മുംബൈ സിഎസ്ടിയുടെ കഥ....
, തിങ്കള്‍, 19 ഒക്ടോബര്‍ 2009 (17:00 IST)
ഛത്രപതി ശിവജി ടെര്‍മിനസ് മുംബൈയിലെ പ്രധാന റയില്‍വെ സ്റ്റേഷനുകളില്‍ ഒന്നാണ്. സിഎസ്ടി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ 26/11 ല്‍ ഭീകര്‍ നടത്തിയ തേര്‍വാഴ്ചയാവും നമ്മുടെയൊക്കെ മനസ്സില്‍ ഓടിയെത്തുക. എന്നാല്‍, ഗതകാല സ്മരണകളുണര്‍ത്തി നില്ക്കുന്ന സിഎസ്ടി മന്ദിരത്തിന് കോടിക്കണക്കിന് യാത്രക്കാരുടെ കഥയാവും പറയാനുള്ളത്.സെന്‍ട്രല്‍ റയില്‍വെയുടെ പടിഞ്ഞാറെ അറ്റത്തുള്ള സ്റ്റേഷനാണ് സിഎസ്ടി. ഇന്തോ-വിക്ടോറിയന്‍ ഗോഥിക് ശൈലിയിലുള്ള ഈ സ്റ്റേഷന് മന്ദിരം ഗ്രേറ്റ് ഇന്ത്യന്‍ പെനിന്‍സുലാര്‍ കമ്പനിക്ക് വേണ്ടിയാണ് പണികഴിപ്പിച്ചത്. ഫെഡറിക് സ്റ്റീവന്‍സണ്‍ എന്ന ബ്രിട്ടീഷ് വാസ്തു ശില്‍പ്പിയായിരുന്നു മന്ദിരത്തിന്റെ രൂപകല്‍പ്പന. 1887ല്‍ വിക്ടോറിയ ഗോള്‍ഡന്‍ ജൂബിലിയോട് അനുബന്ധിച്ച് ടെര്‍മിനസ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.പത്ത് വര്‍ഷമാണ് സിഎസ്ടി മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനെടുത്തത്. ഇതിനായി അക്കാലത്ത് 16. 14 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ഇത്രയൊക്കെ പാരമ്പര്യമുള്ള സിഎസ്ടിയില് നിന്നാണ് 1953 ല്‍ ഇന്ത്യയിലെ ആദ്യ ആവി എഞ്ചിന് താനെയിലേക്ക് ഓടിയത്. 1996ല്‍ അന്നത്തെ മഹാരാഷ്ട്ര സര്‍ക്കാര്‍ വിടി സ്റ്റേഷന്റെ പേര് ഛത്രപതി ശിവജി ടെര്‍മിനസ് (സിഎസ്ടി) എന്നാക്കി.വലിയൊരു താഴികക്കുടമാണ് സിഎസ്ടി മന്ദിരത്തിലേക്ക് വരുന്നവരുടെ ശ്രദ്ധ ആദ്യം ആകര്‍ഷിക്കുന്നത്. പ്രാദേശികമായി ലഭ്യമായ ചുണ്ണാമ്പുകല്ലില്‍ തീര്‍ത്ത ഈ മനോഹര സൌധം വിക്ടോറിയന്‍-വെനീസ്-ഇന്ത്യന്‍ നിര്‍മ്മിതിയുടെ മകുടോദാഹരണമാണ്. സിഎസ്ടി മന്ദിരത്തിന്റെ മേല്‍ക്കൂരയും ആര്‍ച്ചുകളും മകുടങ്ങളും കൊത്തുപണികളുമെല്ലാം നമ്മെ മറ്റൊരു കാലത്തേക്ക്.....മറ്റൊരു ലോകത്തേക്ക് കൊണ്ടുപോവുമെന്നത് ഉറപ്പാണ്. സിഎസ്ടി മന്ദിരത്തില്‍ സ്ഥാപിച്ചിരിക്കുന്ന വിക്ടോറിയ മഹാറാണിയുടെ ജീവസ്സുറ്റ പ്രതിമയാണ് മറ്റൊരു ആകര്‍ഷണം. പ്രധാന താഴികക്കുടത്തില്‍ കൈയ്യില്‍ ദീപവുമായി നില്ക്കുന്ന സ്ത്രീയുടെ പ്രതിമയ്ക്ക് 13 അടി ഉയരമാണുള്ളത്. 3.19 മീറ്റര്‍ ചുറ്റളവുള്ള നാഴികമണിയും വിസ്മയമുണര്‍ത്തും. യുനെസ്കോയുടെ ലോക പാരമ്പര്യ പട്ടികയില്‍ ഇടം തേടിയ ഇന്ത്യന്‍ റയില്‍വെയുടെ രണ്ടാമത്തെ ഇടമാണ് സിഎസ്ടി. പ്രതിദിനം ശരാശരി 3.3 ദശലക്ഷം യാത്രക്കാരെ മുംബൈയിലേക്കും പുറത്തേക്കും കടത്തുന്ന ഈ സ്റ്റേഷനിലെ 14 പ്ലാറ്റ്ഫോമുകളില്‍ നിന്ന് 1250 ട്രെയിനുകളാണ് ദിവസവും സര്‍വീസ് നടത്തുന്നത്.
Follow Webdunia malayalam