മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗീസ് ലോകോത്തര താരം ക്രിസ്ത്യാനോ റൊണാള്‍ഡോയെ പുതിയ സീസണില്‍ നിരയില്‍ എത്തിക്കാന്‍ കഴിയാഞ്ഞതില്‍ സ്പാനിഷ് ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് ഇപ്പോള്‍ അത്രയധികം ദു:ഖിക്കുന്നുണ്ടാകില്ല. കാരണം അലിപിയോയെ നിരയില്‍ കൊണ്ട് വരാന്‍ കഴിഞ്ഞത് തന്നെ.
ക്രിസ്ത്യാനോയുടെ നാടായ പോര്‍ച്ചുഗലില്‍ നിന്നു തന്നെയാണ് അലിപിയോയുടെയും വരവ്. സ്കൂള്‍ പഠനം പൂര്‍ത്തിയാക്കുന്നതിനു മുമ്പ് തന്നെ റയലിനെ പോലെയുള്ള ഒരു വമ്പന്‍ ക്ലബ്ബിന്റെ നിരയില്‍ എത്തിയ അലിപിയോ പോര്‍ച്ചുഗല്‍ ടീമിലെ മുന്‍ഗാമി ഡെക്കോയെ പോലെ ബ്രസീലിയന്‍ വംശജനാണ്.
16 കാരനായ അലിപിയോയുടെ മുഴുവന്‍ പേര് അലിപിയോ ഡ്വാര്ട്ടി ബ്രണ്ടാവോ എന്നാണ്. പോര്‍ച്ചുഗലിലെ റിയോ ആവിന്റെ കളിക്കാരനായ ബ്രണ്ടാവോ ക്രിസ്ത്യാനോയെ പോലെ തന്നെ ഗോള്‍ ഒരുക്കുന്നതിലും ഗോളടിക്കുന്നതിലും വിരുതനാണ്. പന്തിന്റെ മുകളില്‍ മികച്ച നിയന്ത്രണമുള്ള താരത്തിന്റെ കളി വേഗവും നിയന്ത്രണവും സമന്വയിപ്പിച്ച് എതിരാളി ചിന്തിക്കുന്നതിനു മുമ്പ് തന്നെ പ്രവര്‍ത്തിക്കുന്ന തരത്തിലാണ്.
താരത്തെ സ്വന്തമാക്കാന്‍ ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സിയും റയല്‍ മാഡ്രിഡും തമ്മില്‍ നടത്തിയ മത്സരത്തില്‍ ജയിച്ചത് റയല്‍ ആയിരുന്നു. നാല് വര്‍ഷ കരാറിലേക്ക് താരത്തെ റയല്‍ സ്വന്തമാക്കിയത് 1.2 ദശലക്ഷം പൌണ്ടിനാണ്. ഈ ആഴ്ച മുതല്‍ താരം റയലിന്റെ കൌമാരപ്പടയ്ക്കൊപ്പം പരിശീലനം ആരംഭിക്കാന്‍ ഇരിക്കുകയാണ്.
പോര്‍ച്ചുഗീസിലെ പ്രമുഖ ക്ലബ്ബുകളായ എഫ് സി പോര്‍ട്ടോയും സ്പോര്‍ട്ടിംഗ് ബ്രാഗയും താരത്തെ ശ്രദ്ധിച്ചിരുന്നു. ബ്രസീലിയന്‍ താരങ്ങളായ റൊമാരിയോയെയോ റൊണാള്‍ഡോയെ ഒക്കെ ഓര്‍മ്മപ്പെടുത്തുന്ന കളിയാണ് അലിപിയോയുടേതെന്ന് റിയോയുടെ യൂത്ത് ടീം പരിശീലകന് പെഡ്രോ ക്യൂണയും വ്യക്തമാക്കുന്നു.