മൊഹാലി ടെസ്റ്റിലെ പരാജയഭാരം മറക്കാന്‍ സംഗീത പഠനത്തിലേക്ക് തിരിഞ്ഞിരിക്കുക ആണ് ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ ജോണ്‍സണ്‍. സംഗീത പാഠങ്ങള്‍ അഭ്യസിക്കുന്നതാകട്ടെ മറ്റൊരു പേസര്‍ ബ്രെറ്റ്ലീയില്‍ നിന്നും. ഗിറ്റാറിലെ ചില ടിപ്സുകളാണ് ലീയില്‍ നിന്നും ജോണ്‍സണ്‍ സ്വീകരിക്കുന്നത്.
കഴിഞ്ഞ രണ്ട് ദിവസമായി ഗിറ്റാറിലെ സംഗീതം ചിട്ടയോടെ കൈകാര്യം ചെയ്യാന്‍ പഠിക്കുകയാണ് ജോണ്‍സണെന്ന് ചില പത്രങ്ങളും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അരങ്ങേറ്റക്കാരനായ സ്പിന്നര്‍ ജേസണ്‍ ക്രേജസയാണ് പഠിക്കാനുള്ള ഗിറ്റാര്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്.
ഇന്ത്യയിലേക്ക് പോന്ന കൂട്ടത്തില്‍ ക്രേജസ ഗിറ്റാര്‍ കൂടി കൊണ്ടുവന്നിരുന്നു. ആശാന്‍ ബ്രെറ്റ് ലീയ്ക്ക് ഗിറ്റാറിലെ കഴിവിനെ കുറിച്ച് ജോണ്‍സണ് തികഞ്ഞ മതിപ്പാണ്.
സംഗീത പഠനം കൊഴുക്കുമ്പോഴും അടുത്ത മത്സരത്തെ കുറിച്ചും ഇവര്‍ ഗൌരവമായി ചിന്തിക്കുന്നുണ്ട്. കഴിഞ്ഞ മത്സരത്തില്‍ ഓസ്ട്രേലിയയ്ക്കായി ഏറ്റവും മികച്ച പ്രകടനം നടത്തിയ താരമാണ് മിച്ചല്‍ ജോണ്‍സണ്‍. രണ്ട് മത്സരങ്ങളില്‍ നിന്നായി എട്ട് വിക്കറ്റുകളാണ് മിച്ചല്‍ എറിഞ്ഞിട്ടത്.