ലോകം മുഴുവനുള്ള ഫുട്ബോള്‍ ആരാധകരുടെ കണ്ണിലുണ്ണി ആണെങ്കിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോ അത്ര നല്ലവനാണെന്ന് ബ്രസീലിന് അഭിപ്രായമില്ല. താരത്തെ വെറുമൊരു വായാടി എന്നു വിളിക്കാനാണ് ബ്രസീലിയന്‍ താരങ്ങള്‍ക്ക് ഇഷ്ടം.
ക്രിസ്ത്യാനോ ഒരു അപവാദ പ്രചാരകനും വായാടിയും ആണെന്ന് പറയുന്നത് ബ്രസീലിയന്‍ താരങ്ങളായ തിയാഗോ സില്‍വയും റയല്‍ താരം മാഴ്‌സെലോയുമാണ്. ബ്രസീലിയയില്‍ നടന്ന പോര്‍ച്ചുഗല്‍ ബ്രസീല്‍ സൌഹൃദ ഫുട്ബോള്‍ മത്സരത്തിനു ശേഷമാണ് ഇരുവരുടെയും അഭിപ്രായം മാറിമറിഞ്ഞത്.
കളിയില്‍ ബ്രസീല്‍ പോര്‍ച്ചുഗലിനെ തകര്‍ത്തത് 6-2 നായിരുന്നു. മത്സരത്തില്‍ ക്രിസ്ത്യാനോ തന്‍റെ കാല്‍ ചവുട്ടി ഒടിക്കാന്‍ നോക്കി എന്നാണ് തിയാഗോ ആരോപിക്കുന്നത്. കളിക്കിടയില്‍ ക്രിസ്ത്യാനോ തനിക്ക് മേല്‍ കൈമുട്ട് പ്രയോഗം നടത്തിയെന്ന് മാഴ്‌സലോയും പറയുന്നു.
മത്സരത്തില്‍ നിയന്ത്രണം നഷ്ടമായതു പോലെയാണ് ക്രിസ്ത്യാനോ പെരുമാറിയതെന്നും താരങ്ങള്‍ പറയുന്നു. ഇടയ്ക്ക് തന്നോട് മുട്ടരുതെന്ന് ക്രിസ്ത്യാനോ പറഞ്ഞതിനാല്‍ താന്‍ വഴിയില്‍ നിന്നും മാറിയാണ് സഞ്ചരിച്ചതെന്നും തിയാഗോ പറയുന്നു.
എന്നാല്‍ മത്സര ശേഷം തെറ്റ് മനസ്സിലായ താരം മാപ്പ് പറഞ്ഞെങ്കിലും താനത് ഉള്‍ക്കൊണ്ടിട്ടില്ല എന്നും തിയാഗോ വ്യക്തമാക്കുന്നു. ഫോം മങ്ങിയായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം മത്സരത്തില്‍ ഉടനീളം കളിച്ചത്.