ക്രിക്കറ്റില് സഹോദരങ്ങള്‍ ഒരു ടീമിനു വേണ്ടിയും പല ടീമിനു വേണ്ടിയും പൊരുതിയിരിക്കുന്നത് പല തവണ കണ്ടതാണ്. എന്നാല്‍ ഒരു കുടുംബത്തില്‍ മൂന്ന് സഹോദരങ്ങളും പരിശീലകരാകുക എന്ന അത്ഭുതമാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം ഗാരി കിര്‍സ്റ്റന്‍റെ കുടുംബത്തില്‍ സംഭവിച്ചിരിക്കുന്നത്.
ഗാരി കിര്‍സ്റ്റന്‍, പീറ്റര്‍ കിര്‍സ്റ്റന്‍, ആന്‍ഡി കിര്‍സ്റ്റന്‍ എന്നിവരാണ് പരിശീലകരായിരിക്കുന്ന കിര്‍സ്റ്റന്‍മാര്‍. മൂന്ന് പേരും മൂന്ന് വ്യത്യസ്ത ഭൂഖണ്ഡത്തിലെ ടീമുകള്‍ക്കൊപ്പമാണ്. ഗാരി കിര്‍സ്റ്റന്‍ ഏഷ്യയിലാണെങ്കില്‍ പീറ്റര്‍ കിര്‍സ്റ്റന്‍ ഉള്ളത് യൂറോപ്പിലാണ്. ആഫ്രിക്കയാണ് ആന്‍ഡി കിര്‍സ്റ്റന്‍റെ തട്ടകം.
അടുത്ത ആഴ്ച ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നടക്കാനിരിക്കുന്ന ക്രിക്കറ്റ് പരമ്പരയുടെ ആവേശത്തിലാണ് ഇരു രാജ്യത്തെയും ആരാധകരെങ്കില്‍ 2011 ല്‍ നടക്കാനിരിക്കുന്ന ലോകകപ്പിലേക്കാണ് കിര്‍സ്റ്റന്‍ കുടുംബം നോക്കുന്നത്. കിര്‍സ്റ്റന്‍ കുടുംബത്തിലെ സഹോദരങ്ങള്‍ ലോകകപ്പ് ലക്‍ഷ്യമിട്ടാണ് പരിശീലകരായിരിക്കുന്നത്.
പരിശീലക കിര്‍സ്റ്റന്‍മാരില്‍ പ്രമുഖന്‍ ഇന്ത്യന്‍ പരിശീലകന്‍ ഗാരി തന്നെ. വമ്പന്‍ ടീമായ ഇന്ത്യയില്‍ ഗാരി കിര്‍സ്റ്റനു കാര്യമായ പണിയില്ലെങ്കിലും മറ്റ് രണ്ട് കിര്‍സ്റ്റന്മാര്‍ക്കും പിടിപ്പത് ജോലിയുണ്ട്. ഏഷ്യയില്‍ നടക്കുന്ന 2011 ലോകകപ്പില്‍ ജെഴ്‌സിയെയും കെനിയയെയും എത്തിക്കുക എന്നതാണ് ഇവരുടെ ചുമതല.
ഇംഗ്ലണ്ടിനും ഫ്രാന്‍സിനും ഇടയില്‍ 90,000 ജനങ്ങള്‍ നിവസിക്കുന്ന ദ്വീപ് ജേഴ്സിയാണ് പീറ്ററില്‍ നിന്നും യോഗ്യത പ്രതീക്ഷിക്കുന്നത്. അഫ്ഗാനിസ്ഥാന്‍, ഫിജി, ഹോങ്കോംഗ്, ഇറ്റലി ആതിഥേയരായ താന്‍സാനിയ എന്നിവരാണ് യോഗ്യതാ മത്സരത്തില്‍ ജേഴ്സിയുടെ എതിരാളികള്‍. തിരിച്ചുവന്ന ശേഷം ദക്ഷിണാഫ്രിക്കയുടെ 12 ടെസ്റ്റുകളും 40 ഏകദിനങ്ങളും കളിച്ച പരിചയം പീറ്റര്‍ കിര്‍സ്റ്റനുണ്ട്‍.
ആന്‍ഡിക്ക് ചുമതല കെനിയയിലാണ്. അതും ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ തന്നെ. പരിശീലകന്‍ ആകുന്നതിനു മുമ്പ് ലോകകപ്പിലെ ചില മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ചിട്ടുള്ള പരിചയ സമ്പത്ത് ആന്‍ഡിക്കും ഉണ്ട്. എന്നാല്‍ അല്പസ്വല്പം കാര്യങ്ങള്‍ കെനിയയെ പഠിപ്പിക്കണം അത്രമാത്രം.
കിര്‍സ്റ്റന്‍മാരുടെ ടീമുകള്‍ ഏറ്റുമുട്ടിയിരുന്നെങ്കില്‍ എന്ന നിങ്ങളുടെ കൌതുകവും ചിലപ്പോള്‍ സഫലമാകാന്‍ ഇടയുണ്ട്. പീറ്ററിന്‍റെ ടീം ജേഴ്‌സി ഡിവിഷന്‍ ഫോറില്‍ നിന്നും ജയിച്ചുവരുന്ന പക്ഷം ഡിവിഷന്‍ 3 യില്‍ കാത്തിരിക്കുന്ന എതിരാളികള്‍ ആന്‍ഡിയുടെ കെനിയന്‍ ടീമാണ്.