പ്രകൃതി സ്നേഹികളെ എന്നും ആകര്‍ഷിക്കുന്ന ഇടമാണ് ഒറീസയിലെ ചില്‍ക്ക തടാകം. ഇക്കൊ ടൂറിസം അതിന്‍റെ എല്ലാ അര്‍ത്ഥത്തിലും ഇവിടെ പൂര്‍ണ്ണത പ്രാപിക്കുന്നത് കാണാം.പുരി, ഖുര്‍ദ, ഗന്‍ജാം എന്നീ തീരദേശ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കായല്‍ പ്രദേശമാണ് ചില്‍ക്ക.
ദയാ നദി ബംഗാള്‍ ഉള്‍ക്കടലിനോട് ചേരുന്ന ഭാഗത്താണ് ഈ മനോഹര കായല്‍ രൂപം കൊണ്ടിട്ടുള്ളത്. ഇന്ത്യയിലെ വലുതും ലോകത്തിലെ രണ്ടാമത്തെ വലിയതുമായ ഈ കായല്‍ ചെറുദ്വീപുകളും കടല്‍ത്തീരവും ചേര്‍ന്നതാണ്.
പാരിസ്ഥിതിക ടൂറിസത്തിന് ഏറെ പ്രാധാന്യമുള്ള സ്ഥലമാണ് ചില്‍ക. ഇവിടത്തെ ശാലീനതയും വൃക്ഷസസ്യലതാദികളും ജന്തുവര്‍ഗങ്ങളും നിറഞ്ഞ പരിസ്ഥിതിയും ഏതൊരു സഞ്ചാരിയെയും ആകര്‍ഷിക്കും. കായലും കടലും സംഗമിക്കുന്ന അഴിമുഖത്ത് ഡോള്‍ഫിനുകള്‍ നീന്തിത്തുടിക്കുന്ന അപൂര്‍വമായ കാഴ്ചയും സഞ്ചാരിയെ കാത്തിരിക്കുന്നു.
ചില്‍ക്കയിലെ നല്‍ബാന ദ്വീപിലും ചുറ്റുമുള്ള മലനിരകളിലും വൈവിധ്യമാര്‍ന്ന ജന്തുജാലങ്ങളുണ്ട്. ബര്‍ക്കുള്‍, രംഭ, ബാലുഗോണ്‍, സത്പദ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ചില്‍ക്കയിലേക്ക് ബോട്ട് സര്‍വീസുകലുണ്ട്. ദ്വീപുകള്‍ ചുറ്റിക്കറങ്ങുന്നതിന് മത്സ്യത്തൊഴിലാളികളുടെ വഞ്ചികളും ലഭ്യമാണ്.
നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുളള കാലത്ത് ചില്‍ക്ക തടാകം ദേശാടന പക്ഷികളുടെ സ്വര്‍ഗമാണ്. കയലിന്‍റെ തെക്കു ഭാഗത്തുള്ള ബേഡ്സ് ദ്വീപിലാണ് ശൈത്യ കാലത്ത് ദേശാടന പക്ഷികള്‍ കൂട്ടത്തോടെയെത്താറ്. പക്ഷി നിരീക്ഷകരുടെ പ്രിയ്യപ്പെട്ട പഠന കേന്ദ്രമാണിത്. ഇറാന്‍, റഷ്യ, മംഗോളിയ പോലുള്ള വിവിധ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയുടെ തന്നെ പല ഭാഗങ്ങളില്‍ നിന്നുമായി പക്ഷികള്‍ ഇവിടെയെത്തുന്നു. കുത്തനെയുള്ള നിരവധി പാറക്കെട്ടുകള്‍ ഈ ദ്വീപില്‍ കാണാം.
കാളിജ ദ്വീപിലാണ് കാളി ക്ഷേത്രമുള്ളത്. ജനുവരി മാസത്തില്‍ ഇവിടെ നടക്കുന്ന മകരസംക്രാന്തി ഉത്സവം വളരെ പ്രസിദ്ധമാണ്. മത്സ്യത്തൊഴിലാളികളുടെ തനത് ഉത്സവമായാണ് ഇത് ആഘോഷിക്കുന്നത്. മഗ്രമുഖ് പ്രദേശത്തെ ബാരുംകുദ ദ്വീപില്‍ മനോഹരമായൊരു വിഷ്ണു ക്ഷേത്രമുണ്ട്.നാബഗ്രഹ, ചൌബാര്‍ എന്നിവ ഇവിടത്തെ മറ്റ് പ്രധാന ക്ഷേത്രങ്ങളാണ്.മിണിക്പട്ടണം പ്രദേശത്ത് ഒരു പഴയ തുറമുഖത്തിന്‍റെ അവശിഷ്ടങ്ങളുണ്ട്. കായലിന്‍റെ തെക്കുഭാഗമാണ് രംഭ ബേ. ബേക്കണ്‍, ബ്രേക്ക് ഫാസ്റ്റ്, ഹണിമൂണ്‍ ദ്വീപുകള്‍ ഈ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.
സത്പദ പ്രദേശത്തു നിന്നാണ് കായലിന്‍റെ ഏറ്റവും മനോഹര ദൃശ്യം സാധ്യമാവുക. ഡോള്‍ഫിന്‍ മല്‍സ്യങ്ങളുടെ കലവറയാണ് ഈ പ്രദേശം. ഡോള്‍ഫിന്‍ മല്‍സ്യങ്ങളാണ് ചില്‍ക്ക തടാകത്തിന്‍റെ പ്രധാന ആകര്‍ഷണം. പലതരത്തിലുള്ള ഡോള്‍ഫിനുകള്‍ ഇത്രയധികം ഒന്നിച്ചു കാണുന്ന പ്രദേശങ്ങള്‍ ലോകത്തില്‍ തന്നെ വിരളമാണ്. ഡോള്‍ഫിന്‍ ടൂറിസം ആദായകരമാണെന്ന് കണ്ട് ഒറീസ സര്‍ക്കാര്‍ ഇതില്‍ പ്രത്യേക ശ്രദ്ധ കൊടുത്തിട്ടുണ്ട്. എന്നാല്‍ വിനോദ സഞ്ചാരികളുടെ അതിപ്രസരവും ബോട്ടിംഗും ഡോള്‍ഫിനുകളുടെ നിലനില്‍പ്പിന് ഭീഷണിയുയര്‍ത്തിത്തുടങ്ങിയിട്ടുണ്ട്.
കായലിന്‍റെ മദ്ധ്യ ദക്ഷിണ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ദ്വീപ് സമൂഹമാണ് സൊമോളൊ - ദുംകുടി ദ്വീപുകള്‍. പൂര്‍വ ഘാട്ടുകളുടെ അവശിഷ്ടങ്ങള്‍ ഈ ദ്വീപില്‍ കാണാം. പാരിക്കുഡ് ദ്വീപുകള്‍ നല്ലൊരു ആകാശ കാഴ്ചയാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്. വര്‍ഷത്തില്‍ ഏതു സമയവും ചില്‍ക്ക സന്ദര്‍ശിക്കാമെങ്കിലും ദേശാടനപക്ഷികള്‍ വിരുന്നിനെത്തുന്ന തണുപ്പ് കാലത്ത് ചില്‍ക്ക തടാകവും ദ്വീപുകളും കൂടുതല്‍ രസകരവും ആസ്വാദ്യകരവുമായിരിക്കും.
Follow Webdunia malayalam