ടെന്നീസിലെ എക്കാലത്തെയും ഗ്ലാമര്‍ താരമാരെന്ന ചോദ്യത്തിന് ചിലരുടെയെങ്കിലും ഉത്തരം റഷ്യന്‍ സുന്ദരി അന്നാ കുര്‍ണിക്കോവ എന്നായിരിക്കും. കളി മിടുക്കിനേക്കാള്‍ ഗ്ലാമറിലൂടെ ആരാധകരുടെ സ്വപ്ന റാണിയായി മാറിയ കുര്‍ണിക്കോവയെ കഴിഞ്ഞ തലമുറ നെഞ്ചോട് ചേര്‍ത്താണ് നിര്‍ത്തിയത്.
വെള്ളാരം കണ്ണുകളും ചെമ്പന്‍ മുടിയും ശരീരഭംഗിയും ഒന്നു ചേര്‍ന്ന പൊതു രംഗത്ത് സജീവമല്ലാത്ത അന്നാ കുര്‍ണിക്കോവ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇത്തവണയും വിഷയം പ്രണയം തന്നെ. സ്പാനിഷ് പോപ് സ്റ്റാര്‍ എന്‍റിക് ഇഗ്ലേഷ്യസുമായി ചേര്‍ത്താണ് താരത്തിന്‍റെ പേര് കേള്‍ക്കുന്നത്.
ബോളിവുഡ്താരം ഇമ്രാന്‍ ഹഷ്മിയെ പോലെ സുന്ദരനായ ഇഗ്ലേഷ്യസിനൊപ്പം അടുത്തിടെ യുകെയില്‍ സുന്ദരി വന്നിറങ്ങി. ആക്സ്മികമായി ഇവര്‍ സഞ്ചരിച്ചിരുന്ന വിമാനം യു കെയില്‍ ഇറക്കേണ്ടി വരികയായിരുന്നു. അറ്റ്‌ലാന്‍റിക്കിനു മുകളിലൂടെ പറന്ന വിമാനത്തിന് കേട്പാട് പിണയുക ആയിരുന്നു.
പൈലറ്റ് പെട്ടെന്ന് തന്നെ വിമാനം ലൂട്ടിന്‍ എയര്‍പോര്‍ട്ടില്‍ ഇറക്കി. വിമാനം ചെറുതായി തകര്‍ന്നെങ്കിലും ആര്‍ക്കും തന്നെ പരിക്കേറ്റില്ല. തന്‍റെ പുതിയ ആല്‍ബവുമായി യൂറോപ്യന്‍ പര്യടനത്തിനായി ഇറങ്ങുന്ന എന്‍റിക് കുര്‍ണിക്കോവയെ വിവാഹം കഴിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത നിഷേധിച്ചു.
നീണ്ട നാളായി സുന്ദരിയുമായി പ്രണയത്തിലായിരിക്കുന്ന താന്‍ അവരെ വിവാഹം കഴിക്കുന്നതിന് എതിരല്ല. എന്നാല്‍ കുര്‍ണിക്കോവയുമായി ബന്ധപ്പെടുത്തി ഇല്ലാത്ത വാര്‍ത്തകള്‍ പടയ്ക്കരുതെന്ന് താരം വ്യക്തമാക്കുന്നു.