ഫുട്ബോള് ഇതിഹാസം ഡീഗോ മറഡോണയെ ഒരു ഇംഗ്ലീഷുകാരന്‍ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി അര്‍ജന്‍റീനയിലെ മാധ്യമങ്ങള്‍. സ്കോട്‌ന്‍ഡിനെതിരെ മറഡോണയുടെ അരങ്ങേറ്റ മത്സരത്തില്‍ തല വെട്ടാനായിരുന്നു പദ്ധതി.
എന്നാല്‍ ഇയാളെ അറസ്റ്റ് ചെയ്ത പൊലീസ് പദ്ധതി പൊളിച്ചു കളഞ്ഞു. 1986 ലോകകപ്പില്‍ പ്രസിദ്ധമായ മറഡോണയുടെ ‘ദൈവത്തിന്‍റെ കൈ’ ഗോളിനു പകരം വീട്ടുകയായിരുന്നു അക്രമിയുടെ ലക്‍ഷ്യം. ഇയാന്‍ വെല്‍വര്‍ത്ത് എന്ന 43 കാരനെ സ്റ്റേഡിയത്തിനു വെളിയിലെ ജാഥയ്ക്കിടയില്‍ പൊലീസ് പിടികൂടുകയായിരുന്നു.
ഫുട്ബോള്‍ ഭ്രാന്തനായ വെല്‍വര്‍ത്ത് മെക്‍സിക്കോ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനായി വാതുവയ്പ്പ് നടത്തിയിരുന്നു. വെറും 500 പൌണ്ട് മാത്രം വാതു വെക്കേണ്ടിയിരുന്നിടത്ത് കടം കൂടി വാങ്ങി 125,000 പൌണ്ടാണ് വാതു വച്ചത്.
കടം മേടിച്ചു വരെ നടത്തിയ വാതുവെപ്പ് മറഡോണയുടെ ഇടപെടലില്‍ വമ്പന്‍ നഷ്ടം വരുത്തി. ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ട വെല്‍വെര്‍ത്തിനെ ഭാര്യയും ഉപേക്ഷിച്ചു പോയി. നഷ്ടം മറഡോണയുടെ തലയെടുത്താല്‍ തീരുമെന്ന് പറഞ്ഞ വെല്‍വര്‍ത്ത് താരത്തെ ചീത്ത പറയാനും വഞ്ചകനെന്ന് വിളിക്കാനും മടികാട്ടിയില്ല.
ഇയാളെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ നിലവില്‍ തൊഴില്‍ ഒന്നുമില്ലെന്നും മാനസീക പ്രശ്നങ്ങളുമായി നടക്കുക ആണെന്നും അറിയാന്‍ കഴിഞ്ഞു. വെല്‍വെര്‍ത്തിനെ കസ്റ്റഡിയില്‍ പാര്‍പ്പിച്ചതിന് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ഇക്കാര്യം ലോകം അറിഞ്ഞത്. അഞ്ച് വര്‍ഷം തടവ് ലഭിക്കാന്‍ സാധ്യതയുണ്ട്.