Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ കാറ്റില്‍ ബുദ്ധമന്ത്രങ്ങളുണ്ട് !

ഈ കാറ്റില്‍ ബുദ്ധമന്ത്രങ്ങളുണ്ട് !
, തിങ്കള്‍, 26 ഒക്‌ടോബര്‍ 2009 (16:48 IST)
PRO
PRO
രണ്ടായിരത്തില്‍ പരം വര്‍ഷങ്ങള്‍ക്ക് മുമ്പ് വിദേശത്തു നിന്നും, സ്വദേശത്തു നിന്നും ആയിരങ്ങള്‍ വിജ്ഞാനദാഹം തീര്‍ക്കാനെത്തിയ ഇടം.....ഗുരുകുലം പോലെ വിജ്ഞാനകുതുകികള്‍ താമസിച്ച് പഠിച്ച ഇടം. ബുദ്ധമതത്തെ കുറിച്ച് ലോകത്തിന് മനസ്സിലാക്കിക്കൊടുത്ത ഭാരതീയ വിദ്യാപീഠം......ആ സ്ഥലത്ത് കാലുകുത്താന്‍ സാധിച്ചാല്‍....അവിടുത്തെ കാറ്റില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുരുമുഖത്തു നിന്ന് വീണ മന്ത്രങ്ങള്‍ക്ക് കാതോര്‍ക്കാന്‍ കഴിഞ്ഞാല്‍...അതില്‍പ്പരം ഭാഗ്യമൊന്നുമില്ല എന്ന് ഇന്ത്യയുടെ ആത്മാവ് തേടുന്ന സഞ്ചാരികള്‍ക്ക് തോന്നിയേക്കാം.

അതെ, പറഞ്ഞുവരുന്നത് നളന്ദ സര്‍വകലാശാലയെ കുറിച്ചു തന്നെയാണ്. തക്ഷശില സര്‍വകലാശാലയാണോ അല്ലയോ എന്ന തര്‍ക്കം നിലനില്‍ക്കുമ്പോഴും ആ ബഹുമതിയോടു കൂടി അറിയപ്പെടുന്ന പുരാതന വിജ്ഞാന കേന്ദ്രമാണ് നളന്ദ. ഇന്ത്യയുടെ സുവര്‍ണ കാലഘട്ടമെന്ന് അറിയപ്പെടുന്ന ഗുപ്ത ഭരണകാലത്താണ് നളന്ദ സര്‍വകലാശാല സ്ഥാപിച്ചതെന്ന് ഭൂരിപക്ഷം ചരിത്രകാരന്‍‌മാരും കരുതുന്നു. എന്നാല്‍, എ ഡി അഞ്ചാം നൂറ്റാണ്ടിനും വളരെ മുമ്പ് തന്നെ ഇത് സ്ഥാപിതമായിരുന്നു എന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു. എന്തായാലും ഭാരതീയ വിജ്ഞാനകേന്ദ്രമെന്ന നിലയില്‍ വളരെയധികം വിദേശികളെ ആകര്‍ഷിച്ചിരുന്ന ഇടമാണിത്.

നഷ്ടപ്രതാപത്തിന്റെ ശേഷിപ്പുകള്‍ക്കിടയിലാണ് ഒരു വിഖ്യാത സര്‍വകലാശാലയെ, ഒരുപക്ഷേ ലോകത്തിലെ തന്നെ ആദ്യ സര്‍വകലാശാലയെ, നമുക്ക് കാണാന്‍ സാധിക്കുക, ഒരുകാലത്ത് പരന്നുകിടന്നിരുന്ന കെട്ടിടത്തിന്റെ മിക്കഭാഗങ്ങളും ഇപ്പോള്‍ അവശിഷ്ടങ്ങള്‍ മാത്രമാണ്. പട്നയില്‍ നിന്ന് 55 മൈല്‍ അകലെയാണ് നളന്ദ സര്‍വകലാശാല സ്ഥിതിചെയ്യുന്നത്. പട്നയുടെ വടക്ക് കിഴക്കായി ബഡാഗാവ് എന്ന കൊച്ചു ഗ്രാമത്തിലാണ് നളന്ദ സര്‍വകലാശാല സ്ഥിതിചെയ്യുന്നത്.

ഒരുകാലത്ത് പതിനായിരം വിദ്യാര്‍ത്ഥികളും രണ്ടായിരം അധ്യാപകരും കഴിഞ്ഞിരുന്ന ഇടമാണ് ഇത്. ബുദ്ധ മന്ത്രങ്ങളും വിശദീകരണങ്ങളും മന്ത്രധ്വനിയായ് പരന്നു കിടന്ന ഇവിടം ഇപ്പോള്‍ നിശബ്ദമാണ്. ചുറ്റുമതിലുകളും ഒറ്റ പ്രവേശനകവാടവും ഉണ്ടായിരുന്ന നളന്ദ സര്‍വകലാശാല ഒമ്പത് നിലകളുള്ള കെട്ടിടമായിരുന്നു. ഇവിടെ നൂറ് മുറികളിലായാണ് അധ്യാപനം നടന്നിരുന്നത്. സൌജന്യ വിദ്യാഭ്യാസ സമ്പ്രദായമായിരുന്നു നിലനിന്നിരുന്നത്. വിഖ്യാത ആയുര്‍വേദാചാര്യനും ബുദ്ധ പണ്ഡിതനുമായിരുന്ന നാഗാര്‍ജ്ജുനന്‍ ഇവിടെ അധ്യാപനം നടത്തിയിരുന്നു എന്നും ചരിത്ര രേഖകളില്‍ പറയുന്നു.

വിജ്ഞാന കേന്ദ്രമായി പരിലസിച്ചിരുന്ന ഇവിടം അടിമവംശ സ്ഥാപകനായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയുടെ സേനാനായകന്‍ മൊഹമ്മദ് ബക്തിയാര്‍ ഖില്‍ജിയാണ് ആക്രമിച്ചു കീഴടക്കിയത്. 1197 ല്‍ നളന്ദ തകര്‍ക്കപ്പെട്ടതോടെ ഇന്ത്യയില്‍ ബുദ്ധമതത്തിന് ഒരു തിരിച്ചുവരവ് ഉണ്ടായില്ല. പക്ഷേ, നളന്ദയില്‍ നിന്ന് പകര്‍ന്ന് കിട്ടിയ വിജ്ഞാനം ചൈനയും കൊറിയയും ജപ്പാനുമടക്കമുള്ള വിദേശരാജ്യങ്ങളിലെ ബുദ്ധമതാനുയായികള്‍ കാലം കെടുത്താത്ത തിരിനാളമായി കൊണ്ടുനടക്കുന്നു.

Share this Story:

Follow Webdunia malayalam