മഞ്ഞിന് കിരീടവും ചൂടി...
, വ്യാഴം, 5 ഓഗസ്റ്റ് 2010 (14:24 IST)
പശ്ചിമ ബംഗാളിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ തലയുയര്‍ത്തി നില്ക്കുന്ന ഡാര്‍ജിലിംഗ് ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ഹില്‍ റിസോര്‍ട്ടുകളിലൊന്നാണ്. ഹിമാലയം അണിയിച്ചു നല്കിയ മഞ്ഞിന് കിരീടവും ചൂടി രാജകീയ പ്രൌഢിയില്‍ തന്നെയാണ് ഡാര്‍ജിലിംഗ് നില്‍ക്കുന്നത്.അമൂല്യമായ കല്ല് എന്ന് അര്‍ത്ഥമുള്ള ഡോര്‍ജ് എന്ന ടിബറ്റിയന്‍ വാക്കില്‍ നിന്നാണ് ഡാര്‍ജിലിംഗ് എന്ന പദമുണ്ടായത്. ആകാശത്തെ വെള്ളി മേഘങ്ങളെ തൊട്ടുരുമ്മി നില്ക്കുന്ന കുന്നിന് ചെരിവുകളില്‍ നോക്കെത്താ ദൂരത്തോളം വ്യാപിച്ചു കിടക്കുന്ന ദേവദാരു വനങ്ങളും തേയിലത്തോട്ടങ്ങളും വല്ലാത്തൊരനുഭൂതിയാണ് കാഴ്ചക്കാരന് പ്രദാനം ചെയ്യുന്നത്. ആ അനുഭൂതിയാണ് വിനോദസഞ്ചാരികളെയും പക്ഷിശാസ്ത്രജ്ഞന്മാരെയും ഫോട്ടോഗ്രാഫര്‍മാരെയും കലാകാരന്മാരെയും ഈ അനന്യ ഭൂമിയിലേക്ക് ആകര്‍ഷിക്കുന്നത്. ഡാര്‍ജിലിംഗിനെ കുന്നിന്‍പ്രദേശങ്ങളുടെ രാജ്ഞി എന്ന് വിളിക്കുന്നതില്‍ എന്ത് തെറ്റാണുള്ളത്? പ്രധാന ആകര്ഷണങ്ങള്ടൈഗര് ഹില്‍: സമുദ്ര നിരപ്പില്‍ നിന്ന് 2590 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഡാര്‍ജിലിംഗ് പട്ടണത്തില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെയാണ്. കാഞ്ചന്‍ജംഗയ്ക്ക് മുകളിലൂടെ ദൃശ്യമാവുന്ന സൂര്യോദയമാണ് ഈ സ്ഥലത്തെ ആഗോള പ്രശസ്തിയിലേക്ക് ഉയര്‍ത്തുന്നത്. എവറസ്റ്റ് കൊടുമുടി പോലും ഈ പ്രദേശത്ത് നിന്ന് കാണാനാവും.ബറ്റാസിയ ലൂപ്: ഡാര്‍ജിലിംഗില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ഈ റെയില്‍വേ ലൂപ് സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു. മഞ്ഞില്‍ കുളിച്ചു നില്ക്കുന്ന പട്ടണത്തിന്റെ മനോഹരമായ ദൃശ്യം ഇവിടെ നിന്നും ആസ്വദിക്കാനാകും. ഒബ്സര്‍വേറ്ററി ഹില്‍സ്: മതപരമായി ഏറെ പ്രാധാന്യമുള്ള സ്ഥലമാണിത്. ഹിന്ദുക്കളും ബുദ്ധമതക്കാരും ഏറെ കാലമായി ഇവിടെ ആരാധന നടത്തിവരുന്നു.നിരവധി മ്യൂസിയങ്ങളും പാര്‍ക്കുകളും ഗാര്‍ഡനുകളും ഡാര്‍ജിലിംഗിന്റെ മനോഹാരിതയ്ക്ക് മാറ്റ് കൂട്ടിക്കൊണ്ട് സഞ്ചാരികളെ കാത്തിരിക്കുന്നു. ഹിമാലയന്‍ മൌണ്ടനീയറിംഗ് ഇന്‍സ്റ്റിട്യൂട്ട് ആന്റ് പദ്മജ നായിഡു ഹിമാലയന്‍ സുവോളജിക്കല്‍ പാര്‍ക്ക് ഇതില്‍ ഏറെ പ്രധാനപ്പെട്ടതാണ്. ഇതിനടുത്തുള്ള വന്യജീവി സങ്കേതത്തില്‍ സൈബീരിയന്‍ കടുവ, ഹിമാലയന്‍ കരടി, മാന്‍, ചീറ്റപ്പുലി, പുള്ളിപ്പുലി, പക്ഷികള്‍ എന്നിവയെ കാണാം.ഹിമാലയന്‍ സസ്യങ്ങളെക്കുറിച്ചും പൂക്കളെക്കുറിച്ചും ഓര്ക്കിഡുകളെക്കുറിച്ചും ഏറെ മനസിലാക്കാന്‍ പറ്റുന്നിടമാണ് ലോയിഡ്സ് ബൊട്ടാണിക്കല്‍ ഗാര്ഡന്. പൂന്തോട്ടങ്ങളും ചെറിയ വെള്ളച്ചാട്ടങ്ങളും കൊണ്ട് അലങ്കൃതമാണ് ഗംഗാമയ പാര്‍ക്ക്. ബോട്ടിംഗ് സൌകര്യം ഇവിടെ ലഭ്യമാണ്. രാജ്ഭവന് പിറകിലുള്ള ജവഹര്‍ പര്ബത്തിലെ ഷ്രബ്ബെറി ഉദ്യാനത്തില്‍ നിന്ന് കാഞ്ചന്‍ജംഗയുടെയും സിംഗ്ല വാലിയുടെയും മനോഹര ദൃശ്യം ആസ്വദിക്കാനാകും.ഹാപ്പി വാലി ടീ എസ്റ്റേറ്റ്, രംഗീത് വാലി പാസഞ്ചര്‍ റോപ്വേ, ഗാര്‍ഗ് വേള്‍ഡ് പാര്‍ക്ക്, ബാര്‍ബോട്ടി റോക്ക് ഗാര്ഡന്, മഞ്ചുഷ ബംഗാള്‍ എമ്പോറിയം, ഹെയ്ഡെന്‍ ഹാള്‍, ഗ്രാം ശില്പ, സിംഗ്ല, അജിതാര്‍, ബജന്‍ ബാരി തുടങ്ങി സഞ്ചാരികള്‍ക്ക് എന്നും ആസ്വാദനത്തിന്റെ പുതിയ അനുഭൂതികള്‍ നല്കാന് ഏറെ സ്ഥലങ്ങള്‍ ഡാര്‍ജിലിംഗിലുണ്ട്.
Follow Webdunia malayalam