Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രതാപത്തിന്‍റെ ഓര്‍മ്മകളുമായി തലശ്ശേരി

പ്രതാപത്തിന്‍റെ ഓര്‍മ്മകളുമായി തലശ്ശേരി
ഞാന്‍ 55 നോടടുത്ത് പ്രായമുള്ള ഒരു സഞ്ചാരി. പേരൊന്നും ചോദിക്കേണ്ട. തലശ്ശേരി കാണാനെത്തിയതാണ്. ലോകത്തിന്‍െറ പല ഭാഗങ്ങളില്‍, ഇന്ത്യയുടെ പല സ്ഥലങ്ങളില്‍ ചുറ്റി സഞ്ചരിച്ച എനിക്ക് സ്വന്തം നാട്ടിലെ കാഴ്ചകളും കൗതുകങ്ങളും കാണാന്‍ സമയം കിട്ടിയില്ല. അല്ല. എനിക്ക് താല്പര്യമുണ്ടായില്ല എന്നു വേണമെങ്കില്‍ പറയാം.

കേരളത്തനിമ ഞാനറിഞ്ഞത് ടി.വിചാനലുകളിലൂടെയാണ്. വടക്കെ ഇന്ത്യയില്‍ കുറച്ചു സ്ഥലത്തൈക്കെ യാത്ര ചെയ്തു കഴിഞ്ഞയാഴ്ച നാട്ടില്‍ മടങ്ങിയെത്തിയതേ ഉള്ളൂ. കുറെ വായിച്ചു. ചരിത്രങ്ങള്‍ പറഞ്ഞുതരാന്‍ പുസ്തകങ്ങളുണ്ടല്ലോ.

തലശ്ശേരി അറിയപ്പെടുന്നത് സര്‍ക്കസിന്‍െറ നാടായിട്ടാണ് . കണ്ണൂരില്‍ നിന്ന് തെക്കുമാറി 20 കിലോമീറ്റര്‍ അകലെയാണ് തലശ്ശേരി പട്ടണം. ഇന്ത്യയില്‍ അറിയപ്പെട്ടിരുന്ന സര്‍ക്കസ്സ്അഭ്യാസികള്‍ ഇവിടുത്തുകാരായിരുന്നു. ജര്‍മ്മന്‍ മിഷനറിമാരായിരുന്നു തലശ്ശേരിക്ക് ജിംനാസ്റ്റിക്ക് എന്ന അഭ്യാസമുറ പകര്‍ന്നുനല്‍കിയത്. മുന്‍സിപ്പാല്‍ സ്റ്റേഡിയത്തിന് അടുത്താണ് ഇന്ത്യയിലെ ആദ്യത്തെ സര്‍ക്കസ് പരിശീലനകേന്ദ്രം. പ്രതാപം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സര്‍ക്കസ്കലയുടെ അവസാന ശ്വാസം!

റവന്യൂ റഫറന്‍സ് ലൈബ്രറിയും ഒന്നു കയറി ഇറങ്ങേണ്ടതാണ്. ഏതാണ്ട് 3500 ഓളം പഴയപുസ്തകങ്ങളുള്ള ഒരു പഴയ ലൈബ്രറി. ബ്രിട്ടീഷ് ഭരണകാലത്തെകുറിച്ചും, മലബാറില്‍ അന്ന് നിലവിലുണ്ടായിരുന്ന സാമൂഹിക-സാമ്പത്തിക കാര്യങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന ഈ ഗ്രന്ഥശാല ഗവേഷണവിദ്യാര്‍ത്ഥികള്‍ക്ക് ഒരു മുതല്‍കുട്ടാവുമെന്നതില്‍ സംശയമില്ല.

ജര്‍മ്മന്‍ പാതിരിയായ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്‍െറ ബംഗ്ളാവും എന്നെ ആകര്‍ഷിച്ചു. തലശ്ശേരിയിലെ ഇല്ലികുന്നിലാണ് ഗുണ്ടര്‍ട്ടിന്‍െറ ബംഗ്ളാവ്. 1839മുതല്‍ 20 വര്‍ഷം അദ്ദേഹം ഇവിടെ താമസിച്ചു. മലയാളത്തിലെ ആദ്യത്തെ നിഘണ്ടു തയ്യാറാക്കിയ ഗുണ്ടര്‍ട്ടിനെ മറക്കുന്നതെങ്ങിനെ?

അടുത്തതായി തലശ്ശേരി കോട്ടയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍െറ കരുത്തിന്‍െറ പ്രതീകമായ തലശ്ശേരി കോട്ട ഇന്നും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. തിരുവള്ളിപ്പാട് കുന്നില്‍ 1708 ലാണ് തലശ്ശേരി കോട്ട പണിതുയര്‍ത്തിയത്.

ധര്‍മ്മടം തുരുത്താണ് മറ്റൊരു ആകര്‍ഷണം. ധര്‍മ്മടത്തില്‍ നിന്ന് 100 മീറ്റര്‍ കടലില്‍ സ്ഥിതിചെയ്യുന്ന ധര്‍മ്മടം തുരുത്തിനെ ഒരു മനോഹര സഞ്ചാരകേന്ദ്രമാക്കി മാറ്റാം. 5 ഏക്കറാണ് ഈ കൊച്ചു ദ്വീപിന്‍െറ വിസ്ത്രീര്‍ണ്ണം. തെങ്ങുകളും മറ്റു പച്ചപ്പും പുതച്ചുകിടക്കുന്ന ഈ ദ്വീപ് സ്വകാര്യ സ്വത്താണ്.

മുഴപ്പിലാങ്ങാട്ബീച്ചാണ് അടുത്തത്. തലശ്ശേരിയില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെയാണിത്. നല്ല വൃത്തിയും കണ്ണെത്താദൂരത്ത് നീണ്ടുകിടക്കുന്ന ഈ കടല്‍ത്തീരം കേരളത്തിലെ ഏക ഡ്രൈവ് -ഇന്‍- ബീച്ചാണ്. കടല്‍തീരത്തിലൂടെ തടസ്സമില്ലാതെ 4 കിലോമീറ്റര്‍ വാഹനമോടിച്ചു പോകാം.

ഇനിയുമുണ്ട് സ്ഥലങ്ങളേറെ കാണാന്‍. ഇനിയുമെത്ര കാഴ്ചകള്‍!. ഈ നാട് സ്വര്‍ഗ്ഗമാണ്. ഇവിടെ ജനിച്ചവര്‍ ഭാഗ്യവാന്മാരും.

Share this Story:

Follow Webdunia malayalam