സ്വീഡിഷ് റഫറി മാര്‍ട്ടിന്‍ ഹാന്‍സണ്‍ ഭീതിയിലാണ്. ഇംഗ്ലീഷ്ക്ലബ്ബ് ലിവര്‍പൂളും സ്പാനിഷ്ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡും തമ്മില്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ മത്സരത്തില്‍ സമനിലയില്‍ പിരിഞ്ഞത് ഹാന്‍സണെ ബാധിച്ചിരിക്കുന്നു.
കളി നിയന്ത്രിച്ചതിനു ശേഷം തനിക്കെതിരെ ആള്‍ക്കാര്‍ തുടര്‍ച്ചയായി വധ ഭീഷണി മുഴക്കുന്നതായി ഹാന്‍സണ്‍ പറയുന്നു. മത്സരത്തില്‍ അവസാന നിമിഷം ലിവര്‍പൂളിനു പെനാല്‍റ്റി അനുവദിച്ചതാണ് അഞ്ജാത ആരാധകരെ ചൊടിപ്പിച്ചത്.
മൊബൈല്‍ ടെലിഫോണ്‍ ഓപ്പറേറ്ററെ വിളിച്ച് ഭീഷണി മുഴക്കിയ നമ്പര്‍ തിരയാന്‍ ഹാന്‍സണ്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. താന്‍റെ ഫോണിലേക്ക് വരുന്ന കോളുകളും ടെക്സ്റ്റ് മെസേജുകളും എല്ലാം ഭീതിപ്പെടുത്തുന്നതാണെന്ന് ഹാന്‍സണ്‍ പറയുന്നു.
എന്നാല്‍ ഭീഷണിയുടെ സ്വഭാവത്തെ കുറിച്ച് ഹാന്‍സണ്‍ വ്യക്തമാക്കിയില്ല. എന്നാല്‍ തന്‍റേ ജീവന്‍ അപകടത്തില്‍ ആണെന്ന് പൊലീസിനെ വിവരം അറിയിച്ചതായി ഹാന്‍സണ്‍ പറയുന്നു. റഫറിമാരെ ഭീഷണിപ്പെടുത്തുന്നത് ഇതാദ്യമല്ല.
നേരത്തെ സ്വീഡന്‍റെ ആന്ദ്രിയാസ് ഫ്രിസ്ക്കിനെതിരെയും ഇതുപോലെ ഭീഷണി വന്നു. ബാഴ്സിലോണയും ചെല്‍സിയും തമ്മിലുള്ള മത്സരം കഴിഞ്ഞതിനു പിന്നാലെ വന്ന ഈ ഭീഷണീയെ തുടര്‍ന്ന് ഫ്രിസ്ക് റഫറീയിംഗില്‍ നിന്നും പുറത്ത് വന്നു.
കളി നിര്‍ത്തുന്നതിനു നാല് മിനിറ്റുള്ളപ്പോഴായിരുന്നു ലിവര്‍പൂളിനു പെനാല്‍റ്റി ലഭിച്ചത്. സ്റ്റീവന്‍ ജെറാഡ് ഇത് ഗോളാക്കി മത്സരം സമനിലയില്‍ എത്തിച്ചു. മരിയാനോ പെര്‍നിയ ജെറാഡിനെ ഫൌള്‍ ചെയ്തതിനായിരുന്നു ഈ പെനാല്‍റ്റി.