തണ്ടും തടിയ്ക്കും ഒപ്പം ഉയരമാണ് ബോക്സര്‍മാരുടെ പ്രത്യേകത. എതിരാളിക്കു മേല്‍ മികച്ച പഞ്ചുകള്‍ തീര്‍ക്കാന്‍ ഉയരക്കൂടുതല്‍ സഹായകവുമാകും എന്നാണ് റിംഗിലെ വിലയിരുത്തല്‍.
ഹോളിഫീല്‍ഡ്, ജോ ഫ്രേസര്‍, ലിനോക്സ് ലൂയിസ് എന്നിവരെയൊക്കെ താരതമ്യപ്പെടുത്തി നോക്കിയാല്‍ ബോക്സിംഗ് ഇതിഹാസങ്ങള്‍ മുഹമ്മദ് അലിയും മൈക്ക് ടൈസണും പക്ഷേ ഈ തത്വങ്ങള്‍ കാറ്റില്‍ പറത്തുന്നു.
ഈ കഥയിലേക്കാണ് ലോക ജൂണിയര്‍ ബോക്സിംഗില്‍ ചരിത്രം തീര്‍ത്ത നാല് അടി 11 ഇഞ്ച് ഉയരക്കാരന് തോക്ചോം നനാവോ സിംഗ് എത്തുന്നത്. ഗ്വാദറജാലയില് 48 കിലോ വിഭാഗം ഫ്ലൈ വെയ്റ്റ് ബോക്സിംഗ് സ്വര്‍ണ്ണത്തിലേക്കാണ് നനാവോ ഉയര്‍ന്നത്.
ഇന്ത്യയില്‍ ക്രിക്കറ്റ് ഇതര കായിക വിനോദങ്ങള്‍ ശ്രദ്ധേയമാകുന്ന ഇക്കാലത്ത് തോക്ചോമിന്റെ ജയം വിജേന്ദര്‍ കുമാറിനെയോ സുശീല്‍ കുമാറിനെയോ ഒക്കെ നേട്ടത്തിനു സമാനമോ അതിനു തൊട്ടുതാഴെയോ ഒക്കെയാകുന്നു.
മത്സരിക്കാന്‍ പോയ ഏഴ് ഇന്ത്യാക്കാരില്‍ മെഡല്‍ നേടിയ ഏകയാള്‍ തോക് ചോമായിരുന്നു. 58 രാജ്യങ്ങളില്‍ നിന്നും 11 വിഭാഗങ്ങളിലായി മത്സരിച്ച 287 കായിക താരങ്ങളില്‍ ശ്രദ്ധേയനായ ഇന്ത്യാക്കാരന്. അതിനും അപ്പുറത്ത് ജൂണിയര്‍ ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഭാരതീയന്.
മണിപ്പൂരിലെ ബിഷ്ണുപ്പൂര്‍ ജില്ലയിലെ 2500 ല്‍ താഴെ ആള്‍ക്കാരുള്ള ഖോയി ജുമാന് ഖുനോ ഗ്രാമത്തില്‍ നിന്നാണ് തോക്ചോം വരുന്നത്. തോതോബി സിംഗ്-കെ നഹന്ബി ദമ്പതികളുടെ നാലാമത്തെ പുത്രനായ തോക് ചോം ഒരുനാള്‍ പെട്ടെന്ന് ഉയര്‍ന്നു വന്ന താരമൊന്നുമല്ല.
നാഷണല്‍ കേഡറ്റ് സബ് ജൂണിയര്‍, ജൂണിയര്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ പ്രതിഭ തിരിച്ചറിഞ്ഞ് ഹൈദരാബാദിലെ ആര്‍ട്ടിലറി സെന്ററിലെ ആര്മിബോയ്സ് സ്പോര്ട്സ്കമ്പനി 2003 ല്‍ റിക്രൂട്ട് ചെയ്തതാണ് തോക് ചോമിനെ.
തോക് ചോമിന്റെ ഗ്രാഫ് മുകളിലേക്ക് കുതിക്കാന്‍ തുടങ്ങിയത് കഴിഞ്ഞ വര്‍ഷം സ്കോട്ലന്ഡില് നടന്ന ജൂണിയര്‍ കോമണ്‍ വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയതു മുതലായിരുന്നു. കഴിഞ്ഞ മാസം പൂനെയില്‍ നടന്ന കോമണ്‍ വെല്‍ത്ത് യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ അത് സ്വര്‍ണ്ണമാക്കി മാറ്റാന്‍ നനാവോ സിംഗിനു കഴിഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച ബോക്സര്‍മാര്‍ വരുന്ന ക്യൂബന്‍ താരങ്ങളെയാണ് ഈ വര്‍ഷം ജൂണില്‍ നടന്ന ക്യൂബന്‍ അന്താരാഷ്ട്ര ബോക്സിംഗ് ഒളിമ്പിക്സില്‍ തോക് ചോം ഇടിച്ചിട്ടത്. 2007 ആഗസ്റ്റില്‍ ഇംഗ്ലണ്ടില്‍ നടന്ന അഞ്ചാം കോമണ്‍ വെല്‍ത്ത് ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം, ഈ വര്‍ഷം നാഗ് പൂരില്‍ നടന്ന നാല്‍പ്പത്തൊന്നാമത് ദേശീയ ജൂണിയര്‍ യൂത്ത് ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയവയും നേട്ടങ്ങളാണ്.
ഉയരം ചെറിയ പ്രശ്നം സൃഷ്ടിക്കാറുണ്ടെങ്കിലും നനാവോയുടെ ഏറ്റവും മികവ് സ്ട്രെയ്റ്റ് പഞ്ചുകളിലാണ്. ഒരു സമയം 5-6 പഞ്ചുകള്‍ പ്രയോഗിക്കാന്‍ തോക്ചോമിനു കഴിയുന്നു. അത്പോലെ മികച്ച പ്രതിരോധവും.
എതിരാളിയുടെ തൊട്ടടുത്ത് നിന്ന് അലിവില്ലാത്ത ആക്രമണത്തിലൂടെയാണ് ഉയരക്കുറവിന്റെ പ്രശ്നം നനാവോ പരിഹരിക്കുന്നത്. നനാവോയില് നിന്നും ഇനിയും നേട്ടങ്ങള്‍ പ്രതീക്ഷിക്കുകയാണ് ഇന്ത്യ.
Follow Webdunia malayalam