Select Your Language

Notifications

webdunia
webdunia
webdunia
webdunia

തവാംഗ്....നമ്മുടെ തവാംഗ്

തവാംഗ്....നമ്മുടെ തവാംഗ്
, ബുധന്‍, 7 ഒക്‌ടോബര്‍ 2009 (19:17 IST)
PRO
ചൈനയുടെ അവകാശവാദം നിലനില്‍ക്കുന്ന സ്ഥലമാണ് അരുണാചല്‍ പ്രദേശിലെ ഇന്തോ‌-ബര്‍മ്മ അതിര്‍ത്തിയിലെ തവാംഗ്. പ്രകൃതി പോലും ഈ സ്ഥലത്തിന്റെ പിറവിക്കായി ഒത്തിരി സ്വപ്നം കണ്ടിരിക്കണം....അത്രയേറെ മനോഹരമാണ് ഹിമാലയ സാനുക്കള്‍ അതിര് വിതാനിക്കുന്ന ഈ രമണീയ സ്ഥലം!

“ബുദ്ധം ശരണം ഗച്ഛാമി” എന്ന സ്തുതികള്‍ അന്തരീക്ഷത്തില്‍ പാറിപ്പറന്ന് നടക്കുന്ന തവാംഗ് സമുദ്ര നിരപ്പില്‍ നിന്ന് 11,155 ഉയരെയുള്ള ഒരു വിനോദ സഞ്ചാര കേന്ദ്രമാണ്. ഇവിടെയെത്തിച്ചേരുന്ന സഞ്ചാരികള്‍ ഹിമാലയത്തില്‍ നിന്ന് വീശുന്ന അസ്ഥിതുളയ്ക്കുന്ന തണുത്ത കാറ്റില്‍ ചൂളിപ്പോകാതിരിക്കാന്‍ ഓര്‍ക്കിഡ് പൂക്കളുടെ മോഹന വര്‍ണങ്ങളും ഇവിടുത്തെ മൊണാപ ഗോത്രവര്‍ഗക്കാരുടെ ഹാര്‍ദ്ദമായ സ്വാഗത വചനങ്ങളും സഹായിച്ചേക്കും. വെള്ളച്ചാട്ടങ്ങളും അരുവികളും അന്തരീക്ഷവും പ്രകൃതിയും ഒരുക്കിവച്ചിരിക്കുന്ന ഈ വിസ്മയങ്ങള്‍ കാണാനെത്തുന്നവര്‍ക്ക് ഇവയെല്ലാം സത്യമോ മിഥ്യയോ എന്ന് തോന്നിയാലും അതിശയിക്കാനില്ല.

ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവര്‍ക്കും അന്തരീക്ഷത്തിന്റെ മായാജാലം നേരിട്ടനുഭവിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കും തവാംഗ് സന്ദര്‍ശിക്കാം, ഓര്‍മ്മച്ചെപ്പില്‍ എന്നും കാത്ത് സൂക്ഷിക്കാം. താവാംഗ് ബുദ്ധവിഹാരമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. തവാംഗും ടിബറ്റുമായുള്ള ബന്ധം ഈ ബുദ്ധവിഹാരത്തിന്റെ കഥയില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും. ബുദ്ധവിഹാരത്തിന്റെ നിര്‍മ്മിതിക്കായി ഉപയോഗിച്ചിരിക്കുന്ന ഓരോ കല്ലും ടിബറ്റില്‍ നിന്ന് ചെത്തിയൊരുക്കി കുതിരപ്പുറത്ത് എത്തിച്ചതാണെന്നാണ് വിശ്വാസം. മഹായാന ബുദ്ധമത വിഭാഗത്തിന്റെ അഭിമാനമാണ് ഇവിടുത്തെ എട്ട് മീറ്റര്‍ ഉയരമുള്ള ബുദ്ധ പ്രതിമ.

തവാംഗ് എന്ന സ്ഥലനാമവും ഈ ബുദ്ധവിഹാരവും തമ്മില്‍ ഏറെ ബന്ധപ്പെട്ടിരിക്കുന്നു. മീര ലാമയുടെ കുതിരയാണ് തവാംഗ് ഗോമ്പ എന്നും അറിയപ്പെടുന്ന ഈ ബുദ്ധ വിഹാരത്തിന്റെ സ്ഥാ‍നം കണ്ടെത്തിയത് എന്നാണ് വിശ്വാസം. തവാംഗ് എന്നാല്‍ “കുതിര കണ്ടെത്തിയത്” എന്നാണ് അര്‍ത്ഥം. 1643-47 കാലഘട്ടത്തിലാണ് ഈ ബുദ്ധവിഹാരം നിര്‍മ്മിച്ചത്. ചുവര്‍ ചിത്രങ്ങളാലും പ്രസിദ്ധമായ ഈ വിഹാരം മൂന്ന് നിലകളിലായാണ് നിര്‍മ്മിച്ചിരിക്കുന്നത്. 65 ഓളം വാസഗൃഹങ്ങള്‍ ഉള്ള ഇവിടുത്തെ പ്രാര്‍ത്ഥനാ ഹാളില്‍ വിവിധ രീതിയിലുള്ള ബുദ്ധ പ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്നു.

തവാംഗിലെ തടാകങ്ങളും സന്ദര്‍ശകര്‍ക്ക് പ്രകൃതിയുമായുള്ള അനന്ത സല്ലാപത്തിന് വഴിയൊരുക്കുന്നു. പങ്കാംഗ് ടെംഗ് സോ എന്ന തടാകം ടൌണില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെയാണ് സ്ഥിതിചെയ്യുന്നത്. മറ്റൊരു പ്രസിദ്ധമായ തടാകമാണ് സംഗേശ്വര്‍ തടാകം. ഈ തടാകം ഇപ്പോള്‍ അറിയപ്പെടുന്നത് ബോളിവുഡ് നടി മാധുരി ദീക്ഷിദിന്റെ പേരിലാണ്. ഇവര്‍ ഒരിക്കല്‍ ഇവിടെ ഷൂട്ടിംഗിനായി എത്തിയതോടെയാണ് ഈ പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്.

ബും ലാ പാസ് ആണ് മറ്റൊരു ആകര്‍ഷണം. എല്ലാ ആറ് മാസക്കാലത്തും ചൈനീസ് കമാന്‍ഡര്‍മാരും ഇന്ത്യന്‍ കമാന്‍ഡര്‍മാരും ഇവിടെ കണ്ടുമുട്ടുകയും പരസ്പരമുള്ള ലഘുവായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം നടത്തുകയും ചെയ്യുന്നു. ബും ലാ പാസിനടുത്തുള്ള ജസ്വന്ത് സിംഗ് ഗഡിന് വീരദേശാഭിമാനിയുടെ കഥയാണ് പറയാനുള്ളത്- 72 മണിക്കൂര്‍ ശത്രുക്കളെ ഒറ്റയ്ക്ക് നേരിട്ട് മരണം വരിച്ച ധീരതയുടെ കഥ. ഇവിടം ഗഡ്‌വാള്‍ റൈഫിള്‍സിലെ ജസ്വന്ത് സിംഗിന്റെ വീര്യത്തെ എന്നും സ്മരിക്കും.

തവാംഗിലെ കൂടിയ ചൂട് 29 ഡിഗ്രി സെല്‍‌ഷ്യസാണ്. കുറഞ്ഞ ചൂട് -5 ഡിഗ്രിയുമാണ്. മാര്‍ച്ച്-ഏപ്രില്‍, സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. സന്ദര്‍ശനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അനുമതി തേടേണ്ടതുണ്ട്.

Share this Story:

Follow Webdunia malayalam