ഇന്ത്യന്‍ ക്രിക്കറ്റിലെ കുരുത്തക്കേടുകളുടെ അശാന്‍ ഹര്‍ഭജന്‍സിംഗ് വീണ്ടും പുലിവാല്‍ പിടിച്ചു. എന്തു ചെയ്താലും വിവാദമുണ്ടാകുന്ന ഹര്‍ഭജന്‍സിംഗ് ഒരു റിയാലിറ്റി ഷോയില്‍ നൃത്തം ചെയ്തതാണ് പുതിയ വിവാദം. സിഖ് മതാധികാരമുള്ള അകാല്‍ തക്ത് താരത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.
ടെലിവിഷനിലെയും ക്രിക്കറ്റിലെയും താരങ്ങള്‍ നായികാനായകന്‍മാരായി വരുന്ന റിയാലിറ്റി ഷോയില്‍ മോണാ സിംഗിനൊപ്പം കളിച്ച നൃത്തത്തിലാണ് താരത്തിന്‍റെ ചുവടു തെറ്റിയത്. എന്തായാലും താരം മതാക്ഷേപത്തിന്‍റെ പേരില്‍ താരം പൊതുമാപ്പ് പറയണം എന്ന ഘട്ടത്തില്‍ വരെ കാര്യങ്ങള്‍ എത്തി
രാവണനെ പോലെ വേഷം ധരിച്ച് നെറ്റിയില്‍ സുന്ദരന്‍ പൊട്ടൊക്കെ വച്ചായിരുന്നു ഹര്‍ഭജന്‍റെ ഡാന്‍സ്. പല ടെലിവിഷന്‍ ചാനലുകളിലൂടെ സംഭവം എല്ലാവരും കാണുക കൂടി ചെയ്തപ്പോള്‍ സംഗതി ഗംഭീരമായി. താരത്തെ മാപ്പ് പറയിക്കാതെ വിടില്ല എന്ന ലൈനിലാണ് മതാനുയായികളുടെ പോക്ക്.
സിഖ് സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തി എന്ന് കരുതുന്നുണ്ടെങ്കിലും ഹര്‍ഭജനെതിരെ ആരും പരാതി ഇതുവരെ എഴുതി നല്‍കിയിട്ടില്ല. ‘ഏക് ഖിലാഡി ഏക് ഹസീന’ എന്ന ടെലിവിഷന്‍ പരിപാടിയിലായിരുന്നു ഹര്‍ഭജന്‍റെ നൃത്തം. തന്‍റെ വ്യക്തിത്വത്തിലെ മറ്റൊരു സവിശേഷത കൂടി ആരാധകര്‍ക്ക് സമ്മാനിക്കുക എന്നു ചിന്തിച്ചാണ് വിവാദ നായകന്‍ ഹര്‍ഭജന്‍ സിംഗ് നൃത്തം അവതരിപ്പിക്കാന്‍ എത്തിയത്.
നേരത്തെ ഒരു ഫാഷന്‍ ഷോയില്‍ മുടി അഴിച്ചിട്ടു പ്രത്യക്ഷപ്പെട്ടതിനും മതാദ്ധ്യക്ഷരുടെ രൂക്ഷ വിമര്‍ശനത്തിനു ഹര്‍ഭജന്‍ പാത്രമായിരുന്നു. ക്രിക്കറ്റ് കളത്തില്‍ ആവശ്യത്തിനു വേറെയും വിവാദം താരത്തിനുണ്ട്.