ഇന്ത്യയില്‍ ആയാലും ഓസ്ട്രേലിയയില്‍ ആയാലും ഈ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ക്രിക്കറ്റ് പരമ്പര എപ്പോഴും കൌതുകങ്ങള്‍ക്ക് വേദിയാണ്. ഇത്തവണ പരമ്പരയ്ക്കൊപ്പം എത്തുന്ന അങ്ങനെ ഒന്ന് ജന്‍മദിനങ്ങളുടേതാണ്.
ഒക്ടോബര്‍ നവംബറില്‍ നടന്ന ഇന്ത്യാ ഓസീസ് പരമ്പരയില്‍ ഇരു ടീമുകളിലുമായി ജന്‍മദിനം ആഘോഷിച്ചത് പത്തിലധികം താരങ്ങളായിരുന്നു. ഇവരില്‍ ഭൂരിഭാഗവും 30 കഴിയുകയും ചെയ്തു. പരമ്പരയ്ക്കിടയില്‍ ജന്‍മദിനം ആഘോഷിച്ചവരില്‍ 30 തികയാത്തവര്‍ ഗൌതം ഗംഭീറും മിച്ചല്‍ ജോണ്‍സണുമേയുള്ളൂ.
ഒക്ടോബര്‍ 4 ന് ഗൌതം ഗംഭീര്‍ തുടങ്ങി വച്ച ബര്‍ത്ത് ഡേ ആഘോഷം നവംബര്‍ 8 ന് ജന്‍മദിനം ആഘോഷിക്കുന്ന ബ്രാഡ് ഹാഡിന്‍ വരെ നീളും. പരമ്പരയില്‍ ആദ്യം ജന്‍മദിനം ആഘോഷിച്ചത് ഇന്ത്യന്‍ ഓപ്പണര്‍ ഗൌതം ഗംഭീറായിരുന്നു. ഗംഭീറിന് 27 വയസ്സാണ് തികഞ്ഞത്.
ഒക്ടോബര്‍ 7 ന് ഇന്ത്യന്‍ പേസ് ബൌളര്‍ സാഹിര്‍ ഖാന് 30 വയസ്സ് തികഞ്ഞു. അതിനു ശേഷം ജന്‍മദിനം ആഘോഷിച്ചത് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച അനില്‍ കുംബ്ലേയാണ്. കുംബ്ലേ 38 തികച്ചത് ഒക്ടോബര്‍ 17 നായിരുന്നു. വീരേന്ദ്ര സെവാഗ് ഒക്ടോബര്‍ 21 ല്‍ എത്തിയപ്പോള്‍ സാഹിര്‍ഖാനെ പോലെ 30 തികച്ചു.
ബ്രാഡ് ഹാഡിന് 31 തികഞ്ഞത് ഒക്ടോബര്‍ 23 നായിരുന്നു. ഡല്‍ഹി ടെസ്റ്റ് നടന്ന ഒക്ടോബര്‍ 29 ന് ആദ്യ ദിനം മാത്യൂ ഹെയ്ഡന്‍ തികച്ചത് 37 വയസ്സായിരുന്നു. ഓസ്ട്രേലിയയ്ക്കെതിരെ വെരി വെരി സ്പെഷ്യല്‍ ഇന്നിംഗ്സുകള്‍ കണ്ടെത്തുന്ന വി വി എസ് ലക്‍ഷ്മണ്‍ നവംബര്‍ ഒന്നിന് 34 കാരനായി.
ഓസ്ട്രേലിയന്‍ ബൌളര്‍ മിച്ചല്‍ ജോണ്‍സണും പരമ്പര ജന്‍മദിനത്തിന്‍റേതായിരുന്നു. നവംബര്‍ 2 ന് ജോണ്‍സന്‍റെ ബര്‍ത്ത് ഡേ ആഘോഷിച്ച ജോണ്‍സണ്‍ 30 ക്ലബ്ബിലായില്ല എന്നു മാത്രം. 27 തികഞ്ഞതേയുള്ളൂ. ഓസ്ട്രേലിയന്‍ പേസര്‍ ബ്രെറ്റ് ലീ 32 വയസ്സ് തികച്ചത് നവംബര്‍ 8 നായിരുന്നു.
ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി പരമ്പര തുടങ്ങുന്നതിനു തൊട്ട് മുമ്പ് ജന്‍മദിനം ആഘോഷിച്ച താരവും ഉണ്ട്. ഓസ്ട്രേലിയന്‍ പേസ് ബൌളര്‍ സ്റ്റുവര്‍ട്ട് ക്ലാര്‍ക്ക്. രാജസ്ഥാനെതിരെ സെപ്തംബര്‍ 28 ന് പരിശീലന മത്സരം കളിക്കാന്‍ ഇറങ്ങുമ്പോള്‍ ക്ലാര്‍ക്കിന് 33 വയസ്സ് പൂര്‍ത്തിയായി.
സച്ചിന്‍റെ ലോക റെക്കോഡ്, നാല്‍പ്പതാം സെഞ്ച്വറി. സൌരവ് ഗാംഗുലി, അനില്‍ കുംബ്ലേ എന്നിവരുടെ വിരമിക്കല്‍, ധോനിയുടെ സ്ഥിരം നായകനാകല്‍, ഹര്‍ഭജന്‍റെ 300 വിക്കറ്റ്, ലക്ഷ്‌മണിന്‍റെ 100 മത്സരം, അമ്പയര്‍ ബില്ലി ബൌഡന്‍റെ അമ്പതാം മത്സരം. പരമ്പരയിലെ കൌതുകങ്ങള്‍ അവസാനിക്കുന്നേയില്ല..