ഇന്ത്യ എന്‍റെ രാജ്യമാണ്...എല്ലാ ഇന്ത്യക്കാരും ചൊല്ലുന്ന സത്യ പ്രതിജ്ഞയുടെ തുടക്കം ഇങ്ങനെയാണ്. ഇന്ത്യ എന്ന നമ്മുടെ മാതൃരാജ്യത്തിന് വളരെയധികം സവിശേഷതകളും ഉണ്ട്.
പാകിസ്ഥാനുമായി വിഭജനത്തിന്‍റെ കണക്കുകള്‍ പറഞ്ഞു തീര്‍ത്ത് 1947 ഓഗസ്റ്റ് 15 ന് അര്‍ദ്ധ രാത്രിയില്‍ ഇന്ത്യ കണ്ണുചിമ്മിത്തുറന്നത് സ്വതന്ത്ര പരമാധികാരത്തിന്‍റെയും ജനാധിപത്യത്തിന്‍റെയും ലോകത്തേക്കായിരുന്നു. അന്നുമുതല്‍ ഇന്ത്യ തുടര്‍ച്ചയായ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയയാവുകയാണ്.
സ്വാതന്ത്ര്യം കിട്ടിയ നാളില്‍ ഇന്ത്യന്‍ ജനസംഖ്യ വെറും 400 ദശലക്ഷം മാത്രമായിരുന്നു. ഇപ്പോള്‍ 100 കോടിയില്‍ അധികം ആളുകള്‍ വസിക്കുന്ന ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം. 2101 ല്‍ ഇന്ത്യയുടെ ജനസംഖ്യ 200 കോടി കവിയുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഇന്ത്യയിലാണ് ലോകത്ത് ഏറ്റവും അധികം ആളുകള്‍ക്ക് വോട്ടവകാശമുള്ളത്. ഏറ്റവും അധികം ആളുകള്‍ മുഖ്യ ജനാധിപത്യ പ്രക്രിയയായ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതും ഇന്ത്യയില്‍ നിന്നു തന്നെ.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഭാരതീയ ജനതാ പാര്‍ട്ടി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ തുടങ്ങി ആകെ ഏഴ് ദേശീയ പാര്‍ട്ടികളാണ് ഇന്ത്യയിലുള്ളത്. സംസ്ഥാനങ്ങളില്‍ പ്രാമുഖ്യ മുള്ള അംഗീകൃത പാര്‍ട്ടികളുടെ എണ്ണം 45 ആണ്. രാജ്യസഭയിലും ലോക്സഭയിലും പ്രാതിനിധ്യമുള്ള എട്ട് പാര്‍ട്ടികള്‍ വേറെ. രജിസ്റ്റര്‍ ചെയ്തതും അംഗീകരിക്കാത്തതുമായ പാര്‍ട്ടികളുടെ എണ്ണം 735 ആണ്.
സ്ത്രീ പ്രാതിനിധ്യം അംഗീകരിക്കാനും ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥ മുന്‍കൈ എടുത്തു. ഇന്ദിരാഗാന്ധി ആദ്യ വനിതാ പ്രധാനമന്ത്രിയായത് ഇന്ത്യയുടെ ഇത്തരത്തിലുള്ള മുന്നേറ്റത്തിന്‍റെ തുടക്കമായിരുന്നു. പിന്നീട് പലവട്ടം അന്താരാഷ്ട്ര സര്‍വേകളില്‍ ‘ശക്തമായ വ്യക്തിത്വം’ എന്ന വിശേഷണത്തിന്‍റെ ഉടമയായ സോണിയ ഗാന്ധി ഭരണ സഖ്യത്തിന്‍റെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും നേതൃസ്ഥാനം കൈക്കൊണ്ടതും ഇന്ത്യ സ്ത്രീകളെ അംഗീകരിക്കുന്നതിന്‍റെ തെളിവായി.
പ്രതിഭാ പാട്ടീല്‍ 2007 ജൂലൈ 25 ന് ഇന്ത്യയുടെ വനിതാ രാഷ്ട്രപതിയായി സ്ഥാനമേറ്റു. ഇന്ത്യയുടെ പ്രഥമ വ്യക്തിത്വം ഒരു വനിതയില്‍ ആദ്യമായി അധിഷ്ഠിതമായതിലൂടെ ഇന്ത്യയും പ്രതിഭയും രാഷ്ട്രീയ ചരിത്രത്തില്‍ ഇടം പിടിച്ചു.
ഒരിക്കലും ഒരു ഒറ്റ രാജ്യമായി നില നില്‍ക്കാത്ത ഭൂവിഭാഗം 1947 നു ശേഷം ഭാഷാ വൈവിധ്യങ്ങളെയും സാംസ്കാരിക ഭിന്നതകളെയും ഭൂമിശാസ്ത്രപരമായ വൈവിധ്യങ്ങളെയും മറന്ന് ഒറ്റക്കെട്ടായി, ഒരൊറ്റ ഇന്ത്യയായി മുന്നേറുകയാണ്.
Follow Webdunia malayalam