ഒറീസ്സയില്‍ നിന്നുള്ള മുന്‍ കേന്ദ്രമന്ത്രി ദിലീപ് റായിയുടെ മകനും ബിസിനസ്സുകാരനുമായ സന്ദീപ് റായിയുമായി ഒടക്കിയതിന്‍റെ പേരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവ്രാജ് സിംഗ് വിവാദത്തില്‍. ചൊവ്വാഴ്ച വൈകുന്നേരം ഒരു ഹോട്ടലില്‍ വച്ചായിരുന്നു യുവിയും ഹോട്ടല്‍ ഉടമയായ സന്ദീപും തമ്മില്‍ തര്‍ക്കിച്ചത്.
ചൊവ്വാഴ്ച രാത്രിയില്‍ യുവരാജും മറ്റ് ടീം അംഗങ്ങളും ഹോട്ടലിന്‍റെ സ്വിമ്മിംഗ്പൂളില്‍ ചിലവഴിക്കുമ്പോള്‍ ആയിരുന്നു സംഭവം. സമീപത്ത് ഭാര്യയുമായി സന്ദീപ് ഇരിക്കുക ആയിരുന്നു. ഈ സമയത്ത് കേള്‍ക്കാന്‍ കൊള്ളാത്ത തരത്തിലുള്ള പരാമര്‍ശങ്ങള്‍ 26 കാരനായ ഇന്ത്യന്‍ താരം നടത്തിയെന്നാണ് ആരോപണം.
യുവിയുടെ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ ക്രിക്കറ്റ് താരത്തിനരികിലേക്ക് എത്തിയ സന്ദീപുമായി ഒന്നും രണ്ടും പറഞ്ഞ് ഉടക്കുക ആയിരുന്നു. ഹിന്ദിയിലും ഇംഗ്ലീഷിലും രണ്ടുപേരും കുറെ ചീത്ത വിളിച്ചു. പതിനഞ്ച് മിനിറ്റുകള്‍ക്ക് ശേഷം സീനിയര്‍ സ്റ്റാഫുകളുടെ ഇടപെടലിനു ശേഷമാണ് ഇരുവരും തണുത്തത്.
ചലഞ്ചര്‍ സീരീസ് മത്സരങ്ങള്‍ക്കായി കട്ടക്കില്‍ എത്തിയതായിരുന്നു താരം. ഇന്ത്യാ ബ്ലൂസിന്‍റെ നായകനാണ് യുവി. നേരത്തെ 2006 ഡിസംബറില്‍ സ്വന്തം വീട്ടില്‍ നടന്ന ജന്‍മദിനാഘോഷങ്ങളില്‍ ഒരാളെ കയ്യേറ്റം ചെയ്തതിന്‍റെ പേരില്‍ യുവി വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.
എന്നാല്‍ പ്രശ്നങ്ങളെ തുടര്‍ന്ന് ഏറ്റവും വിഷമിക്കുന്നത് ഹോട്ടലുകാരാണ്. നവംബര്‍ 26 ന് ഇവിടെ ഇന്ത്യാ ഇംഗ്ലണ്ട് ഏകദിന മത്സരം നടക്കുന്നുണ്ട്. അതു കൊണ്ട് തന്നെ ഇത് കൂടുതല്‍ പ്രശ്നമാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. ഇക്കാര്യത്തില്‍ ഹോട്ടലുകാര്‍ ഇത് വരെ പരാതി നല്‍കിയിട്ടില്ല.