കളി മികവിലും ഗ്ലാമറിലും ടെന്നീസ്താരം സാനിയാ മിര്‍സ കഴിഞ്ഞാല്‍ ഇന്ത്യ ഏറ്റവും ശ്രദ്ധിക്കുന്ന വനിതാ താരത്തിലേക്ക് ഉയരുകയാണ് ബാഡ്മിന്‍റണ്‍ കൌമാര വിസ്മയം സൈനാ നേവാള്‍. പൂണെയില്‍ നടന്ന ലോക ജൂണിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയം നേടിയ താരം ഒളിമ്പിക്സില്‍ ക്വാര്‍ട്ടറില്‍ കടന്ന ഏക ഇന്ത്യാക്കാരിയാണ്.
ഈ മത്സരങ്ങളില്‍ ലോക റാങ്കിംഗില്‍ പതിനൊന്നാം സ്ഥാനത്തുള്ള സൈനയുടെ പ്രതിഭയ്ക്ക് മുന്നില്‍ കീഴടങ്ങിയത് പലപ്പോഴും ലോകത്തിലെ മുന്‍നിര താരങ്ങളായിരുന്നു. ഇന്ത്യന്‍ യുവത്വത്തിന്‍റെ അര്‍പ്പണ ബോധത്തിന്‍റെയും കഠിനാദ്ധ്വാനത്തിന്‍റെയും ഫലം സൈനയുടെ കരിയറില്‍ കാണാം.
സൈനയ്ക്ക് പ്രതിഭ കിട്ടിയത് മാതാപിതാക്കളില്‍ നിന്നായിരുന്നു. ഹരിയാനയിലെ മുന്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍മാരായിരുന്നെങ്കിലും ഗവേഷകന്‍ ഡോക്ടര്‍ ഹര്‍വീന്ദര്‍സിംഗിനോ ഉഷാ നേവാളിനോ രാജ്യാന്തര താരങ്ങളാകാന്‍ കഴിഞ്ഞില്ല. സൈനയുടെ പ്രതിഭ ചെറുപ്പത്തിലേ മനസ്സിലാക്കാന്‍ കഴിഞ്ഞ മാതാപിതാക്കള്‍ തങ്ങളുടെ സ്വപ്നങ്ങള്‍ മകളിലൂടെ നടപ്പിലാക്കന്‍ എന്ത് ബുദ്ധിമുട്ടിനും തയ്യാറായിരുന്നു.
പരമ്പരാഗതമായി കിട്ടിയ സൈനയുടെ ബാഡ്മിന്‍റണ്‍ പ്രതിഭ ആദ്യം പരുവപ്പെടുത്തി എടുത്തത് ദ്രോണാചാര്യ അവാര്‍ഡ് ജേതാവായ എസ് എം ആരിഫായിരുന്നു. ഹരിയാനയിലെ ഹിസാറില്‍ 1990 മാര്‍ച്ച് 17 നായിരുന്നു സൈനയുടെ ജനനം. കളിക്കോപ്പുകളുമായി കളികേണ്ട പ്രായത്തില്‍ തന്നെ സൈനയെ പിതാവ് ഹൈദരാബാദിലെ ലാല്‍ ബഹാദൂര്‍ സ്റ്റേഡിയത്തിലെ പരിശീലകന്‍ നാനി പ്രസാദിന് അരികിലേക്ക് വിട്ടു.
1998 ല്‍ എട്ട് വയസ്സുള്ള സൈനയുമായി ദിവസവും രാവിലെ 6 മണിക്ക് പരിശീലനത്തിനായി ഹര്‍വീന്ദര്‍ 20 കിലോമീറ്റര്‍ അകലെയുള്ള സ്റ്റേഡിയത്തിലേക്ക് യാത്ര ചെയ്യുന്നത് അയല്‍വാസികള്‍ക്ക് പോലും കൌതുകം ഉണര്‍ത്തിയിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ട പരിശീലനത്തിനു ശേഷം പോകുന്ന വഴി തന്നെ സ്കൂളിലാക്കും.
