോട്ടിയ തമിഴനും' വെള്ളക്കാരുടെ രാജ്യഭരണത്തെ നിശിതമായി വിമര്‍ശിച്ച കട്ടബൊമ്മന്‍ എന്ന സ്വാതന്ത്ര്യവാദിയെ മറ്റൊരു ഇന്ത്യക്കാരന്‍ തന്നെ ചതിയില്‍ പെടുത്തി ബ്രിട്ടീഷുകാരുടെ ശത്രുവായി ചിത്രീകരിച്ച് തൂക്കിലേറ്റുകയായിരുന്നു.

"കപ്പലോട്ടിയ തമിഴനകാട്ടെ' സ്വാതന്ത്ര്യദാഹിയായ ചിദംബരപിള്ളയുടെ കഥ പറയുകയായിരുന്നു. ബ്രിട്ടീഷ് ആധിപത്യത്തിന്‍െറ കീഴില്‍ കപ്പല്‍ വാണിജ്യബന്ധം നിലനിന്നിരുന്ന ആ കാലത്ത്, ധൈര്യപൂര്‍വ്വം സ്വന്തമായി വാണിജ്യകപ്പലിറക്കിയ തമിഴനായിരുന്നു ചിദംബരം പിള്ള. ആ കാലഘട്ടത്തിലെ റിക്കാര്‍ഡ് ബ്രേക്കായിരുന്നു ഈ ചിത്രം. ഭാരതീയന്‍ രണ്ടാം ലോകമഹായുദ്ധത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് വ്യക്താക്കുന്ന ചിത്രമായിരുന്നു

"അന്തനാള്‍'. "റഷോമോണ്‍' എന്ന കുറസോവ ചിത്രത്തെ അവലംബിച്ചായിരുന്നു "അന്തനാള്‍' ജന്മം കൊണ്ടത്. സ്വാതന്ത്ര്യസമരത്തെക്കുറിച്ചും സ്വാതന്ത്ര്യാനന്തര കാലഘട്ടത്തെ അഴിമതിയെ എതിര്‍ക്കാന്‍ വേണ്ടിയും ഇന്ത്യന്‍ സിനിമ എന്നും പടപൊരുതിയിട്ടുണ്ട്.

സിനിമ, അമിത മുതല്‍മുടക്കുള്ളതിനാലും അതിന്‍െറ കച്ചവടം അനിവാര്യമാകയാലും അനാവശ്യമായ അതിഭാവുകത്വങ്ങള്‍ അവയിലൊക്കെ തിരുകിയിരുന്നു എന്നത് ഒരു പോരായ്മയാണ്. എങ്കിലും 54ാം വര്‍ഷം ഭാരതത്തിന്‍െറ സ്വാതന്ത്ര്യത്തെ നാം വാഴ്ത്തിപ്പാടുന്പോള്‍ നമ്മുടെ സിനിമയും അതില്‍ മുഖ്യപങ്കുവഹിച്ചു എന്നതില്‍ സന്തോഷിക്കാം.


Share this Story:

Follow Webdunia malayalam