വ്യത്യസ്തമായ യാത്രാനുഭവങ്ങള് ആഗ്രഹിക്കുന്ന സഞ്ചാരികള്ക്ക് ലോകത്തിലേ ഏറ്റവും പഴക്കമേറിയ ട്രെയിനില് രാജപ്രൌഡിയില് യാത്രചെയ്യാന് ഇന്ത്യന് റെയില്വേ അവസരമൊരുക്കിയിരിക്കുന്നു. ഇപ്പോഴും പ്രവര്‍ത്തിക്കുന്ന ഏറ്റവും പഴക്കമേറിയ കല്‍ക്കരി ട്രെയിന്‍ എന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ച ‘ദി ഫെയറി ക്യൂന്’(മാലാഖമാരുടെ റാണി) എന്ന ട്രയിനാണ് വിനോദസഞ്ചാര പദ്ധതിക്കായി റെയില്‍വേ ഉപയോഗിക്കുന്നത്.
ഇന്ത്യന്‍ റെയില്‍വേയും ടൂറിസം മന്ത്രാലയവും രാജസ്ഥാന്‍ ടൂറിസം വികസന കോര്‍പ്പറേഷനും സംയുക്തമായി ഒരുക്കുന്ന പദ്ധതിയില്‍ ഡല്‍ഹിയില്‍ നിന്ന് രാജസ്ഥാനിലേ ആല്‍വാറിലേക്കാണ് ട്രെയിന്‍ യാത്ര. ഇതിന് ശേഷം സരിസ്കാ കടുവാ സങ്കേതത്തിലേക്ക് ജീപ്പ് സഫാരിയും ഉണ്ടാകും.
എല്ലാ വാരാന്ത്യങ്ങളിലും രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന യാത്രാ പരിപാടിയായാണ് ഇത്തരത്തില്‍ നടപ്പിലാക്കുന്നത്. ഇത് പ്രകാരം ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ഡല്‍ഹി കന്‍റോണ്‍മെന്‍റ് സ്റ്റേഷനില്‍ നിന്നാണ് മാലാഖറാണി യാത്ര തിരിക്കുക. വൈകുന്നേരം നാല് മണിക്ക് ആല്‍വാറില്‍ എത്തിച്ചേരുന്നതിനിടയില്‍ ഉച്ച ഭക്ഷണവും ലഘുഭക്ഷണങ്ങളും സഞ്ചാരികള്‍ക്ക് ട്രെയിനില്‍ നിന്ന് തന്നെ ലഭിക്കും.
അല്‍വാറില്‍ ട്രെയിനിറങ്ങുന്ന സഞ്ചാരികള്‍ക്ക് ഹോട്ടലായി മാറിയ സാരിസ്ക കൊട്ടാരത്തിലാണ് താമസ് സൌകര്യം ഒരുക്കിയിരിക്കുന്നത്. ഇവിടെ പരമ്പരാഗത രീതിയിലുള്ള അത്താഴവും സാംസ്കാരിക പരിപാടികളും ആസ്വദിക്കാനും സഞ്ചാരികള്‍ക്ക് അവസരം ലഭിക്കും.
ഞായറാഴ്ച പുലര്‍ച്ചെ ആറരയോടെയാണ് കടുവാ സങ്കേതത്തിലേക്കുള്ള ജീപ്പ് സഫാരി ആരംഭിക്കുക. മൂന്നു മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന സഫാരിക്ക് ശേഷം സാരിസ്ക കൊട്ടാരത്തില്‍ നിന്ന് പ്രഭാത ഭക്ഷണവും കഴിഞ്ഞ് മടക്കയാത്ര ആരംഭിക്കും. ആല്‍വാര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 12.45 മടക്കയാത്ര ആരംഭിക്കുന്ന മാലാഖറാണി 6.45 ഓടെ കന്‍റോണ്‍മെന്‍റ് സ്റ്റേഷനില്‍ എത്തിച്ചേരും. യാത്രയ്ക്കിടയില്‍ സഞ്ചാരികള്‍ക്ക് ഉച്ചഭക്ഷണവും ലഘുഭക്ഷണവും ലഭിക്കുകയും ചെയ്യും.
ഭക്ഷണം ഉള്‍പ്പടെ ഈ ടൂര്‍ പാക്കേജിനായി മുതിര്‍ന്നവര്‍ക്ക് 10,000 രൂപയും കുട്ടികള്‍ക്ക് 5,000 രൂപയും ആണ് ഈടാക്കുന്നത്. ഈ യാത്രാനുഭവത്തിന്‍റെ വില കണക്കിലെടുത്താല്‍ നിരക്കുകള്‍ കൂടുതലല്ലെന്നാണ് അനുഭവസ്ഥരുടെ പക്ഷം. ഡല്‍ഹി സന്ദര്‍ശിക്കുന്ന ടൂറിസ്റ്റുകളും ഡല്‍ഹി നിവാസികളും എക്കാലവും ഓര്‍ക്കാവുന്ന ഒരു ട്രെയിന്‍ യാത്ര ആഗ്രഹിക്കുന്നെങ്കില്‍ തീര്‍ച്ചയായും മാലാഖറാണിയിലെ യാത്ര അവരെ നിരാശപ്പെടുത്തില്ല.