എന്നാല്‍ ദിനം പ്രതിയുള്ള ഈ 50 കിലോമീറ്റര്‍ യാത്ര ഒരു പ്രശ്നമായ്തോടെ സ്റ്റേഡിയത്തിനു സമീപത്തേക്ക് താമസം മാറി. ഹൈദരാബാദിലെ ഓയില്‍ സീഡ് ഗവേഷകനായ പിതാവിന് സൈനയുടെ പരിശീലന ചെലവ് താങ്ങാന്‍ കഴിയാത്തത് ആയിരുന്നു. കിറ്റ്, ഷൂസ് അങ്ങനെ ഒരു മാസം 12,000 രൂപ വരെയാണ് ചെലവ്.
എന്നാല്‍ മകളുടെ കരിയറിനായി എന്തും ആ പിതാവ് സഹിക്കാന്‍ തയ്യാറായിരുന്നു. സമ്പാദ്യങ്ങള്‍ക്കൊപ്പം പ്രൊവിഡന്‍ ഫണ്ടില്‍ നിന്നും വായ്പ പോലും എടുത്ത് സൌകര്യങ്ങള്‍ ഒരുക്കി. എന്നാല്‍ 2002 ല്‍ സ്ഥിതി അല്പം മെച്ചമായി സ്പോര്‍ട്സ് ബ്രാന്‍ഡായ യോനെക്സ് കിറ്റ് സ്പോണ്‍ സര്‍ ചെയ്യാന്‍ മുന്നോട്ട് വന്നു.
റാങ്കിംഗ് അനുസരിച്ച് പിന്നീട് സ്പോന്‍സര്‍ഷിപ്പും ഉയര്‍ന്നു. 2004 ല്‍ ബി പി സി എല്ലുമായി കരാര്‍ ഒപ്പ് വച്ച താരം 2005 ല്‍ മിത്തല്‍ ചാമ്പ്യന്‍സ് ട്രസ്റ്റിന്‍റെ കണ്ണില്‍ പെട്ടതോടെ കാര്യങ്ങള്‍ ഉഷാറായി.
അണ്ടര്‍ 19 ദേശീയ ചാമ്പ്യനായ സൈന ശ്രദ്ധേയയാകുന്നത് ഏഷ്യന്‍ സാറ്റലൈറ്റ് ചാമ്പ്യന്‍ഷിപ്പ് രണ്ട്തവണ നേടിയതോടെയാണ്. 2006 ല്‍ നാല് താരങ്ങളുടെ മത്സരമായ ഫിലിപ്പീന്‍സ് ഓപ്പണില്‍ വിജയിച്ച ആദ്യ ഇന്ത്യാക്കായിയായി മാറി. എണ്‍പത്താറാ സീഡുകായിയായി മത്സരിക്കാനെത്തിയ സൈന ഞെട്ടിച്ച താരങ്ങള്‍ ഹൌയിവാന്‍ സൂ, ജൂലിയാ സിയാന്‍ പി, പി വോംഗ് തുടങ്ങിയ മുന്‍ നിര സീഡുകളെ ആയിരുന്നു.
എന്നാല്‍ ഇതേ വര്‍ഷം നടന്ന ലോക ജൂണിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ചൈനയുടെ മുന്‍ നിര സീഡ് താരം വാംഗ് യിഹാനോട് പരാജയപ്പെട്ടു. ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ തിരിക്കിലേക്ക് ആഴുന്ന സൈന ഇപ്പോള്‍ ഇതിഹാസ താരം പുല്ലല ഗോപീചന്ദിന്‍റേ ഹൈദ്രാബാദിലെ അക്കാദമിയില്‍ പരിശീലിക്കുന്നു.
സൈനയുടെ നേട്ടങ്ങള്‍.
2003 ല്‍ ചെക്കോ സ്ലോവാക്യയില്‍ നടന്ന ജൂണിയര്‍ ഓപ്പണ്
2004 കോമണ്‍ വെല്‍ത്ത് യൂത്ത് ഗെയിംസില്‍ വെള്ളി
2005, 2006 വര്‍ഷങ്ങളില്‍ ഏഷ്യന്‍ സാറ്റലൈറ്റ് ജേതാവ്
2006 ല്‍ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ വെങ്കലം, ഫിലിപ്പീന്‍സ് ഓപ്പണില്‍ വിജയം
2007 ലെ ദേശീയ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ്, ദേശീയ ഗെയിംസ് സ്വര്‍ണ്ണം
2008 ല്‍ ചൈനീസ് തായ്പ്പേയി ഓപ്പണ്‍, ഇന്‍ഡിയന്‍ നാഷ്ണല്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ്, കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസ്, ലോക ജൂണിയര്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ്.
Follow Webdunia malayalam