Select Your Language

Notifications

webdunia
webdunia
webdunia
webdunia

കന്യാകുമാരി കടല്‍ത്തിരമാലകള്‍ പറയുന്നത്....

കന്യാകുമാരി കടല്‍ത്തിരമാലകള്‍ പറയുന്നത്....
, വ്യാഴം, 21 ഒക്‌ടോബര്‍ 2010 (14:46 IST)
PRO
ഭൂമിയിലെ ഏറ്റവും മനോഹരമായ ഇടം ഇവിടെയാണെന്ന് കന്യാകുമാരിയില്‍ വിവേകാനന്ദപ്പാറയ്ക്ക് മുകളില്‍ നില്‍ക്കവേ ആര്‍ക്കും തോന്നും. മോക്ഷത്തിന്‍റെ ദേവത കുടിയിരിക്കുന്ന സ്ഥാനമാണ് കന്യാകുമാരി. ലോകത്തിലെ ഏറ്റവും ശാന്തമായ, ഏറ്റവും ഏകാന്തത അനുഭവിപ്പിക്കുന്ന, മൂന്നു സാഗരങ്ങളുടെ സംഗമസ്ഥാനം.

ഇന്ത്യയുടെ എറ്റവും തെക്കുള്ള നഗരം എന്ന നിലയിലും കന്യാകുമാരിക്ക് പ്രസക്തിയുണ്ട്. പ്രകൃതിയിലെ പ്രത്യേകതകളും ചരിത്രപരമായ പ്രധാന്യവും തീര്‍ത്ഥാടന കേന്ദ്രമെന്ന പ്രസക്തിയുമെല്ലാം ഒന്നിച്ചു വരുന്ന സമാനതകളില്ലാത്ത പുണ്യഭൂമിയാണ് കന്യാകുമാരി. തിരുവതാംകൂറിന്‍റെ ഭാഗമായിരുന്ന കന്യാകുമാരി ഐക്യകേരള രൂപീകരണത്തോടെയാണ് തമിഴ്നാടിന്‍റെ ഭാഗമായത്.

ബ്രിട്ടീഷ് ഭരണകാലത്ത് കേപ് കോമറിന്‍ എന്നറിയപ്പെട്ടിരുന്ന കന്യാകുമാരി സഞ്ചാരികള്‍ക്കായി അത്യപൂര്‍വ്വ കാഴ്ചകളാണ് കരുതി വച്ചിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം, അറബിക്കടല്‍ എന്നിവയുടെ ത്രിവേണി സംഗമം തന്നെയാണ് ഇതില്‍ ഏറ്റവും പ്രധാനം.

കടലില്‍ ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ പാറയിലെ വിവേകാനന്ദ സ്മാരകമാണ് ഇവിടത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. കടല്‍ നീന്തിയെത്തിയ സ്വാമി വിവേകാനന്ദന്‍ ഈ പാറയില്‍ ദിവസങ്ങളോളം ധ്യാനമിരുന്നു എന്നാണ് ചരിത്രം. ഇതിനോട് ചേര്‍ന്നുള്ള ധ്യാനകേന്ദ്രവും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. തമിഴ് കവി തിരുവള്ളുവരുടെ കടലില്‍ പണിതുയര്‍ത്തിയ കൂറ്റന്‍ പ്രതിമയും സഞ്ചാരികള്‍ക്ക് അത്ഭുതക്കാഴ്ചയാകും. കന്യാകുമാരിയില്‍ നിന്ന് വിവേകാനന്ദപ്പാറയിലേക്ക് ബോട്ട് സര്‍വീസുണ്ട്.

ഗാന്ധി സ്മാരകം, സര്‍ക്കാര്‍ മ്യൂസിയം എന്നിവയാണ് കന്യാകുമാരിയിലെ മറ്റ് പ്രധാന കേന്ദ്രങ്ങള്‍. മഹാത്മഗാന്ധിയുടെ ചിതാഭസ്മം ത്രിവേണിയില്‍ നിമഞ്ജനം ചെയ്യുന്നതിന് മുന്‍പ് ചിതാഭസ്മ കലശം പൊതുദര്‍ശനത്തിന് വച്ച സ്ഥലത്താണ് ഗാന്ധിസ്മാരകം നിര്‍മ്മിച്ചിരിക്കുന്നത്.

ഇതിന് പുറമേ നിരവധി ആരാധനാലയങ്ങളും കന്യാകുമാരിയിലും പരിസരപ്രദേശങ്ങളിലുമായുണ്ട്. രാമായണത്തിലും മഹാഭാരതത്തിലും പരാമര്‍ശിക്കപ്പെട്ടിട്ടുള്ള കന്യാകുമാരി ദേവി ക്ഷേത്രമാണ് ഇതില്‍ പ്രധാനം. പ്രശസ്തമായ ശുചീന്ദ്രം ക്ഷേത്രം കന്യാകുമാരിയില്‍ നിന്ന് 13 കിലോമീറ്റര്‍ അകലയാണ്. അനവധി ക്രിസ്ത്യന്‍ പള്ളികളും കന്യാകുമാരിയിലുണ്ട്.
കന്യാകുമാരിയിലെത്തുന്ന ഏതൊരു സഞ്ചാരിയും കാണാന്‍ ആഗ്രഹിക്കുന്നതാണ് ഇവിടെത്തെ സൂര്യാസ്തമയവും സൂര്യോദയവും. ലോകത്തില്‍ വളരെ ചുരുക്കം സ്ഥലങ്ങളില്‍ മാത്രം കാണാനാന്‍ കഴിയുന്ന അപൂര്‍വ ദൃശ്യാനുഭവമാണ് ഇത് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്.

രാജ്യത്തെ ഏല്ലാ പ്രമുഖ നഗരങ്ങളില്‍ നിന്നും കന്യാകുമാരിയിലേക്ക് റെയില്‍ മാര്‍ഗവും റോഡ് മാര്‍ഗവും എത്തിച്ചേരാം. കന്യാകുമാരിക്ക് ഏറ്റവും സമീപമുള്ള വിമാനത്താവളം 80 കിലോമീറ്റര്‍ അകലെയുള്ള തിരുവനന്തപുരം വിമാനത്താവളമാണ്.

Share this Story:

Follow Webdunia malayalam