ഇന്ത്യന് ക്രിക്കറ്റ് താരങ്ങളുടെ വ്യക്തിവിവരങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ മാധ്യമങ്ങള്‍ നടത്തുന്ന മത്സരം ഇന്ത്യയില്‍ പ്രസിദ്ധമാണ്. എന്നാല്‍ മാധ്യമങ്ങളെ ഇത്തവണ ഓള്‍ റൌണ്ടര് യൂസുഫ് പത്താന്‍റെ ജന്‍മദിനം കുഴച്ചു കളഞ്ഞു.
ഓള്‍ റൌണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍റെ മൂത്ത സഹോദരനും ട്വന്‍റി20 ലോകകപ്പിലെ ഇന്ത്യന്‍ ഹീറോകളില്‍ ഒരാളുമായ യൂസുഫിന്‍റെ ജന്‍മദിനം ശരിയായി കണ്ടെത്താന്‍ മാധ്യമങ്ങള്‍ക്കായില്ല എന്നത് തന്നെ കാര്യം. യൂസുഫ് പത്താന്‍റെ ജന്‍മദിനം നവംബര്‍ 17 ആണോ 18 ആണോ എന്നതാണ് കണ്‍ഫ്യൂഷന്‍.
പത്താനും പിതാവിനും ജന്‍മദിനം സംബന്ധിച്ച വ്യത്യസ്തമായ അഭിപ്രായമാണ് രസകരമായ സമസ്യയിലേക്ക് മാധ്യമങ്ങളെ നയിച്ചത്. പിതാവിനെ കണ്ട് ജന്‍മദിനം ആരാഞ്ഞ മാധ്യമങ്ങള്‍ നവംബര്‍ 18 ആണെന്ന് കരുതി അക്കാര്യം ആഘോഷിച്ചു കളഞ്ഞു. പത്താന്‍റെ പിതാവ് മധുര പലഹാര വിതരണവും നടത്തി.
എന്നാല്‍ ഇതേ ചോദ്യം യൂസുഫിനോട് ഇന്‍ഡോറില്‍ വച്ച് ചോദിച്ചപ്പോള്‍ അക്കാര്യം താരം നിഷേധിച്ചു. പത്താന്‍റെ ജന്‍മദിന രേഖ വിക്കിപീഡിയയില്‍ പരിശോധിച്ചപ്പോള്‍ കാണുന്നത് 1986 നവംബര്‍ 17 എന്നാണ്.
ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ യൂസുഫ് പത്താന്‍ അര്‍ദ്ധ ശതകം നേടിയതോടെയാണ് മാധ്യമങ്ങള്‍ പത്താന്‍റേ ജന്‍മദിനം അന്വേഷിച്ചു പരക്കം പാഞ്ഞ് തുടങ്ങിയത്. വലം കയ്യന്‍ ബാറ്റ്സ്മാനും വലം കയ്യന്‍ ഓഫ് സ്പിന്നറുമായ താരം ട്വന്‍റി ലോകകപ്പിലാണ് ഉയര്‍ന്ന് വന്നത്.